കോഴിക്കോട്: ഹരിയാണയുടെ സ്മാഷുകളെ അതിജീവിച്ച് കേരളത്തിന്റെ പുരുഷടീം ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍. നാലു സെറ്റു നീണ്ടു നിന്ന ആവേശപ്പോരിനൊടുവിലായിരുന്നു കേരളത്തിന്റെ വിജയം. 

ആദ്യ സെറ്റു മുതലേ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ പിന്നില്‍ നിന്ന് ജയിച്ചുകയറിയാണ് കേരളം അവസാന നാലിലെത്തിയത്. ഇരുടീമുകളും വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെ ആദ്യ സെറ്റ് 25 പോയിന്റും പിന്നിട്ട് മുന്നേറി. ഒടുവില്‍ ഹരിയാണ 32-30ന് ആദ്യ സെറ്റ് സ്വന്തമാക്കി.

എന്നാല്‍ പിന്നീട് കേരളം മത്സരത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ച്ചയാണ് കണ്ടത്. രണ്ടാം സെറ്റില്‍ ഹരിയണാക്ക് കൂടുതല്‍ അവസരം നല്‍കാതെ 25-21ന് കേരളം ഒപ്പം പിടിച്ചു. മൂന്നാം സെറ്റില്‍ ഫോമിലേക്കുയര്‍ന്ന കേരളം 25- 18ന് വിജയിച്ച് മത്സരത്തില്‍ 2-1ന്റെ ലീഡ് നേടി. 

നിര്‍ണായകമായ നാലാം സെറ്റില്‍ ഹരിയാണ തിരിച്ചുവരാന്‍ നോക്കിയെങ്കിലും കേരളം വിട്ടുകൊടുത്തില്ല. ഹരിയാണ ഒപ്പം പിടിക്കാന്‍ നോക്കിയെങ്കിലും 25-22ന് ആതിഥേയര്‍ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. 

നേരത്തെ വനിതാ ടീമും ഹരിയാണയെ തോല്‍പ്പിച്ച് സെമിയിലെത്തിയിരുന്നു. സെമിഫൈനലില്‍ കരുത്തരായ തമിഴ്‌നാടാണ് കേരള പുരുഷ ടീമിന്റെ എതിരാളികള്‍. ആന്ധ്രാപ്രദേശിനെ രണ്ടിനെതിരെ മൂന്നു സെറ്റിന് തോല്‍പ്പിച്ചാണ് തമിഴ്‌നാട് സെമിയിലെത്തിയത്. സ്‌കോര്‍: 29-27, 22-25, 25-20, 23-25, 19-17. 

മറ്റൊരു ക്വാര്‍ട്ടറില്‍ പഞ്ചാബിനെ തോല്‍പ്പിച്ച് സര്‍വീസസും അവസാന നാലിലെത്തി. സര്‍വീസസ് മൂന്നും പഞ്ചാബ് രണ്ടും സെറ്റ് നേടി. സ്‌കോര്‍: 25-22, 25-21, 23-25, 22-25, 15-13.

കളി കാണാം

Content Highlights: National Volleyball Championship Kerala vs Haryana