കോഴിക്കോട്: അനായാസ ജയത്തോടെ കേരളത്തിന്റെ വനിതള്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. തമിഴ്‌നാടിനെ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് ആതിഥേയ വനിതകള്‍ തകര്‍ത്തത്.  സ്‌കോര്‍: 25-14, 25-17, 25-21.

കേരളത്തിന്റെ തുടര്‍ച്ചയായ പത്താം ഫൈനല്‍ പ്രവേശനമാണിത്. ഒമ്പത് വര്‍ഷത്തെ കിരീടവരള്‍ച്ചക്ക് വിരാമം കുറിക്കുകയെന്ന ലക്ഷ്യത്തോടെയാകും കേരള വനിതകള്‍ ഫൈനലില്‍ കളത്തിലിറങ്ങുക. സര്‍വീസസ് -റെയില്‍വേസ് രണ്ടാം സെമിയിലെ വിജയികളാകും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.

ആദ്യ സെറ്റില്‍ അഞ്ജു ബാലകൃഷ്ണന്‍, ക്യാപ്റ്റന്‍ അഞ്ജു മോള്‍, അഞ്ജലി ബാബു, രേഖ തുടങ്ങിയവര്‍ ആക്രമണ പരമ്പര തന്നെ നടത്തിയപ്പോള്‍ തമിഴ്‌നാടിന് മറുപടിയുണ്ടായില്ല. 14-5ന് ലീഡ് നേടിയ കേരളം 25-14ന് സെറ്റു നേടി. രണ്ടാം സെറ്റിലും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. മൂന്നാം സെറ്റില്‍ കേരളം അനാവശ്യ പിഴവുകള്‍ വരുത്തിയപ്പോള്‍ തമിഴ്‌നാട് തിരിച്ചുവരുമെന്ന് തോന്നിച്ചു.

സ്്റ്റാന്‍സി ഫെര്‍ണാണ്ടസും ആര്യയും സംഗീതയും തമിഴ്‌നാടിനായി ഉണര്‍ന്നുകളിച്ചപ്പോള്‍ സ്‌കോര്‍ ഒപ്പത്തിനൊപ്പം നീങ്ങി. അവസാനം താളം വീണ്ടെടുത്ത കേരളം 25-21ന് സെറ്റും മത്സരവും സ്വന്തമാക്കി.