മരണത്തില്‍ കളിക്കളങ്ങളൊന്നും നിശ്ചലമായില്ല. മൈതാനങ്ങളില്‍ പന്തുരുണ്ടുകൊണ്ടേയിരുന്നു. ദിശ തെറ്റാതെയും വളഞ്ഞുപുളഞ്ഞും ഗോള്‍വലകള്‍ തേടിയുള്ള ഫുട്ബോളുകളുടെ യാത്രകളും തുടര്‍ന്നു. എന്നാല്‍ പന്തുകളിയുടെ കാലം വിഭജിക്കപ്പെട്ടു. കഴിഞ്ഞ നവംബര്‍ 25-ന് ശേഷമത് മാറഡോണയ്ക്ക് മുമ്പും പിമ്പുമായി മാറി.

പന്തുപോലെയുള്ള ഭൂമി മാറഡോണയില്ലാതെ കറങ്ങിത്തിരിഞ്ഞ് ഒരുവട്ടമെത്തുമ്പോള്‍ ഫുട്ബോള്‍ ലോകത്ത് പലതും സംഭവിച്ചിട്ടുണ്ട്, കളിയും ഗോളും കിരീടവിജയങ്ങളുമെല്ലാം. മാറഡോണയുടെ ഇഷ്ട ടീമുകളില്‍ ഇതിഹാസത്തിന്റെ ഓര്‍മ തങ്ങിനില്‍ക്കുന്നു. അര്‍ജന്റീന, ബൊക്ക ജൂനിയേഴ്സ്, നാപ്പോളി ടീമുകള്‍ മാറഡോണയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. താരത്തിന്റെ വേര്‍പാടിന് ശേഷം ഈ ടീമുകള്‍ ഓര്‍മ കെട്ടുപോകാതെ സൂക്ഷിക്കുന്നുണ്ട്.

ഡീഗോയ്ക്കായി ഉയര്‍ത്തിയ കോപ്പ

28 വര്‍ഷത്തിനുശേഷം കോപ്പ അമേരിക്കയില്‍ മുത്തമിട്ടപ്പോള്‍ ആ വിജയം മെസ്സിയും സംഘവും സമര്‍പ്പിച്ചത് അവരുടെ ഇതിഹാസതാരവും മുന്‍ പരിശീലകനുമായ മാറഡോണയ്ക്കായിരുന്നു. മാരക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കപ്പുയര്‍ത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കരിയറിലെ ആദ്യ പ്രധാനകിരീടം കൂടിയായിരുന്നു കോപ്പ വിജയം. മാറഡോണയുടെ വിയോഗത്തിന് ശേഷം ദേശീയ ടീം നേടുന്ന ആദ്യകിരീടനേട്ടം കൂടിയായിരുന്നു ഇത്.

മാറഡോണ കപ്പ് നേടി ബൊക്ക

അര്‍ജന്റീന ആഭ്യന്തര ഫുട്ബോളില്‍ ആരംഭിച്ച കോപ്പ ഡീഗോ അര്‍മാന്‍ഡോ മാറഡോണ കപ്പ് സ്വന്തമാക്കിയാണ് മാറഡോണയുടെ പ്രിയ ക്ലബ്ബ് ബൊക്ക ജൂനിയേഴ്സ് ഓര്‍മപുതുക്കിയത്. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബാന്‍ഫീല്‍ഡിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് നേട്ടം. കോപ്പ ഡി ലിഗ പ്രൊഫഷണല്‍ എന്ന പേരില്‍ ആരംഭിച്ച ടൂര്‍ണമെന്റ് മാറഡോണയുടെ മരണത്തിന് ശേഷം പേരുമാറ്റുകയായിരുന്നു. ബൊക്ക ജൂനിയേഴ്സില്‍ കരിയറിന്റെ തുടക്കകാലത്ത് കളിച്ച താരം കരിയര്‍ അവസാനിപ്പിക്കുന്നതും ഇതേ ക്ലബ്ബിലൂടെയാണ്.

സ്റ്റേഡിയം നല്‍കി നാപ്പോളി

ക്ലബ്ബ് കരിയറില്‍ മാറഡോണ ഏറ്റവും കൂടുതല്‍ കളിച്ചത് ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയിലായിരുന്നു. 259 മത്സരം കളിച്ച താരം 115 ഗോളും നേടി. സ്വന്തം സ്റ്റേഡിയത്തിന് താരത്തിന്റെ പേര് നല്‍കിയാണ് നാപ്പോളി മാറഡോണയുടെ ഓര്‍മ സൂക്ഷിക്കുന്നത്. സാന്‍ പൗളോ സ്റ്റേഡിയമാണ് ഡീഗോ അര്‍മാന്‍ഡോ മാറഡോണ എന്ന പേരിലേക്ക് മാറ്റിയത്.

Content Highlights: Tribute to Diego Maradona by Argentina football team Boca juniors and Napoli