'ഭാഗ് മിൽഖാ ഭാഗ്...' അച്ഛന്റെ ഈ നിലവിളിയിൽ നിന്നാണ് മിൽഖാ സിങ്ങ് ഓട്ടം തുടങ്ങിയത്. അവസാനശ്വാസമെടുക്കുന്നത് തൊട്ടുമുമ്പായിരുന്നു അച്ഛൻ മിൽഖയോട് ഓടി രക്ഷപ്പെടാൻ പറഞ്ഞത്. ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രം കൂട്ടുപിടിച്ച് ആ പതിനഞ്ചുകാരൻ ജീവൻ രക്ഷിക്കാനായി കല്ലിനും മുള്ളിനും മുകളിലൂടെ പാഞ്ഞു. ഒടുവിൽ ആ ഓട്ടം എത്തിയത് 1960-ലെ ഒളിമ്പിക്സ് വേദിയിലെ നാലാം സ്ഥാനം വരെ.

വിഭജന സമയത്തെ വർഗ്ഗീയ സംഘർഷത്തിന്റേയും കൂട്ടക്കുരുതിയുടേയും നടുവിൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയിൽ നിന്ന് ജീവനും വാരിപ്പിടിച്ച് ഓടുമ്പോൾ മിൽഖയക്ക് പ്രായം പതിനഞ്ച്. അന്ന് മാതാപിതാക്കളായ സംപുരാൻ സിങ്ങിനേയും ചഹാലി കൗറിനേയും സഹോദരങ്ങളേയും ഉൾപ്പെടെ കുടുംബത്തിലെ എട്ടു പേരെ മിൽഖയ്ക്ക് നഷ്ടമായി. ഒരു തീവണ്ടിയിലെ ലേഡീസ് കംപാർട്മെന്റിൽ സീറ്റുകളുടെ അടിയിൽ ഒളിച്ച് മിൽഖ ഇന്ത്യയിലെത്തി. ഡൽഹിയിലേക്ക് വിവാഹം ചെയ്തുവിട്ട സഹോദരി ഈശ്വരിയുടെ വീട്ടിലായിരുന്നു അഭയം. എന്നാൽ ഏറെ വൈകാതെ അഭയാർഥി ക്യാമ്പിലും പുനരധിവാസ ക്യാമ്പിലുമായി അലഞ്ഞുനടക്കേണ്ടി വന്നു.

കയ്പേറിയ ഈ ബാല്യത്തിൽ നിന്ന് കുത്തഴിഞ്ഞ കൗമാരത്തിലേക്കായിരുന്നു മിൽഖയുടെ യാത്ര. ഡൽഹി വാസത്തിനിടയിൽ ഒരിക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത മിൽഖയെ പോലീസ് പിടിച്ചു. പിഴയായി കൊടുക്കേണ്ടിവന്നത് 2.50 രൂപ. ഈ പണം കൊടുക്കാനില്ലാത്തതിനാൽ എത്തപ്പെട്ടത് തിഹാർ ജയിലിൽ. ഒടുവിൽ സഹോദരി സ്വന്തം കമ്മൽ വിറ്റു പിഴത്തുക കെട്ടി. അതിനിടയിൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി. ആ ബന്ധം തകർന്നതോടെ മിൽഖ കടുത്ത നിരാശയിലേക്ക് വീണു. മിൽഖയുടെ ഈ ജീവിതം സഹോദരൻ മഖൻ സിങ്ങിന് തലവേദനയായി. ഒടുവിൽ മഖൻ അനിയനോട് പട്ടാളത്തിൽ ചേരാൻ നിർദേശിച്ചു. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തിൽ. അവിടെ നിന്നുമായിരുന്നു ട്രാക്കിലേക്കുള്ള മിൽഖയുടെ ചുവടുവെയ്പ്പ്. അതും ഓരു ഗ്ലാസ് പാൽ കിട്ടാൻ വേണ്ടി മാത്രം. സെക്കന്തരാബാദിൽ ഇലക്ട്രിക്കൽ മെക്കാനിക്കൽ എഞ്ചിനീയറിങ് സെന്ററിൽ ജോലി ചെയ്തപ്പോഴായിരുന്നു അത്. ക്രോസ് കൺട്രി മത്സരത്തിൽ ആദ്യ പത്ത് സ്ഥാനത്ത് എത്തുന്നവർക്ക് ഒരു ഗ്ലാസ് പാൽ ആയിരുന്നു സമ്മാനം. ഈ പാലിന് വേണ്ടി ഓടിയ മിൽഖ എന്നും ആദ്യ പത്തിനുള്ളിലെത്തും. ഇതോടെ മിൽഖയുടെ പ്രതിഭ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.

പിന്നീടങ്ങോട്ട് ട്രാക്കിലെ ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരനെന്ന നിലയിലേക്ക് അദ്ദേഹം വളരുകയായിരുന്നു. പരിക്കേറ്റ കാലുമായി 1956-ലെ പട്യാല ദേശീയ ഗെയിംസിൽ ഓടി നാലാം സ്ഥാനം നേടിയതും ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് മുമ്പ് ആക്രമണത്തിനിരയായിട്ടും തളരാതെ മുന്നേറി ഒന്നാം സ്ഥാനക്കാരനായതുമെല്ലാം മിൽഖാ സിങ്ങിന്റെ മനക്കരുത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രം. കരിയറിൽ ഓടിയ 80 ഓട്ടങ്ങളിൽ 77-ലും മെഡലെന്ന അപൂർവ്വ ട്രാക്ക് റെക്കോഡുള്ള താരങ്ങളിലൊരാളായിരുന്നു മിൽഖാ സിങ്.

റോം ഒളിംപിക്സിലെ 400 മീറ്റർ ഫൈനൽ 45.6 സെക്കന്റിലാണ് മിൽഖ ഓടിത്തീർത്തത്. ഒരു സെക്കന്റ് വ്യത്യാസത്തിൽ അദ്ദേഹത്തിന് വെങ്കലം നഷ്ടമായി. ആദ്യ 150 മീറ്റർവരെ മുന്നിലുണ്ടായിരുന്ന മിൽഖാ സിങ്ങ് നഷ്ടപ്പെടുത്തിയത് ഒരു ചരിത്ര മെഡൽ തന്നെയായിരുന്നു. ഈ മെഡൽ നഷ്ടവും കുടുംബം കലാപത്തിന് ഇരയായതും എന്നും മിൽഖയുടെ ദു:സ്വപ്നങ്ങളായിരുന്നു.

Content Highlights: Milkha Singh Lifestory