രു കാലഘട്ടത്തിന്റെ ആവേശമായിരുന്നു ഡീഗോ അര്‍മാന്‍ഡോ മാറഡോണയെന്ന അര്‍ജന്റൈൻ ഇതിഹാസം. 1986-ല്‍ ഒന്നുമല്ലാതിരുന്ന ഒരു ടീമിനെ ഒറ്റയ്ക്ക് നയിച്ച് കിരീടത്തിലേക്ക് കൈപിടിച്ചു നടത്തിയ താരം. മൈതാനത്ത് മാറഡോണ കാണിക്കുന്നതെല്ലാം അദ്ഭുതമാണെന്ന് കരുതിയ ഒരു തലമുറയുണ്ടായിരുന്നു. അവര്‍ അദ്ദേഹത്തെ ദൈവത്തിനൊപ്പം കണ്ട് പൂജിച്ചു.

1976 മുതല്‍ 1997 വരെ നീണ്ട ഫുട്‌ബോള്‍ കരിയറില്‍ പുല്‍മൈതാനത്ത് മാറഡോണയെന്ന ഇതിഹാസമൊരുക്കിയ നിരവധി അദ്ഭുത നിമിഷങ്ങളുണ്ട്. അര്‍ജന്റിനോസ് ജൂനിയേഴിസിനായി കളി ആരംഭിച്ചതു മുതല്‍ ബൊക്ക ജൂനിയേഴ്‌സില്‍ അവസാന മത്സരം കളിക്കുന്നതുവരെ നീണ്ടുനിന്ന അദ്ഭുത നിമിഷങ്ങള്‍. നൂറ്റാണ്ടിന്റെ ഗോളും, ദൈവത്തിന്റെ കയ്യൊപ്പം പതിഞ്ഞ ഗോളും നാപ്പോളിയുടെ തലവര തന്നെ മാറ്റിമറിച്ച സീസണുകളിലെ ഗോളുകളുമെല്ലാം ഈ അദ്ഭുത നിമിഷങ്ങളില്‍ പെടുന്നവയാണ്. 

1. 1979-ലെ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ്

മാറഡോണ എന്ന കഴിവൊത്ത യുവതാരത്തെ ഫുട്‌ബോള്‍ ലോകം അറിഞ്ഞു തുടങ്ങുന്ന സമയം. 1977-ല്‍ അരങ്ങേറ്റം കുറിച്ചെങ്കിലും തീരേ ചെറിയ പ്രായമായതിനാല്‍ 1978-ലെ കാര്‍ലോസ് മെനോട്ടിയുടെ ലോകകപ്പ് ടീമില്‍ അവസരം കിട്ടാതിരുന്ന സമയം. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ജപ്പാനില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പ്, തന്നെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാത്തവര്‍ക്കുള്ള മാറഡോണയുടെ മറുപടിയായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്‍ഡൊനീഷ്യയേയും (5-0), പോളണ്ടിനെയും (4-1) തകര്‍ത്ത് അര്‍ജന്റീനയുടെ യുവരക്തങ്ങള്‍ മുന്നേറിയപ്പോള്‍ മൂന്നു ഗോളുകളുമായി കളംനിറഞ്ഞത് മാറഡോണയായിരുന്നു. പിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അള്‍ജീരിയക്കെതിരായ 5-0ന്റെ വിജയം. സെമിയില്‍ യുറഗ്വായെ മറികടന്ന് ടീം ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ നോക്കൗട്ടിലെ എല്ലാ മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് മാറഡോണയും തിളങ്ങി. ഫൈനലില്‍ സോവിയറ്റ് യൂണിയനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീനയുടെ യൂത്ത് ടീം കിരീടമണിഞ്ഞപ്പോള്‍ കലാശപ്പോരിലും വലകുലുക്കി മാറഡോണ തിളങ്ങി. 

2. 1980-ലെ അര്‍ജന്റിനോസ് ജൂനിയേഴ്‌സ് - ബൊക്ക ജൂനിയേഴ്‌സ് മത്സരം

1976 ഒക്ടോബറില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി കളിക്കാനിറങ്ങുമ്പോള്‍ മാറഡോണയ്ക്ക് പ്രായം 15. അഞ്ചു വര്‍ഷത്തോളം അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി ബൂട്ടുകെട്ടിയ മാറഡോണ പിന്നീട് 1981-ലാണ് ബൊക്ക ജൂനിയേഴ്‌സിലേക്ക് മാറുന്നത്. മാറഡോണയെ ബൊക്ക ജൂനിയേഴ്‌സ് റാഞ്ചാന്‍ കാരണമായ മത്സരം നടന്നത് 1980-ല്‍ ആയിരുന്നു. മാറഡോണയുടെ അര്‍ജന്റിനോസ് ജൂനിയേഴ്‌സായിരുന്നു അന്ന് ബൊക്ക ജൂനിയേഴ്‌സിന്റെ എതിരാളികള്‍. മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബൊക്ക ജൂനിയേഴ്‌സ് ഞെട്ടിയ മത്സരത്തില്‍ അവരുടെ വലയിലെത്തിയ അഞ്ചില്‍ നാലു ഗോളുകളും മാറഡോണയുടെ ബൂട്ടില്‍ നിന്നായിരുന്നു. അവയില്‍ രണ്ടെണ്ണമാകട്ടെ അസാമാന്യ ഫ്രീകിക്കുകളും. 

