'ആദ്യ 200 മീറ്റർ ഏതാണ്ട് 21 സെക്കൻഡിൽ ഓടി. 250 മീറ്റർ ആയപ്പോൾ ഞാൻ ഓട്ടിസ് ഡേവിസിനു മുന്നിലായിരുന്നു. അവസാനം സ്പ്രിന്റ് ചെയ്യാനുള്ള ഊർജം കരുതി വയ്ക്കാനായി ഞാൻ അല്പം വേഗം കുറച്ചു. പക്ഷേ, പിന്നീട് കൃത്യമായി വേഗം കൂട്ടാനായില്ല. ഡേവിസും കോഫ്മാനും മുന്നിൽ വന്നാലും സ്പെൻസിനെയും കിൻഡറിനെയും യങ്ങിനെയും പിൻതള്ളി വെങ്കലം നേടാമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു'. 1960-ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ വെങ്കല മെഡൽ സെക്കൻഡിന്റെ പത്തിലൊന്നു വ്യത്യാസത്തിൽ നഷ്ടപ്പെട്ട കഥ ചണ്ഡീഗഡിലെ വീട്ടിൽ ഇരുന്ന് മിൽഖാ സിങ്ങ് വിശദീകരിച്ചു.

'സെമിക്കും ഫൈനലിനും മധ്യേ രണ്ടുനാൾ ഇടവേള വന്നതാണു പ്രശ്നമായത്. ശരിക്കും മാനസിക സമ്മർദമേറി'. മിൽഖാ സിങ്ങ് എന്ന ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് ഓർമയാകുമ്പോൾ അദ്ദേഹവുമായി പങ്കുവച്ച ഭാഗ്യ നിമിഷങ്ങൾ ഓർമയിൽ എത്തുന്നു.

നൂറ്റാണ്ടിലെ ഒരു ലാപ് ഓട്ടം എന്നാണ് റോം ഒളിമ്പിക്സിലെ 400 മീറ്റർ ഫൈനൽ വിശേഷിപ്പിക്കപ്പെട്ടത്. മിൽഖാ സ്വർണം നേടുമെന്നു പ്രവചിച്ച വിദേശ മാധ്യമ പ്രവർത്തകർ ഉണ്ടായിരുന്നു. അമേരിക്കയുടെ ഓട്ടിസ് ഡേവിസ് ശരവേഗത്തിൽ കുതിച്ചു. ഒട്ടും പിന്നിലല്ലാതെ പറക്കും സിങ്ങ്. പകുതി ദൂരത്തിൽ ദക്ഷിണാഫ്രിക്കയുടെ മാൽക്കം സ്പെൻസ് മിൽഖയ്ക്കൊപ്പം എത്തുന്നു. തൊട്ടു പിന്നിൽ യൂറോപ്യൻ ചാംപ്യൻ കാൾ കോഫ്മാൻ. 350 മീറ്ററിൽ കോമൺവെൽത്ത് ചാമ്പ്യൻ മിൽഖാ, ഡേവിസിനെക്കാൾ ഒരു മീറ്റർ മാത്രം പിന്നിൽ. അവസാന കുതിപ്പ്. ഡേവിസ് തലയുയർത്തിത്തന്നെ ടേപ് സ്പർശിച്ചു.കോഫ്മാൻ ടേപ്പിലേക്ക് ഡൈവ് ചെയ്തു. മിൽഖാ സ്പെൻസിനെ പിന്തളളിയതുപോലെ ഫിനിഷ് ലൈൻ കടന്നു.കിൻഡറും യങ്ങും പിന്തള്ളപ്പെട്ടു.

milkha sing
സനിൽ പി. തോമസ് മിൽഖാ സിങ്ങിനും ജീവ് മിൽഖാ സിങ്ങിനും (വലത്തേയറ്റം) ഒപ്പം

ഫോട്ടോ ഫിനിഷ് ഫലത്തിനായി കാത്തിരിപ്പ്. ഫോട്ടോ ഫിനിഷിൽ ഡേവിസിനു സ്വർണം.കോഫ് മാനു വെള്ളി. ലോക റെക്കോർഡ് 44.9 സെക്കൻഡ് ആയിരിക്കെ ഇരുവരും 45 സെക്കൻഡിനു ഫിനിഷ് ചെയ്തിതിരുന്നു. പിന്നെ, സ്പെൻസിനു വെങ്കലം (45.5). മിൽഖാ നാലാമത് ( 45.6). ഇന്ത്യയുടെ ഒളിമ്പിക് മെഡൽ സ്വപ്നം തെന്നി മാറി. ഇതേ മാൽക്കം സ്പെൻസിനെ തോൽപിച്ചാണ് മിൽഖാ നേരത്തെ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയത് എന്ന് ഓർക്കുക.

