‘‘ഭാഗ് എന്ന വാക്ക് എന്റെ ജീവിതത്തിന്റെ വാക്കാണ്. പ്രാണൻ വിട്ടുപോകുംമുമ്പ് എന്റെ പിതാവ്  പറഞ്ഞവാക്കാണ്- ഭാഗ് മിൽഖാ ഭാഗ് (ഓടൂ മിൽഖാ ഓടൂ). 1947-ൽ ജീവനുവേണ്ടി ഓടിത്തുടങ്ങിയ ഞാൻ ഇപ്പോൾ ലോകത്തോട് നന്ദിപറയുന്നു. എനിക്ക് നൽകിയ ജീവിതം ഞാൻ ശരിയായി ജീവിച്ചുതീർത്തുവെന്നാണ് എന്റെ വിശ്വാസം’’. 1989-ൽ തൽക്കത്തോറ നീന്തൽക്കുളത്തിന്റെ ഒരുവരാന്തയിൽ ഒരുസംഘം സന്ദർശകരോട് സംസാരിക്കുകയായിരുന്നു മിൽഖ. ആ സന്ദർശകസംഘത്തിൽ ഉണ്ടായിരുന്നു ഞാൻ. മിൽഖയുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. വായിച്ചുതീർക്കാൻ കഴിയാത്ത ഒരുവിഷാദം ഞാൻ കണ്ടു. ഇന്ത്യ കണ്ട മഹാനായ അത്‌ലറ്റായിരുന്നു മിൽഖ. ലോകത്തിലെ ഏറ്റവും വിഖ്യാതരായ അത്‌ലറ്റിക് ഇതിഹാസങ്ങൾക്കൊന്നും മിൽഖയുടെ ജീവിതംപോലെ ഇത്രയും ദുരന്തപൂർണമായ ജീവിതകഥയില്ല. എമിൽസാട്ടോപെക്ക്, പാവോനൂർമി, തോർപെ, ബോൾമെർക്ക, വിൽമ റുഡോൽഫ്? ഒരുകഥയിലും തിരക്കഥയിലും മിൽഖയുടെ ജീവിതംപോലെ ഒന്നില്ല.

 ‘ഭാഗ് മിൽഖ ഭാഗ് ’

മിൽഖാസിങ്ങിന്റെ ജീവിതത്തിലെ ഏറ്റവും സങ്കടംനിറഞ്ഞ വാക്കാണ് ഭാഗ് (ഓടൂ). ആ വാക്കാണ് ഈ കായികതാരത്തിന്റെ ജീവിതമന്ത്രമായത്. ചോരച്ചാലുകളിൽ നിന്നുയർന്ന ആ വാക്ക് പിന്നീട് ജീവിതത്തിന്റെ അതിജീവനമായി ട്രാക്കുകളിലൂടെ മിൽഖയുടെ പാദങ്ങളിലൂടെ തുടർന്നുകൊണ്ടിരുന്നു. വിഭജനത്തിന്റെ തീപിടിച്ച നാളുകളിലാണ് മിൽഖയുടെ ജീവിതം തിരിഞ്ഞുപോകുന്നത്.
ഗോതമ്പുകറ്റകൾ കൂട്ടിവെക്കുമ്പോഴാണ് രക്തംപുരണ്ട വാളുകളുമായി മതാന്ധരായ ആൾക്കൂട്ടം പടിഞ്ഞാറൻ പഞ്ചാബിലെ മുസാഫർ റോഡിലുള്ള ഗോവിന്ദപുരയിലെ കോട്ട്‌ അഡ്ഡു ഗ്രാമത്തിലെത്തിയത്. മിൽഖാ എന്ന പതിനഞ്ചുകാരൻ കറ്റകൾക്കുള്ളിൽ ഒളിച്ചു. ആ കണ്ണുകൾക്കുമുമ്പിൽ രണ്ടുസഹോദരിമാർ ഉൾപ്പടെ അഞ്ചുകുടുംബാംഗങ്ങൾ വാളുകൾക്കിരയായി. പ്രാണൻപോകുന്ന പിടച്ചിലിലാണ് മിൽഖ ദുർബലമായി പിതാവിന്റെ ശബ്ദംകേട്ടത്: ‘‘ഭാഗ് മിൽഖ ഭാഗ്.’’

