കോഴിക്കോട്: ദേശീയ വോളിയില്‍ ചാമ്പ്യന്‍മാരായ കേരളത്തിന്റെ അപരാജിത കുതിപ്പ് തുടരുന്നു. മുന്‍ ജേതാക്കളായ പഞ്ചാബിനെ എതിരില്ലാത്ത മൂന്ന് സെറ്റില്‍ ആതിഥേയര്‍ തകര്‍ത്തു (25-20, 25-20, 27-25). നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചിരുന്ന കേരളം മൂന്നാം ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 

സ്വന്തം കരുത്തിനേക്കാള്‍ പഞ്ചാബിന്റെ ദൗര്‍ബല്യങ്ങളാണ് മത്സരത്തില്‍ കേരളത്തിന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. സ്റ്റാര്‍ അറ്റാക്കര്‍ ഗുരീന്ദര്‍ സിങ്ങ് നിറം മങ്ങിേേയതാടെ ആക്രമണം നയിക്കാന്‍ പഞ്ചാബിന് ആളില്ലാതായി. രണ്ടാം സെറ്റില്‍ പഞ്ചാബ് കോച്ച് ഗുര്‍ജോത് സിങ്ങിന് ഗുരീന്ദറിനെ പിന്‍വലിക്കേണ്ടി വന്നു. കേരളനിരയില്‍ പതിവുപോലെ ജെറോം വനീതാണ് ആക്രമണം നയിച്ചത്. 

ടീം സമ്മര്‍ദ്ദത്തിലാവുമ്പോഴേല്ലാം തകര്‍പ്പന്‍ സമാഷുകളുമായി ജെറോം രക്ഷകനായി. കഴിഞ്ഞ കളിയില്‍ ഏറെ പിഴവുകള്‍ വരുത്തിയ അജിത്ലാല്‍ ഫോമിന്റെ മിന്നലാട്ടം പ്രദര്‍ശിപ്പിച്ചത് കേരളത്തിന് ശുഭ സൂചനയായി. പഞ്ചാബ് ആക്രമണം ദുര്‍ബലമായതോടെ ആതിഥേയരുടെ ബ്ലോക്കര്‍മാരായ അഖിനും രോഹിതിനും കാര്യമായ ജോലിയുണ്ടായിരുന്നില്ല.

ആദ്യസെറ്റില്‍ തുടക്കത്തിലെ കുതിച്ച കേരളം 7-3  സ്‌കോറില്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ കേരളതാരങ്ങളുടെ അനാവശ്യ പിഴവുകള്‍ മുതലെടുത്ത പഞ്ചാബ് 14-14 ന് സമനില പിടിച്ചു. തുടര്‍ന്ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ കേരളത്തിന്റെ സ്‌കോര്‍ 20 കടന്നതോടെ പഞ്ചാബ് പോരാട്ടം ഉപേക്ഷിച്ചത് പോലെ തോന്നി. 25-20 ന് കേരളം സെറ്റെടുത്തു.

രണ്ടാം സെറ്റില്‍ ഒരു ഘട്ടത്തിലും കേരളം വെല്ലുവിളി നേരിട്ടില്ല.  7-7ന് ഒപ്പമെത്തിയശേഷം ലീഡിലേക്ക് കുതിച്ച കേരളം 25-20 ന് രണ്ടാം സെറ്റും സ്വന്തമാക്കി. രണ്ട് സെറ്റ് നേടിയതിന്റെ ആലസ്യത്തില്‍ ഉഴപ്പിയ കേരളത്തെ അല്‍പ്പം സമ്മര്‍ദ്ദത്തിലാക്കാന്‍ മൂന്നാം സെറ്റില്‍ പഞ്ചാബിനായി. 23-24 ല്‍ ജെറോം മാച്ച് പോയന്റ് നഷ്ടമാക്കിയെങ്കലും അജിത്ലാലിന്റെ തകര്‍പ്പന്‍ സമാഷില്‍ 27-25 ന് സെറ്റും മാച്ചും സ്വന്തമാക്കി.

ആദ്യ മത്സരങ്ങളില്‍ രാജസ്ഥാനേയും ആന്ധ്രപ്രദേശിനേയുമാണ് കേരളം തോല്‍പ്പിച്ചിരുന്നത്. ശനിയാഴ്ച പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കും. കേരളത്തിന്റെ ക്വാര്‍ട്ടര്‍ പോരാട്ടം ഞായറാഴ്ചയാണ്.