കോഴിക്കോട്: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അയല്‍ക്കാരായ തമിഴ്‌നാടിനെ തറപറ്റിച്ച് കേരള പുരുഷ ടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം അജയ്യരായി ഫൈനലിലെത്തിയത്‌. സ്‌കോര്‍: (25-22, 30-28, 25-22). നാളെ നടക്കുന്ന ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍. 

നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയിരുന്നു. റെയില്‍വേസിനെയാണ് വനിതാ ടീമും ഫൈനലില്‍ നേരിടുക. തുല്യശക്തികളുടെ പോരാട്ടമായ പുരുഷ സെമിയില്‍ യുവപ്രതിഭകള്‍ നിറഞ്ഞ തമിഴ്‌നാടിനെതിരെ ആദ്യ സെറ്റ് മുതല്‍ ശക്തമായ മത്സരത്തിനൊടുവിലാണ് മൂന്ന് സെറ്റിലും ചെറിയ ലീഡ് നേടി കേരള പുരുഷ താരങ്ങള്‍ ഫൈനലിലേക്ക് മുന്നേറിയത്. 

25-22 എന്ന സ്‌കോറില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയ കേരളത്തിന് രണ്ടാം സെറ്റില്‍  വലിയ വെല്ലുവിളി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സാധിച്ചു. എങ്കിലും ആക്രമണ പരമ്പര തീര്‍ത്ത് ലീഡ് പിടിച്ച കേരളം 30-28 എന്ന സ്‌കോറില്‍ രണ്ടാം സെറ്റും കൈപിടിയിലൊതുക്കി. മൂന്നാം സെറ്റിലും ഒപ്പത്തിനൊപ്പമുള്ള പ്രകടനം തമിഴ്‌നാട് പുറത്തെടുത്തെങ്കിലും 25-22 എന്ന സ്‌കോറില്‍ കേരളം എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് ഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.