കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മാതൃഭൂമിയും കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷനും സംയുക്തമായി സംസ്ഥാനതലത്തില്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു.
മികച്ച കൗമാരതാരങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് 'റൂള്‍ ദ കോര്‍ട്ട് മാതൃഭൂമി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്' സംഘടിപ്പിക്കുന്നത്.
മികച്ച രണ്ട് താരങ്ങള്‍ക്ക് മുന്‍ ലോക-ഒളിമ്പിക് ചാമ്പ്യന്‍ ആര്‍. കാന്‍ഡ്ര വിജയയുടെ ഇന്‍ഡൊനീഷ്യയിലെ ഇന്റര്‍ നാഷണല്‍ സെന്ററില്‍ 21 ദിവസത്തെ പരിശീലനം ലഭിക്കും.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം. 14 ജില്ലകളിലെ പ്രാഥമിക റൗണ്ട് മത്സരം നവംബര്‍ ആദ്യപകുതിയില്‍ നടക്കും. ഫൈനല്‍ റൗണ്ട് ഡിസംബര്‍ ഏഴ്, എട്ട് തീയതികളില്‍ കോഴിക്കോട്ടാണ്. ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ മത്സരമുണ്ടാകും. സ്‌കൂള്‍ ടീമുകള്‍ക്കാണ് മത്സരിക്കാന്‍ കഴിയുന്നത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് സ്‌കൂള്‍ മത്സരാര്‍ഥികള്‍ക്കുള്ള സംയുക്ത വേദി ആയിരിക്കും ഈ ചാമ്പ്യന്‍ഷിപ്പ്.
ഒരോ ടീമിലും മൂന്ന് മുതല്‍ നാലു വരെ താരങ്ങളെ ഉള്‍പ്പെടുത്താം. രണ്ട് സിംഗിള്‍സ്, ഒരു ഡബിള്‍സ് എന്നിങ്ങനെയാകും മത്സരഘടന. ഒരോ ജില്ലയില്‍നിന്നും ഇരു വിഭാഗങ്ങളിലുമായി ചാമ്പ്യന്‍മാരും റണ്ണറപ്പും സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും.
സംസ്ഥാനതലത്തില്‍ 56 ടീമുകള്‍ പങ്കെടുക്കും. ടൂര്‍ണമെന്റിലെ ഭാവിതാരമായി ആണ്‍-പെണ്‍ വിഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് കുട്ടികള്‍ക്കാണ് ആര്‍. കാന്‍ഡ്ര വിജയ അക്കാദമിയില്‍ പരിശീലനത്തിന് അവസരം ലഭിക്കുക. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ വിജയിക്കുന്ന ടീമിനും റണ്ണറപ്പ് ടീമിന് ട്രോഫികളും കാഷ് പ്രൈസും ഉണ്ടാകും.
ജില്ലാതല മത്സര വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടാകും. www.kbsa.co.in എന്ന വെബ്സൈറ്റ് വഴി തിരുവനന്തപുരം, കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ നവംബര്‍ നാല് വരെ രജിസ്‌ട്രേഷന്‍ ചെയ്യാം.
Content Highlights: Rule The Court Mathrubhumi All Kerala Inter School Badminton Championship 2019