 ജീവിതപ്പോരാട്ടം
ഇന്ത്യയിലെ ഏറ്റവും മഹാനായ അത്‌ലറ്റിന്റെ ജീവിതപ്പോരാട്ടം ഇവിടെനിന്നാണ് തുടങ്ങുന്നത്. വിഭജനത്തിനുശേഷം എല്ലാ അർഥത്തിലും ഹതാശയമായ ഒരു രാഷ്ട്രത്തിന്റെ തലസ്ഥാനനഗരിയിൽ കുറച്ച് ആട്ടയ്ക്കും ദാലിനുംവേണ്ടി പലജോലികൾ ചെയ്ത് വളർന്ന മിൽഖ, സഹോദരിയുടെ വീട്ടിലെ അംഗങ്ങളുടെ  ‘നിസ്സഹകരണം’മൂലം കൊള്ളക്കാരനാകാനാണ് നിശ്ചയിച്ചത്. ഇതിനിടയ്ക്ക് കള്ളവണ്ടി കയറിയതിന്റെ പേരിൽ തിഹാർജയിലിലുമെത്തി. സഹോദരി ഇഷാവർ കമ്മൽവിറ്റ്‌ ജയിലിൽ നിന്നിറക്കി. മൂന്നുതവണ പട്ടാളത്തിൽചേരാൻ ശ്രമിച്ചെങ്കിലും പ്രവേശനം കിട്ടിയില്ല. ഡൽഹിയിൽ ഉണ്ടായിരുന്ന മറ്റൊരു സഹോദരൻ മാൽഖൻ സിങ്ങാണ് ഇലക്‌ട്രിക്ക് മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചിൽ ഒരു താത്കാലികജോലി തരപ്പെടുത്തിക്കൊടുത്തത്. അതുവഴി സൈന്യത്തിൽ ചേർന്ന മിൽഖ, ഒരു ക്രോസ്‌കൺട്രിയിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. മത്സരത്തിൽ ആറാമതായാണ് മിൽഖ ഫിനിഷ്ചെയ്തത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് പത്തു കിലോമീറ്റർ ഓടിയും നടന്നുമാണ്  എത്തിയിരുന്നത്. അതുകൊണ്ട് ക്രോസ് കൺട്രി പ്രശ്നമായിരുന്നില്ല. ഇടയ്ക്കു നടന്നും ഇരുന്നുമാണ് ക്രോസ് കൺട്രി പൂർത്തിയാക്കിയതെന്ന് ക്രോസ്‌കൺട്രി പരിശീലകൻ ഹവിൽദാർ ഗുരുദേവ്‌സിങ്ങിനു മനസ്സിലായി. പിറ്റേദിവസം രാവിലെ ഹവിൽദാർ അവനെ 200 മീറ്റർ ഓടിച്ചു. അവിടെവെച്ച് മിൽഖ പറന്നു. അത്, ആ സൈനിക യൂണിറ്റിന്റെ എന്നല്ല മറ്റെല്ലാ യൂണിറ്റുകളുടെയും റെക്കോഡുകൾ  തകർത്ത പ്രകടനമായിരുന്നു. മിൽഖ വീണ്ടും തന്റെ ഭാഗധേയം ഓടുക എന്നാണെന്ന് തിരിച്ചറിഞ്ഞു.

ഗുരുദേവ്‌സിങ് പുതിയ ശിഷ്യനെ രാവിലെമുതൽ ഓടിച്ചുതുടങ്ങും. യമുനയുടെ തീരത്തുകൂടി ഓടി, കുന്നുകൾ കയറിയിറങ്ങി ഓടി. ഓടിക്കൊണ്ടിരുന്ന മീറ്റർ ഗേജ്‌ തീവണ്ടിയോടൊപ്പവും ഓടി.

 ഓടിക്കയറിയ നാളുകൾ
ഒരു കൊല്ലത്തിനുശേഷം ഗുരുവും ശിഷ്യനും സ്പ്രിന്റ് എങ്ങനെ ഓടണമെന്ന് പഠിച്ചു! പട്ട്യാല സർവീസസ് മീറ്റിൽ ഈ രണ്ടിനത്തിലും ദേശീയ റെക്കോഡ് സ്ഥാപിച്ചതോടെ ഇന്ത്യ മിൽഖാസിങ് എന്ന പഞ്ചാബി യുവാവിനെ കേട്ടറിഞ്ഞു. ടോക്യോ ഏഷ്യൻഗെയിംസിലാണ് മിൽഖയുടെ വേഗം ലോകം കണ്ടത്. 200 മീറ്ററിലും 400 മീറ്ററിലും സ്വർണം നേടിയ മിൽഖ കാർഡിഫ് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി ആദ്യമായി 400 മീറ്ററിൽ സ്വർണം നേടി. 80 മത്സരങ്ങളിൽ എഴുപത്തേഴിലും ഒന്നാമതെത്തി മിൽഖ എല്ലാ അർഥത്തിലും അന്താരാഷ്ട്രതാരമായി.

