ച്ഛൻ പറഞ്ഞാണ് മിൽഖാ സിങ്ങിനെക്കുറിച്ച് ആദ്യമറിയുന്നത്. അന്ന് എട്ടോ ഒൻപതോ വയസ്സുണ്ടായിരുന്ന എന്റെ ആരാധനാപാത്രങ്ങൾ മുഴുവൻ സുനിൽ ഗാവസ്കറെപ്പോലുള്ള ക്രിക്കറ്റ് താരങ്ങളായിരുന്നു. അവരോടുള്ള എന്റെ ഇഷ്ടം കണ്ടപ്പോൾ അച്ഛൻ പറഞ്ഞു: ‘‘ക്രിക്കറ്റ്താരങ്ങളെമാത്രം അറിഞ്ഞാൽ പോരാ. നമ്മുടെ രാജ്യംകണ്ട മഹാനായ കായികതാരം പറക്കും സിഖിനെക്കുറിച്ചുകൂടി നീ പഠിക്കണം.’’ തന്റെ നേതാക്കളായിരുന്ന രാംമനോഹർ ലോഹ്യയെയും ജയപ്രകാശ് നാരായണനെയുംകുറിച്ച് സംസാരിക്കുന്ന അതേ ആവേശത്തോടെയാണ് അച്ഛനന്ന് മിൽഖയെക്കുറിച്ച് പറഞ്ഞുതന്നത്. പിന്നീടെപ്പോഴോ കൽപ്പറ്റയിലെ ടാക്കീസിൽ ഒരു സിനിമയ്ക്ക്‌ മുമ്പേ കാണിച്ച ന്യൂസ്‌റീലിൽ മിൽഖ ഓടുന്നതിന്റെയും മത്സരങ്ങൾ ജയിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കണ്ടതോടെ ഞാനദ്ദേഹത്തിന്റെ ആരാധകനായി മാറി. ചെറുപ്പത്തിലേ വീട്ടിൽ വരാറുണ്ടായിരുന്ന സ്പോർട്‌സ് പ്രസിദ്ധീകരണങ്ങളിലൊന്നിൽ മിൽഖയെക്കുറിച്ച് പ്രസിദ്ധീകരിച്ചുവന്ന ലേഖനം വായിച്ചതോടെ ഞാൻ മനസ്സിൽ കുറിച്ചു, പറക്കും സിഖിനെയൊന്ന് നേരിൽ കാണണം. പക്ഷേ, ഏറെ വർഷങ്ങൾ കഴിഞ്ഞാണ് അതിന് അവസരം ലഭിച്ചത്.

2003-ൽ മാതൃഭൂമി സ്പോർട്‌സ് മാസികയുടെ ‘സ്പോർട്‌സ് പേഴ്‌സൺ ഓഫ് ദ ഇയർ’  പുരസ്കാരം അഞ്ജു ബോബി ജോർജിന് നൽകാൻ നിശ്ചയിച്ചപ്പോൾ അത് സമ്മാനിക്കുന്നത് മിൽഖാ സിങ് തന്നെയാവണമെന്ന് തീരുമാനിച്ചതിനുപിന്നിൽ എന്റെ ഈ സ്വകാര്യ ആഗ്രഹംകൂടിയുണ്ടായിരുന്നു. അഞ്ജുഅന്ന് ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ സമയമായിരുന്നു. അതുകൊണ്ടുതന്നെ ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബിയുടെ നാടായ, സ്പോർട്‌സ്ഗ്രാമമായ പേരാവൂരിൽവെച്ച് പുരസ്കാരദാനച്ചടങ്ങ് നടത്തണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. മിൽഖയ്ക്ക്‌ അന്ന് 74 വയസ്സുണ്ട്. ഈ പ്രായത്തിൽ പഞ്ചാബിൽനിന്ന് ഇവിടെവന്ന് ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറാവുമോയെന്ന സംശയമുണ്ടായിരുന്നു. ഏതായാലും അദ്ദേഹത്തെ ഫോണിൽ വിളിച്ചുനോക്കാൻ തീരുമാനിച്ചു. ഫോണെടുത്തത് സാക്ഷൽ മിൽഖതന്നെ. കാര്യം പറഞ്ഞപ്പോൾ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം ചോദിച്ചു: ‘‘ഈ പ്രായത്തിൽ ഞാൻ ഇവിടെനിന്ന് നിങ്ങളുടെ നാടുവരെ വരണ്ടേ?’’ പക്ഷേ, സ്നേഹപൂർവം നിർബന്ധിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു.

