2012-ല്‍ തന്റെ 52-ാം പിറന്നാളിന് ആറ് ദിവസം മുമ്പാണ് ഫുട്‌ബോളിന്റെ ദൈവമായ മാറഡോണ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തിയത്. കണ്ണൂരിലെ മാറഡോണ സന്ദര്‍ശനം ഇന്നും കേരള ചരിത്രത്തിലെ തന്നെ അപൂര്‍വ നിമിഷങ്ങളിലൊന്നായി തിളങ്ങി നില്‍ക്കുന്നു. എന്നാല്‍ ആ ദിവസം മാറഡോണ പോലും അറിയാത്ത ഒരു രഹസ്യം ആ വേദിയില്‍ ഒളിഞ്ഞുകിടക്കുന്നുണ്ടായിരുന്നെങ്കിലോ? അങ്ങനെയൊരു രഹസ്യത്തെ കുറിച്ചാണ് പ്രശസ്ത കഥാകൃത്ത് ഇ.സന്തോഷ് കുമാര്‍ 'മാറഡോണ കേരളത്തില്‍ വന്നപ്പോഴുണ്ടായ രഹസ്യസംഭവം' എന്ന കഥയിലൂടെ വെളിപ്പെടുത്തുന്നത്. മാറഡോണ കണ്ണൂരിലെത്തിയ ദിവസത്തെ മറ്റൊരു അതീവരഹസ്യം കഥാകൃത്ത് കണ്ടെടുക്കുകയാണ്. 

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയായ കനകക്കുന്നിലാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്ന് കഥാകാരന്‍ വായനക്കാരനെയും കൂട്ടി കണ്ണൂരിലേക്ക് പുറപ്പെടുന്നു. പുലര്‍ച്ചെ നാലുമണിമുതല്‍ മറഡോണയുടെ വരവും കാത്ത് കണ്ണൂര്‍ മുനിസിപ്പില്‍ സ്റ്റേഡിയത്തില്‍ കൂടിനില്‍ക്കുന്ന പതിനായിരങ്ങളെ കാണിച്ചുതരുന്നു. കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തി ഹോട്ടല്‍മുറിയില്‍ വിശ്രമിക്കുന്ന മാറഡോണയെയുടെ അടുത്തേക്ക് കൂട്ടികൊണ്ടുപോകുന്നു. പിന്നെ നടക്കുന്നതെല്ലാം അല്‍പം രഹസ്യസ്വഭാവമുള്ളതാണെന്ന് കഥാകാരന്‍ പറയുന്നു. ആ സംഭവങ്ങളെല്ലാം രഹസ്യസ്വഭാവത്തില്‍ വായനക്കാരനോട് പറഞ്ഞുതരികയാണ്. കഥാകാരനും വായനക്കാരനൊപ്പം കേള്‍വിക്കാരനാകുന്നു എന്നതാണ് കഥയുടെ മറ്റൊരു പ്രത്യേകത. 

maradona
വര: ശ്രീലാൽ

മാറഡോണ കേരളത്തിലെത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ, മാറഡോണ താമസിച്ച അതേ ഹോട്ടലില്‍ താമസിച്ച പത്രപ്രവര്‍ത്തകനാണ് കഥയില്‍ ചുരുളഴിയാത്ത ആ രഹസ്യം വെളിപ്പെടുത്തുന്നത്. കഥാകാരന്‍ വായനക്കാരനുവേണ്ടി ഓരോ സംഭവങ്ങളും വളരെ വിപുലമായി ചോദിക്കുയാണ്. ഇവരുടെ  സംഭാഷണത്തിലൂടെയാണ് കഥ വികസിക്കുന്നതും രഹസ്യസംഭവം പുറത്തുവരുന്നതും. മാറഡോണ വന്ന ആ ദിവസത്തെ വാക്കുകളിലൂടെ സന്തോഷ്‌കുമാര്‍ വായനക്കാരന്റെ മനസിലേക്ക് വരച്ചിടുന്നു. ചെഗുവേരയെയും ഫിദല്‍ കാസ്‌ട്രോയോയുടെയും ചിത്രങ്ങള്‍ ശരീരത്തില്‍ പച്ചകുത്തിയ മാറഡോണയുടെ ശരീരത്തിലുള്ള മറ്റു ടാറ്റുകളെക്കുറിച്ചുള്ള കൗതുകവിവരങ്ങളടക്കം പലതും കഥയില്‍ ഭംഗിയായി കഥാകാരന്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. കഥയുടെ ആഖ്യാനരീതി വളരെ ലളിതമാണ്.

sports masika
സ്പോർട്സ് മാസിക വാങ്ങാം

അതിനാല്‍ എല്ലാ വായനക്കാര്‍ക്കും വളരെ പെട്ടെന്ന് തന്നെ കഥയിലേക്ക് പ്രവേശിക്കാനും ഒപ്പം സഞ്ചരിക്കാനും സാധിക്കുന്നു. പതിവ് സന്തോഷ് കുമാര്‍ കഥകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യാവസാനം നിറയുന്ന ത്രില്ലര്‍ സ്വഭാവമാണ് കഥയുടെ പ്രത്യേകത. യഥാര്‍ഥ്യവും ഫിക്ഷനും തമ്മിലുള്ള അതിരുകള്‍ വായനക്കാരന് മനസിലാക്കാത്ത വിധം കഥയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. കേരളത്തില്‍ നടന്ന ഏറെ ജനകീയമായ ഒരു സംഭവത്തെ അതിനേക്കാള്‍ ത്രില്ലിങ് നിറഞ്ഞ സ്വഭാവത്തിലേക്ക് മാറ്റുന്നതില്‍ കഥാകാരന്‍ വിജയിക്കുന്നു. മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക മാറഡോണ പ്രത്യേക പതിപ്പിന് വേണ്ടി സന്തോഷ് കുമാര്‍ രചിച്ച ഈ കഥ ഫുട്‌ബോള്‍ ആരാധകര്‍ക്കുമാത്രമല്ല എല്ലാത്തരം വായനക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വായനാനുഭവമാണ്. 

മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക വാങ്ങാം