ന്യൂഡൽഹി: ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ്ങിന് ആദരമർപ്പിച്ച് കായികലോകം. സച്ചിൻ തെണ്ടുൽക്കർ മുതൽ പി.ടി ഉഷ വരെയുള്ള കായിക താരങ്ങൾ മിൽഖാ സിങ്ങിന്റെ ഓർമകൾ ട്വീറ്റിലൂടെ പങ്കുവെച്ചു.

'നിങ്ങളുടെ വേർപാട് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തിലുണ്ടാക്കുന്ന ശൂന്യത വലുതാണ്. എന്നിരുന്നാലും ഇനി വരുന്ന ഓരോ തലമുറയേയും പ്രചോദിപ്പിക്കാൻ നിങ്ങളുടെ നേട്ടങ്ങൾക്ക് കഴിയും.' സച്ചിൻ തെണ്ടുൽക്കർ ട്വീറ്റ് ചെയ്തു.

'എന്റെ പ്രചോദനമായ മിൽഖാ സിങ്ങ് ജിയുടെ വേർപാടിൽ ദു:ഖത്തിന്റെ ഇരുണ്ട മേഘങ്ങൾ ഹൃദയത്തിൽ തളംകെട്ടി നിൽക്കുന്നു. അദ്ദേഹത്തിന്റെ അർപ്പണമനോഭാവവും കഠിനധ്വാനവും ഒരുപാട് ആളുകൾക്ക് പ്രചോദനമാണ്.' പിടി ഉഷ ട്വീറ്റ് ചെയ്തു. ഉഷ സ്കൂളിലെ കുട്ടികൾ മിൽഖാ സിങ്ങിന് ആദരമർപ്പിക്കുന്ന ചിത്രവും ഉഷ ട്വീറ്റ് ചെയ്തു.

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, ഇന്ത്യയുടെ പേസ് ബൗളർ ജസ്പ്രീത് ബുംറ, ടെന്നീസ് താരം സാനിയ മിർസ തുടങ്ങി നിരവധി താരങ്ങൾ മിൽഖാ സിങ്ങുമായുള്ള ഓർമകൾ പങ്കുവെച്ചു.

'നിങ്ങളുടെ ഓട്ടം ഞങ്ങൾ നേരിട്ട് കണ്ടിട്ടില്ല. എന്നിട്ടും കുട്ടിക്കാലത്ത് നിങ്ങളെപ്പോലെ ഓടാനാണ് ഞങ്ങൾ ശ്രമിച്ചത്. നിങ്ങൾ ഓടിക്കയറിയത് ഞങ്ങളുടെ ഹൃദയത്തിലേക്കാണ്. ഞങ്ങളുടെ തലമുറയ്ക്ക് പ്രചോദനം നൽകിയ താരം.' ഛേത്രി ട്വീറ്റിൽ പറയുന്നു.

കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ സങ്കീർണതകളെ തുടർന്ന് വെള്ളിയാഴ്ച്ച രാത്രിയാണ് മിൽഖാ സിങ്ങ് അന്തരിച്ചത്. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മിൽഖാ സിങ്ങിനെ ചണ്ഡീഗഡിലെ പിജിഐഎംഇആർ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയിൽ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജൻ ലെവൽ കുറയുകയും ചെയ്തു. ഇതോടെ 91-കാരനായ താരത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. മിൽഖാ സിങ്ങിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗർ അഞ്ചു ദിവസം മുമ്പാണ് മരിച്ചത്.

Content Highlights: Sports Fraternity Pays Tribute To Milkha Singh