ലയിലെത്തുക എന്നതാണ് പന്തിന്റെ സാഫല്യം. അവധാനതയോടെ നെഞ്ചില്‍ സ്വീകരിച്ച്, വിദഗ്ധമായ് ഡ്രിബിള്‍ ചെയ്ത്, കണിശമായ പാസുകള്‍ നല്‍കി, കൃത്യതയോടെ, ഭംഗിയോടെ വലയിലെത്തിക്കുന്നവരെ പന്ത് സ്‌നേഹിക്കുന്നു. പന്തിനെ മാന്ത്രികമായി സ്പര്‍ശിച്ചവരെല്ലാം ലോകത്തെ വിസ്മയിപ്പിച്ചു. അവരെ ലോകം ആരാധിക്കുന്നു. മനുഷ്യര്‍ ശ്വസിക്കുന്ന അതേ ജീവവായുതന്നെ പന്തിലുമുണ്ട്, പ്രാണനും. ആര് സ്പര്‍ശിച്ചപ്പോഴായിരിക്കും ആ പന്ത് ഏറ്റവുമധികം പുളകംകൊണ്ടിരിക്കുക? ഡീഗോ മാറഡോണ? ഈ തലമുറയുടെ ഉത്തരം അതായിരിക്കും. ലോകകപ്പ് ഫുട്ബോളിന്റെ നവതി വര്‍ഷമാണിത്. 1986-ല്‍ മാറഡോണയും അര്‍ജന്റീനയും ജയിച്ച മെക്‌സിക്കോ ലോകകപ്പിന് സൗരഭ്യം കൂടും. ഒറ്റയ്ക്ക് നേടിയ ലോകകപ്പുമായി, 26-ാം വയസ്സിലാണ് മാറഡോണ ഭൂമിയെ വലംവെച്ചത്. ലോകത്തിന്റെ സകലകോണുകളിലും ആ വീരനായകന്റെ കഥയെത്തി. കണ്ടവര്‍, കേട്ടവര്‍, അറിഞ്ഞവര്‍, വായിച്ചവര്‍, അനുഭവിച്ചവര്‍... എല്ലാം ആ കുറിയ മനുഷ്യനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചു.

അറുപതാം പിറന്നാള്‍ ദിനത്തില്‍ ലോകമെങ്ങുമുള്ള ആരാധകര്‍ ആ മഹാമനുഷ്യന് ഹൃദയപുരസ്സരം ആശംസകള്‍ നേരുന്നു.

മാറഡോണ വികൃതിയായ ഒരു മാസ്മരിക പ്രതിഭയാണ്. ദൈവം അവനോടുകൂടിയായിരുന്നു. ദൈവത്തിന്റെ കൈ അവനില്‍ പ്രവര്‍ത്തിച്ചു. അതുകൊണ്ടായിരിക്കാം ആ ജീവിതം ദൈവികോന്മാദത്തില്‍  ആയിപ്പോയത്. ലോകത്ത് അര്‍ജന്റീനാ പ്രേമത്തിന്റെ ആദ്യനിമിത്തം മാറഡോണയുടെ ലോകകപ്പ് ജയമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവികളില്‍ ആ വിസ്മയം കണ്ട് ഇങ്ങ് കേരളവും ഇളകിമറിഞ്ഞു. അന്നുമുതല്‍ ഇന്നുവരെ അര്‍ജന്റീന എന്നു കേട്ടാല്‍ കേരളത്തിലെ ആരാധകരില്‍ ലഹരിനുരയും. ദൈവം വീണ്ടും ഭൂമിയിലിറങ്ങിവന്നത് ഡീഗോ മാറഡോണയ്ക്ക് വേണ്ടിയായിരുന്നോ? കളിമുറുകിയപ്പോള്‍, ദൈവവും ഒരു ഗോളടിച്ചു, മാറഡോണയുടെ കൈകളാല്‍. പക്ഷേ, മാറഡോണയ്ക്ക് ഒരു കളങ്കമേല്‍ക്കാന്‍ ദൈവം അനുവദിച്ചില്ല. തൊട്ടുപിന്നാലെ, ഭൂമിയില്‍ മനുഷ്യന്‍ കണ്ട ഏറ്റവും മനോഹരമായ ഗോള്‍ നല്‍കി അദ്ദേഹത്തെ അനുഗ്രഹിച്ചു. തീര്‍ന്നില്ല, സാര്‍വത്രികഭൗതികമഹത്ത്വമായ ലോകകിരീടവും സമ്മാനിച്ചു. ഫുട്ബോള്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങള്‍.

പെലെ എന്ന വിസ്മയത്തെ ലോകത്തെ കുട്ടികള്‍ ചെറിയ ക്ലാസുകളിലേ പഠിക്കുന്നു. പെലെ നേടിയ ആയിരത്തിലേറെ ഗോളുകളെ മനസ്സില്‍ കൊണ്ടുനടക്കുന്ന കാലത്താണ് മാറഡോണയുടെ ഉദയം. മെക്‌സിക്കോയിലെ ഒരു മാസക്കാലം. അതില്‍ ലോക കായികലോകം തകിടംമറിഞ്ഞു. അന്നുമുതല്‍ ഇന്നുവരെ ലോക കായികവേദിയിലെ നക്ഷത്രദീപ്തിയാണ് ഡീഗോ.

സ്മരണകളിലാണ് ആനന്ദമെന്ന് മാര്‍ക് ട്വെയ്ന്‍ എഴുതിയിട്ടുണ്ട്. ഡീഗോ മാറഡോണ കളിക്കളത്തില്‍ സൃഷ്ടിച്ച മാന്ത്രികനിമിഷങ്ങളുടെ ഓര്‍മകള്‍ എക്കാലത്തും ലോകത്തിന് ആനന്ദമാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ ജീവനുണ്ട്. ഇനിയും അതിലേറെയുണ്ടാവും. അതിനിടയിലെ അറുപതോ എഴുപതോ വര്‍ഷത്തെ മനുഷ്യായുസ്സില്‍ സംഭവിക്കുന്ന കാര്യങ്ങളെ അതിവിശാലമായ കാലം മായ്ച്ചുകളഞ്ഞേക്കാം. പക്ഷേ, ദീര്‍ഘകാലം തലമുറകളെ പ്രചോദിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വം ജീവിതങ്ങളുണ്ട്. അതിലൊന്ന് മാറഡോണയുടെ ഫുട്ബോള്‍ നിമിഷങ്ങളാണ്. ലോകത്തെ വിസ്മയിപ്പിച്ച മാന്ത്രിക പ്രതിഭയ്ക്ക് പിറന്നാള്‍ ഭാവുകങ്ങള്‍...

Content Highlights: Diego Maradona Turns 60 Today