ഫൈനലിൽ മത്സരിച്ച ആറു പേരിൽ ആദ്യ നാലു സ്ഥാനക്കാരും ഒളിമ്പിക് റെക്കോർഡ് (45.9)മറികടന്നു എന്നത് മത്സരത്തിന്റെ തീവ്രത വ്യക്തമാക്കുന്നു.
ഇലക്ട്രോണിക് സമയമായി പിന്നീട് ഇവ മാറ്റിയെടുത്തപ്പോൾ മിൽഖായും സ്പെൻസറും തമ്മിലെ വ്യത്യാസം 0.13 സെക്കൻഡ്. മിൽഖായുടെ സമയം 45.73 സെക്കൻഡ്.

ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ മുസഫർഗഡ് നഗരത്തിൽ നിന്ന് പത്തു കിലോമീറ്റർ മാറി ഗോവിന്ദ്പുര ഗ്രാമത്തിൽ നിന്നു ജീവനു വേണ്ടി ഓടിത്തുടങ്ങിയ മിൽഖാ ഇന്ത്യൻ ട്രാക്കിന്റെ ജീവനായി മാറി. വിഭജനത്തിന്റെ തുടർച്ചയായുണ്ടായ വർഗീയ ലഹളയിൽ മാതാപിതാക്കളുടെയും ഒരു സഹോദരന്റയും രണ്ടു സഹോദരിമാരുടെയും കൊലപാതകം നേരിട്ടു കണ്ട മിൽഖാ .രക്തത്തിൽ കുളിച്ചു മരണത്തോടടുക്കുമ്പോഴും ആ പിതാവ് മിൽഖാ യോട് പറഞ്ഞു 'ഭാഗ് മിൽഖാ ഭാഗ്'.

ദിവസങ്ങളോളം കരഞ്ഞ മിൽഖാ വീണ്ടും കരഞ്ഞത് റോം ഒളിമ്പിക്സിൽ ഉറപ്പായിരുന്ന മെഡൽ നഷ്ടപ്പെട്ടപ്പോഴാണെന്നു പറഞ്ഞു. ഇത്തവണയും ദിവസങ്ങളോളം കരഞ്ഞു. പക്ഷേ, 1961 ൽ അർജുന അവാർഡ് ഏർപ്പെടുത്തിയപ്പോൾ മിൽഖായെ അധികൃതർ തഴഞ്ഞു, ആ രോഷം മരിക്കും വരെ മിൽഖായെ വിട്ടുമാറിയില്ല. മിൽഖായുടെ പുത്രൻ ഗോൾഫ് താരം ജീവിന് 1999-ൽ അർജുന നൽകിയവർ 2001-ൽ മിൽഖായെ പരിഗണിച്ചപ്പോൾ അദ്ദേഹം നിരസിച്ചു.

1996-ൽ ആണ് ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. പുതിയ വീടിന്റെ (മിൽഖാ ഹൗസ് ) പണി നടക്കുന്ന സമയം. വീട് പണി കാണാൻ മിൽഖാ എന്നെ കൊണ്ടുപോയി, കൂടെ ജീവും അദ്ദേഹത്തിന്റെ കായികാധ്യാപകൻ സഞ്ജയും ഉണ്ടായിരുന്നു. വൈകിട്ട് ഗോൾഫ് ക്ലബിലേക്കു ക്ഷണിച്ചപ്പോൾ മിൽഖാ പറഞ്ഞു. 'ജീവും വരണം. അർജുന അവാർഡ് കിട്ടാൻ സാധ്യതയുള്ളൊരാൾ കൂടെയിരിക്കട്ടെ.' അൽപനേരം ഗോൾഫ് കളിക്കും, പിന്നെ ഡ്രിങ്ക്സ്. രണ്ടു പെഗ് ചെന്നു കഴിഞ്ഞാൽ കായിക രംഗത്തെ അഴിമതിക്കെതിരെ ആഞ്ഞടിക്കും.

അന്നു മിൽഖാ പറഞ്ഞു. 'റോമിൽ 200 മീറ്ററിൽ ശരിക്കും എനിക്ക് മെഡൽ സാധ്യതയുണ്ടായിരുന്നു. പേശി വലിയുമെന്നു പറഞ്ഞ് കോച്ച് മിർചന്ദ് ധവാൻ മത്സരിക്കാൻ സമ്മതിച്ചില്ല.' കണ്ടപ്പോഴൊക്കെ ഇംഗ്ലീഷിൽ സംസാരിച്ച മിൽഖാ ദക്ഷിണേന്ത്യയിലും ഹിന്ദിയിലാണു പ്രസംഗിക്കുക. ഒരിക്കൽ കൊച്ചിയിൽ ഹിന്ദിയിൽ പ്രസംഗിച്ചപ്പോൾ കാരണം തിരക്കി. മറുപടി ഇങ്ങനെ .' അതെന്റെ തീരുമാനമാണ്. ഇന്നുവരെ മാറ്റിയിട്ടില്ല. രാഷ്ട്രഭാഷയോടുള്ള സ്നേഹമോ രാജ്യ സ്നേഹമോ ആയി കണക്കാക്കാം.' ആ രാജ്യസ്നേഹി ഇനി ജ്വലിക്കുന്ന ഓർമ.

Content Highlights: Milkha Singh Rome Olympics Memories