കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരളം തോല്‍പിച്ചത്. സ്‌കോര്‍: 25-20, 25-13, 25-13.

വനിതാ വിഭാഗത്തില്‍ തെലങ്കാനയെ മൂന്നു സെറ്റിനുള്ളില്‍ കേരളം കീഴടക്കി. ആദ്യ സെറ്റ് 25-16ന് നേടിയ കേരള ടീം രണ്ടാം സെറ്റിലും ആധിപത്യം പുലര്‍ത്തി. 25-13നായിരുന്നു വനിതകളുടെ വിജയം. എന്നാല്‍ മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടം നടന്നു. ഒടുവില് 25-23ന് കേരളം സെറ്റും മത്സരവും സ്വന്തമാക്കി.

പുരുഷ വിഭാഗത്തില്‍ ക്യാപ്റ്റന്‍ ജെറോം വിനീത്, അഖിന്‍. ജി. എസ് എന്നിവര്‍ ആദ്യ സെറ്റില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ സെറ്റില്‍ 2-0 എന്ന പോയിന്റിന് പിന്നില്‍ നിന്ന് തുടങ്ങിയ കേരളം 25-20 എന്ന പോയിന്റിന് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. 

രണ്ടും മൂന്നും സെറ്റില്‍ രാജസ്ഥാന് ഒരു അവസരവും കേരളം നല്‍കിയില്ല. സെന്റര്‍ ബ്ലോക്കര്‍മാരായ അഖിനും രോഹിതും രാജസ്ഥാന്റെ ആക്രമണങ്ങളെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞു. ഒപ്പം യുവതാരങ്ങളായ അജിത് ലാലും മുത്തുസ്വാമിയും കളം നിറഞ്ഞതോടെ കേരളത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല, 25-13ന് കേരളം രണ്ടാം സെറ്റ് നേടി.

മൂന്നാം സെറ്റില്‍ എല്ലാ താരങ്ങളും ഫോമിലേക്കുയര്‍ന്നതോടെ കേരളം വിജയമുറപ്പിച്ചു. ഫിനിഷിങ്ങും പ്രതിരോധവുമായി അഖിന്‍ ജി.എസ് തന്നെയാണ് മൂന്നാം സെറ്റിലും കളം നിറഞ്ഞത്. 17-9ന് കേരളം ലീഡ് നേടിയതോടെ മൂന്നു മാറ്റങ്ങള്‍ വരുത്തി പുതിയ താരങ്ങള്‍ക്ക് പരിശീലകന്‍ അവസരം നല്‍കി. അബ്ദുള്‍ റഹീമും അന്‍സബും അനു ജെയിംസും കിട്ടിയ അവസരം മുതലാക്കിയതോടെ 25-13ന് സെറ്റും മത്സരവും കേരളം സ്വന്തമാക്കി. 

ബ്ലോക്കിങ്ങിലും ഫിനിഷിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത അഖിന്‍ ജി.എസ്സാണ് കളിയിലെ താരം. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് ആന്ധ്രയുമായാണ് കേരളത്തിന്റെ രണ്ടാം മത്സരം. മറ്റു മത്സരങ്ങള്‍ പശ്ചിമ ബംഗാള്‍ ജാര്‍ഖണ്ഡിനെയും കര്‍ണാടകം പോണ്ടിച്ചേരിയെയും വനിതാ വിഭാഗത്തില്‍ ഡെല്‍ഹി ജമ്മു കശ്മീരിനെയും തോല്‍പ്പിച്ചു. 

Content Highlights: Naitonal Volleyball Championship Kerala