ന്ത് കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസം അവിടെ അവതരിച്ചപ്പോള്‍ അതുവരെ അലറിവിളിച്ച തൊണ്ടകള്‍ ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ വായുവില്‍ മെക്‌സിക്കന്‍ തിരമാലകളുയര്‍ന്നു. ഡീഗോ എന്ന രണ്ടക്ഷരത്തിലേക്ക് കാല്‍ലക്ഷത്തോളം പേര്‍ ഒതുങ്ങി. അളന്നെടുത്ത 20 മിനിറ്റുകൊണ്ട് ആരാധകര്‍ക്ക് മുന്നില്‍ ഡീഗോ മാറഡോണയെന്ന അഞ്ചടി അഞ്ചിഞ്ചുകാരന്‍ ആകാശത്തോളം ഉയര്‍ന്നു.

പന്ത് കളിച്ചും നൃത്തം ചെയ്തും വായുവില്‍ ചുംബനങ്ങളെറിഞ്ഞുമുള്ള നിമിഷങ്ങള്‍... അതിനൊടുവില്‍ മൈതാനവും പന്തുമായി രൂപംമാറിയെത്തിയ കേക്ക് മുറിച്ചൊരു പിറന്നാള്‍. 2012-ല്‍ കേരളത്തിലെത്തിയ മാറഡോണ വേറിട്ടൊരു ജന്മദിനാഘോഷം നടത്തിയാണ് നാട്ടിലേക്ക് പറന്നത്.

മാറഡോണയുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത പിറന്നാള്‍ ആഘോഷം കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടന്നത്. പിറന്നാള്‍ ദിനത്തിന് ആറ് ദിവസം മുമ്പാണ് ചടങ്ങ് നടന്നത്. ചെമ്മണൂര്‍ ജൂവലറിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ആഘോഷം സംഘടിപ്പിച്ചത്. പിറന്നാള്‍ നടത്തുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നു. താരത്തിന്റെ മാറിമറിയുന്ന സ്വഭാവംതന്നെ കാരണം. എന്നാല്‍ മാസ്മരികാന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്ന മാറഡോണ സമ്മതം മൂളിയതോടെ ആഘോഷം ഗംഭീരമായി നടന്നു. മാറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവും ആഘോഷവുമെല്ലാം നാടകീയമായിരുന്നു. ഇതിഹാസതാരം വരുമെന്നറിഞ്ഞതോടെ പുലര്‍ച്ചെ നാല് മണിയോടെതന്നെ സ്റ്റേഡിയം നിറഞ്ഞിരുന്നു. 11.25-ഓടെ ഹെലികോപ്റ്ററില്‍ സ്റ്റേഡിയത്തിനടുത്തുള്ള പോലീസ് ഗ്രൗണ്ടിലെത്തി. അവിടെനിന്ന് വേദിയിലേക്ക്.

പൊരിവെയിലില്‍ മണിക്കൂറുകളോളം താരത്തിനായി കാത്തിരുന്ന കാണിക്കൂട്ടം ഇളകിമറിഞ്ഞു. ഡീഗോ വിളികള്‍ ഉച്ചത്തിലായി. എന്നും ആരാധകരാല്‍ ഉത്തേജിതനായിരുന്ന മാറഡോണ ഗൗരവം വിട്ട് ആവേശഭരിതനായി. ഐ.എം. വിജയനുമായി മനോഹരമായ പന്തുകളി, അവതാരക രഞ്ജിനി ഹരിദാസുമായി തകര്‍പ്പന്‍ ഡാന്‍സ്.

വേദിവിടുന്നതിന് തൊട്ടുമുമ്പായിട്ടാണ് വലിയ ഫുട്‌ബോള്‍ മൈതാനവും പന്തും ലോകകപ്പുമുള്ള കേക്ക് താരത്തിന് മുന്നിലെത്തിയത്. വിജയനെയും കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും എം.എല്‍.എ. എ.പി. അബ്ദുള്ളക്കുട്ടിയെയും ബോബി ചെമ്മണൂരിനെയും യു. ഷറഫലിയെയും ചേര്‍ത്തുനിര്‍ത്തി മാറഡോണ കേക്കുമുറിച്ചു. മൈതാനത്തില്‍നിന്ന് 'ഹാപ്പി ബര്‍ത്ത് ഡേ ഡീഗോ' മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈയുകളുമുയര്‍ത്തി ഡീഗോ തിരിച്ചുപറഞ്ഞു 'വിവാ ഇന്ത്യ, വിവാ ഇന്ത്യ, ഐ ലവ് കേരള'...

Content Highlights: Diego Maradona once celebrated his birthday in Kerala as well