കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ മുന്നോട്ട്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇരു ടീമുകളും നോക്കൗട്ട് റൗണ്ടിനുള്ള സാധ്യത വര്‍ധിപ്പിച്ചു.

 ഗ്രൂപ്പ്  എയില്‍ പുരുഷന്മാര്‍ ആന്ധ്രയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 27-25, 25-23, 25-17. വാശിയേറിയ മത്സരം ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് പഞ്ചാബുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

 കേരളത്തിന്റെ വനിതകള്‍ ഗ്രൂപ്പ് ബിയില്‍ ഉത്തര്‍പ്രദേശിനാണ് മറികടന്നത്. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍  നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ ജയം. സ്‌കോര്‍: 25-15, 25-10, 25-14. മത്സരം 55 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് മഹാരാഷ്ട്രയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

 മറ്റു മത്സരങ്ങളില്‍ വനിതാ വിഭാഗം 
  ഗ്രൂപ്പ് എഫില്‍ ഹിമാചല്‍ പ്രദേശ് ഒന്നിതിരെ മൂന്ന് സെറ്റുകള്‍ക്ക് രാജസ്ഥാനെ തോല്‍പിച്ചു. സ്‌കോര്‍: 24-26, 25-16, 25-20. മത്സരം 94 മിനിറ്റ് നീണ്ടുനിന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ കേരളത്തോടും പരാജയപ്പെട്ടിരുന്നു.

 പുരുഷ വിഭാഗത്തിലെ മറ്റ് മത്സരങ്ങളില്‍ ഗ്രൂപ്പ് ഡിയില്‍ പോണ്ടിച്ചേരി ഡെല്‍ഹിയെയും (25-23, 25-19, 25-19), ഒഡിഷ മഹാരാഷ്ട്രയെയും (25-18, 25-22, 25-20), ഗ്രൂപ്പ് സിയില്‍ ഗുജറാത്ത് ഉത്തര്‍പ്രദേശിനെയും (25-17, 26-24, 25-17) മധ്യപ്രദേശ് ത്രിപുരയെയും (25-11, 25-7, 25-17) ഗ്രൂപ്പ് എഫില്‍  ബിഹാര്‍ ജമ്മു കശ്മീരിനെയും (21-25, 25-23, 25-27,27-25) ഗ്രൂപ്പ് ഇയില്‍ ഡല്‍ഹി ചത്തീസ്ഗഢിനെയും (25-20, 25-16, 25-19) ഗ്രൂപ്പ് ഇയില്‍ കര്‍ണാടകം ജമ്മു കശ്മീരിനെയും (25-13, 25-11, 25-17) ഗ്രൂപ്പ് എഫില്‍ പശ്ചിമ ബംഗാള്‍ ഗോവയെയും (25-27, 25-19, 25-20, 25-20) ജാര്‍ഖണ്ഡ് തെലങ്കാനയെയും (25-17, 12-25, 25-23, 25-23) വനിതകളുടെ ഗ്രൂപ്പ് ഡിയില്‍ പഞ്ചാബ് പോണ്ടിച്ചേരിയെയും (25-13, 25-18, 25-14) ഗ്രൂപ്പ് ഡിയില്‍ കര്‍ണാടകം ബിഹാറിനെയും (25-3, 25-4, 25-7) ഗ്രൂപ്പ് സിയില്‍ ഗുജറാത്ത് ഒഡിഷയെയും (25-14, 25-14, 25-14, 25-23) മിസോറം ഉത്തരാഖണ്ഡിനെയും (25-7, 25-8, 25-12) പരാജയപ്പെടുത്തി.