2003-ലെ ഗാന്ധിജയന്തിദിനത്തിൽ മാതൃഭൂമിയുടെ ക്ഷണം സ്വീകരിച്ച് പറക്കും സിഖ് കോഴിക്കോട്ട് വന്നു. അന്ന് മാതൃഭൂമിയുടെ പരസ്യവിഭാഗം ജനറൽ മാനേജരായിരുന്ന കെ.പി. നാരായണനാണ് വിമാനത്താവളത്തിൽച്ചെന്ന് മിൽഖയെയും ഭാര്യയും മുൻ ദേശീയ വോളിബോൾ താരവുമായ നിർമൽ കൗറിനെയും കൂട്ടിക്കൊണ്ടുവന്നത്. ജോലിസംബന്ധമായി ഒട്ടേറെത്തവണ പഞ്ചാബിലുംമറ്റും യാത്രചെയ്തിട്ടുള്ളതുകാരണം അല്പസ്വല്പം പഞ്ചാബി സംസാരിക്കുന്ന നാരായണനെ മിൽഖയ്ക്ക് ഇഷ്ടമായി. കോഴിക്കോട് താജ് ഹോട്ടലിലേക്കാണ് മിൽഖയും ഭാര്യയും നേരെ വന്നത്. ഞാനും അന്നത്തെ മാതൃഭൂമി എം.ഡി.യായിരുന്ന അച്ഛനും മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനുമെല്ലാം ചേർന്ന് മിൽഖയെ സ്വീകരിച്ചു. അദ്ദേഹത്തിനായി താജിലൊരുക്കിയിരുന്ന ഉച്ചഭക്ഷണത്തിൽ ഞങ്ങളെല്ലാം പങ്കുകൊണ്ടു. ഞാൻ അദ്ദേഹത്തിനൊപ്പം ചെന്ന് കേരളീയവിഭവങ്ങൾ പരിചയപ്പെടുത്തി. ഓരോ വിഭവവും രുചിച്ചുനോക്കി അതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. പേരാവൂരിലേക്ക് റോഡുമാർഗം കുറച്ചധികം ദൂരം പോവാനുണ്ടെന്ന് പറഞ്ഞപ്പോൾ നീരസം പ്രകടിപ്പിക്കാതെ അദ്ദേഹം പറഞ്ഞു: ‘‘നമ്മുടെ നാടിനുവേണ്ടി മെഡൽനേടിയ ഒരു അത്‌ലറ്റിനെ ആദരിക്കാനല്ലേ. സാരമില്ല.’’

പേരാവൂരിൽ മിൽഖയെ വരവേൽക്കാൻ വലിയ ജനാവലി എത്തിയിരുന്നു. ആനകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് മിൽഖയെ പേരാവൂരിലേക്ക് വരവേറ്റത്. പക്ഷേ, മഴ കോരിച്ചൊരിയുകയായിരുന്നു. തലേദിവസംവരെ മഴയുടെ ലാഞ്ഛനപോലുമില്ലാത്തതിനാൽ പുരസ്കാരദാനച്ചടങ്ങിന് ഒരുക്കിയിരുന്നത് തുറന്നവേദിയായിരുന്നു. എഴുപത് പിന്നിട്ട മനുഷ്യനോട് മഴയത്ത് വേദിയിൽനിന്ന് സമ്മാനദാനം നിർവഹിക്കണമെന്ന് എങ്ങനെ പറയും?  അപ്പോഴും അദ്ദേഹം ഞങ്ങളെ വിസ്മയിപ്പിച്ചുകളഞ്ഞു. മഴ വകവെക്കാതെ ഒരു യുവാവിനെപ്പോലെ അവിടത്തെ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ സ്റ്റേജിന്റെ പടവുകൾ അദ്ദേഹം ഓടിക്കയറി. ആർപ്പുമുഴക്കിയ ജനാവലിക്കുനേരെ കൈവീശിക്കാണിച്ചു. ഹിന്ദിയിലായിരുന്നു മിൽഖയുടെ പ്രസംഗം. ഇന്ത്യക്കും അഞ്ജുവിനുംവേണ്ടി ജയ് വിളിക്കാൻ അദ്ദേഹം ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു. അവരങ്ങനെ ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു.
അവാർഡ്ദാനച്ചടങ്ങ് കഴിഞ്ഞ് അന്ന് ഞങ്ങളുടെ അതിഥിയായി കോഴിക്കോട്ട് താമസിച്ച് അടുത്ത ദിവസമാണ് അദ്ദേഹവും പത്നിയും നാട്ടിലേക്ക് മടങ്ങിയത്. യാത്രപറയുമ്പോൾ എന്നെ ആലിംഗനംചെയ്ത് അദ്ദേഹം പറഞ്ഞു: ‘‘താങ്ക്യു ബേട്ടാ.’’

‘‘അങ്ങ് ഇവിടെവരെ വന്നതിന് ഞങ്ങളല്ലേ നന്ദിപറയേണ്ടതെ’’ന്ന് തിരിച്ചുചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘സുന്ദരമായ ഈ നാട്ടിൽവന്ന് ഇവിടത്തെ സ്നേഹസമ്പന്നരായ മനുഷ്യരെ കാണാനും അഞ്ജുവിനെപ്പോലൊരു അത്‌ലറ്റിനെ അഭിനന്ദിക്കാനും വേദിയൊരുക്കിയത് നിങ്ങളാണ്. ഈ പ്രായത്തിൽ ദീർഘയാത്രകൾചെയ്യാൻ മടിക്കുന്ന എന്നെ ഇവിടെയെത്തിച്ചത് നിങ്ങളുടെയെല്ലാം സ്നേഹമാണ്.’’

അന്നെനിക്ക് ബോധ്യംവന്നു, ഇന്ത്യകണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റ് മാത്രമല്ല പറക്കും സിഖ്; മനസ്സിൽ നിറയെ നന്മയും സ്നേഹവുമുള്ള നിഷ്കളങ്കനായ മനുഷ്യൻകൂടിയാണ്. ആ മഹാമനുഷ്യന്റെ, പോരാളിയുടെ സ്മരണകൾക്കുമുന്നിൽ ഒരു ബിഗ് സല്യൂട്ട്.

(മാതൃഭൂമി മാനേജിങ്‌ ഡയറക്ടറാണ്‌ ലേഖകൻ)