 റോമിലെ ദുരന്തം
മിൽഖയുടെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം റോം ഒളിമ്പിക്സിലാണ്‌ സംഭവിച്ചത്‌. മിൽഖയാണ്‌ 400 മീറ്ററിലെ സാധ്യതയെന്ന്‌ ലോകഅത്‌ലറ്റുകൾതന്നെ ഉറപ്പിച്ചിരുന്നു. ഹീറ്റ്‌സിൽ 47.6 സെക്കൻഡിന്റെ സമയം സെമിഫൈനലിൽ 46.56 സെക്കൻഡിന്‌ രണ്ടാമതായി ഓടിയെത്തി. മിൽഖയ്ക്ക്‌ മെഡൽ ഉറപ്പാണെന്ന്‌ കമന്റേറ്റർമാർ പ്രഖ്യാപിച്ചു. പക്ഷേ, ഫൈനലിൽ 250 മീറ്റർ കഴിഞ്ഞപ്പോൾ മിൽഖ തിരിഞ്ഞുനോക്കിക്കൊണ്ട്‌ ഓടി. വേഗം കുറഞ്ഞു. അമേരിക്കയുടെ ഓട്ടിസ്‌ഡേവിസ്‌ മുന്നിൽക്കടന്നു. പിന്നാലെവന്ന കാൾകൗഫ്‌മാനും മാൽക്കം സ്പെൻസും കടന്നുപോയപ്പോഴാണ്‌ മിൽഖയ്ക്ക്‌ അബദ്ധം മനസ്സിലായത്‌. മൂന്നാമതെത്തിയ സ്പെൻസും മിൽഖയും തമ്മിൽ .001 സെക്കൻഡിന്റെ വ്യത്യാസം. മിൽഖ നാലാമത്‌. ആദ്യത്തെ നാലുസ്ഥാനക്കാരും മിൽഖ ഉൾപ്പെടെ ഒളിമ്പിക്‌ റെക്കോഡ്‌ ഭേദിച്ചു. ഇന്ത്യയിൽ മിൽഖയുടെ ആ റെക്കോഡ്‌ നിലനിന്നത്‌ 44 വർഷം. ആ നഷ്ടം മിൽഖയ്ക്ക്‌ മറക്കാനായില്ല. ദിവസങ്ങളോളം മിൽഖ കരഞ്ഞു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മിൽഖ രണ്ടുസ്വർണം നേടിയിരുന്നു. പക്ഷേ, റോമിലെ വൻ ദുരന്തം. തന്റെ കുടുംബത്തിനുനേരിട്ട ദുരന്തംപോലെ മിൽഖയെ വേട്ടയാടി.

 പാകിസ്താനിൽ ഒരുപ്രതികാരം
1962-ലെ കറാച്ചി മീറ്റിനുപോകാൻ മിൽഖ ഒരുക്കമായിരുന്നില്ല. തന്റെ കുടുംബത്തെ കൊലചെയ്ത മണ്ണിലേക്ക്‌ മടങ്ങുന്നതെങ്ങനെ? പക്ഷേ, മീറ്റിൽ പങ്കെടുക്കണമെന്ന്‌ നിർബന്ധിച്ചത്‌ പണ്ഡിറ്റ്‌ നെഹ്രുവായിരുന്നു. ‘‘മുറിവുകൾ മറക്കുക. അയൽരാജ്യത്തോട്‌ അനുഭാവം കാട്ടുക. വിജയിച്ചുകൊണ്ട്‌ മധുരമായ പ്രതികാരം നിർവഹിക്കുക’’- പ്രധാനമന്ത്രി പറഞ്ഞു. അന്നത്തെ ഏഷ്യൻ ചാമ്പ്യനായ പാകിസ്താന്റെ അബ്ദുൾ ഖാലിഖിനെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളി പറന്നുവന്ന മിൽഖയോട്‌ സമ്മാനദാനച്ചടങ്ങിൽവെച്ച്‌ പാക്‌ പ്രസിഡന്റ്‌ അയൂബ്‌ഖാൻ പറഞ്ഞു ‘‘മിൽഖ, നിങ്ങൾ ഓടുകയല്ല പറക്കുകയായിരുന്നു. നിങ്ങൾ പറക്കും സിങ്ങാണ്‌.’’
ഇന്ത്യക്കുവേണ്ടി പോരാടിയ ഈ ഓട്ടക്കാരന്റെ ജീവിതം നന്മകളുടേതാണ്‌, മാനവികതയുടേതാണ്‌. മിൽഖയുടെ ജീവിതത്തിന്റെ എല്ലാമായ നിർമൽ കൗറിനെ ആറുദിവസംമുമ്പാണ്‌ കോവിഡ്‌ അപഹരിച്ചത്‌.
ആശുപത്രിയിൽ മിൽഖ, മരണത്തോട്‌ പൊരുതിക്കൊണ്ടിരിക്കുമ്പോൾ മകൾ ഡോ. മോണ മിൽഖാസിങ്‌ ന്യൂയോർക്കിലെ മെട്രാപ്പൊളിറ്റൻ ആശുപത്രിയിലെ എമർജൻസി വാർഡിൽ കോവിഡ്‌ രോഗികളുടെ ജീവൻരക്ഷിക്കാൻ ഒരാഴ്ചയായി ഓടുകയായിരുന്നു. പിതാവിന്റെ ഓട്ടം, മകളുടെ കാലുകളിലുമുണ്ടെന്ന്‌ അറിഞ്ഞ നിമിഷത്തിൽ, കൃതാർഥതയോടെ മിൽഖ അനശ്വരതയിലേക്ക് ഓടിക്കയറി.