3. അര്‍ജന്റീന-ഇംഗ്ലണ്ട് 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍

ഫുട്‌ബോള്‍ ഉള്ള കാലത്തോളം ലോകത്ത് ആരും തന്നെ മറക്കാത്ത മത്സരം. മാറഡോണയെന്ന ഇതിഹാസത്തിന്റെ രണ്ടു മുഖങ്ങള്‍ക്ക് ലോകം സാക്ഷിയായ മത്സരം. 1986 ജൂണ്‍ 22-ന് ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരുലക്ഷത്തിലേറെ വരുന്ന കാണികളെ സാക്ഷിയാക്കി 51-ാം മിനിറ്റില്‍ മാറഡോണ ജോര്‍ജ് വാല്‍ദാനോ നല്‍കിയ പന്ത് ഇംഗ്ലണ്ടിന്റെ വിഖ്യാത ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന്റെ തലയ്ക്കു മുകളിലൂടെ ചാടി കൈ കൊണ്ട് ഗോളിലേക്ക് കുത്തിയിട്ടു. ഇംഗ്ലണ്ട് താരങ്ങള്‍ ഹാന്‍ഡ് ബോളിനായി വാദിച്ചെങ്കിലും റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. പിന്നീട് മാറഡോണ തന്നെ സത്യം തുറന്നുപറഞ്ഞെങ്കിലും 'ദൈവത്തിന്റെ കൈ' എന്ന പേരില്‍ ആ ഗോള്‍ പ്രസിദ്ധമായി. എന്നാല്‍ നാലു മിനിറ്റുകള്‍ക്കു ശേഷം എതിര്‍ ടീമിനെയും കായിക ലോകത്തെയും അത്ഭുതപ്പെടുത്തിയ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നിനും മാറഡോണ ഉടമയായി. സ്വന്തം ഹാഫില്‍ നിന്ന് പന്ത് സ്വീകരിച്ച മാറഡോണ ഇംഗ്ലണ്ട് താരങ്ങളെ ഓരോന്നായി മറികടന്ന് മുന്നേറി ഒടുവില്‍ പീറ്റര്‍ ഷില്‍ട്ടനെയും സ്തബ്ധനാക്കി വലകുലുക്കി. 2002-ല്‍ ഈ ഗോള്‍ ഫിഫ നൂറ്റാണ്ടിന്റെ ഗോള്‍ ആയി തിരഞ്ഞെടുത്തു.

4. അര്‍ജന്റീന-പശ്ചിമ ജര്‍മനി 1986 ലോകകപ്പ് ഫൈനല്‍

1986-ലെ മാറഡോണയുടെ തേരോട്ടത്തിന്റെ കലാശപ്പോരാട്ടം. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും സെമിയില്‍ ബെല്‍ജിയത്തെയും കീഴടക്കി മാറഡോണയും സംഘവും പശ്ചിമ ജര്‍മനിക്കെതിരായ ഫൈനല്‍ മത്സരത്തിന്. മാറഡോണയെ ഇടംവലം തിരിയാന്‍ അനുവദിക്കാതിരിക്കുക എന്നതായിരുന്നു ബെക്കന്‍ബോവര്‍ തന്റെ കുട്ടികള്‍ക്ക് നല്‍കിയ നിര്‍ദേശം. അതോടെ ജോസ് ലൂയിസ് ബ്രൗണിനും ജോര്‍ജ് വാല്‍ഡാനോയ്ക്കും യഥേഷ്ടം വഴിതുറന്നു കിട്ടി. 55 മിനിറ്റുകള്‍ക്കുള്ളില്‍ അര്‍ജന്റീന രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തി. എന്നാല്‍ കാള്‍ ഹെയ്ന്‍സിലൂടെയും റുഡി വോളറിലൂടെയും പശ്ചിമ ജര്‍മനി തിരിച്ചടിച്ചു. മത്സരം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ ജോര്‍ജ് ബുറുഷയ്ക്ക് മാറഡോണയുടെ അളന്നുമുറിച്ചൊരു പാസ്. പന്തിനെ വലയിലേക്ക് തട്ടിവിടേണ്ട കാര്യമേ ജോര്‍ജിനുണ്ടായിരുന്നുള്ളൂ. അര്‍ജന്റീനയ്ക്ക് സ്വപ്‌നസാഫല്യം. മാറഡോണയ്ക്ക് ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും.

Content Highlights: Diego Maradona the best moments of all time