മാറഡോണ എന്ന താരത്തെ നമുക്ക് വിലയിരുത്താന്‍ സാധിക്കുന്നത് മൂന്ന് തരത്തിലാണ്. ഒന്ന് കളിക്കാരനെന്ന നിലയില്‍ മറ്റൊന്ന് പരിശീലകനെന്ന നിലയില്‍ പിന്നീട് ഒരു വ്യക്തിയെന്ന നിലയില്‍. 

നമ്പര്‍ 10 എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസിലേക്ക് വരുന്നത് രണ്ട് പേരുകളാണ്. പെലെയും മാറഡോണയും. പെലെയുടെ കാലത്തെ മത്സരങ്ങളാണ് ആദ്യ കാണുന്നത്. നമ്പര്‍ 10 അന്നേ മനസില്‍ പതിഞ്ഞതാണ്. പിന്നീട് ആ സംഖ്യ വീണ്ടും മനസില്‍ ഇടംപിടിക്കുന്നത് മാറഡോണയുടെ വരവോടെയാണ്. ഒരു മാന്ത്രികനാണ് അയാള്‍. 

അദ്ദേഹത്തിന്റെ മത്സരങ്ങളില്‍ എന്നും ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നത് 1986 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരമാണ്. അന്ന് അറിയപ്പെടുന്ന അത്ര വലിയ കളിക്കാരൊന്നും ഇല്ലാതിരുന്ന ഒരു ടീമിനെ കിരീടത്തിലേക്ക് നയിച്ചതില്‍ മാറഡോണയെന്ന താരത്തിനുള്ള പങ്ക് ഒട്ടും ചെറുതല്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ ദൈവത്തിന്റെ കൈയും അതിന് മിനിറ്റുകള്‍ക്ക് ശേഷം പിറവിയെടുത്ത പില്‍ക്കാലത്ത് നൂറ്റാണ്ടിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോളുമാണ് ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന മാറഡോണ ഓര്‍മകള്‍. 

ഇടംകാലില്‍ മാജിക്കല്‍ ടച്ചുള്ള ഒരു കളിക്കാരനായിരുന്നു അദ്ദേഹം. അധികം ഉയരമില്ലെങ്കില്‍ പോലും അതൊന്നും അദ്ദേഹത്തിന്റെ കളിയെ ബാധിച്ചിരുന്നില്ല. ഏത് ഉയരമുള്ള ഡിഫന്‍ഡര്‍ക്കെതിരെയും ചാടി നോക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. 

നിരവധി താരങ്ങള്‍ ഫുട്‌ബോള്‍ കരിയറിനു ശേഷം കോച്ചിങ് ഒരു കരിയറായി സ്വീകരിച്ചിട്ടുണ്ട്. അതില്‍ മാറഡോണയുടെ ഗ്രാഫ് എടുക്കുകയാണെങ്കില്‍ ഒരു കോച്ചെന്ന നിലയില്‍ അദ്ദേഹം അത്ര സക്‌സസ്ഫുള്ളായിരുന്നു എന്ന് പറയാന്‍ സാധിക്കില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമൊന്നും ആ ടീമുകള്‍ക്ക് കാഴ്ചവെയ്ക്കാന്‍ സാധിച്ചിരുന്നില്ല. 

2008-ലാണ് അദ്ദേഹം അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. ആ കാലത്താണ് പരിശീലകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് കുറച്ചുകൂടി നന്നായതായി കാണുന്നത്. 2010-ലെ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ സൗത്ത് കൊറിയ, ഗ്രീസ്, നൈജീരിയ എന്നീ ടീമുകളെ തോല്‍പ്പിച്ചായിരുന്നു അര്‍ജന്റീനയുടെ മുന്നേറ്റം. പിന്നീട് ക്വാര്‍ട്ടറില്‍ ജര്‍മനിയോട് തോറ്റ് പുറത്താകുകയായിരുന്നു. അതിനു മുമ്പ് ഏതാനും സൗഹൃദ മത്സരങ്ങളിലും അര്‍ജന്റീന ടീം വിജയം നേടി. അതാണ് അദ്ദേഹത്തിന്റെ കോച്ചിങ് കരിയറിലെ മികച്ച കാലമായി കാണുന്നത്. 

പിന്നീട് വരുന്നത് ഒരു വ്യക്തി എന്ന നിലയില്‍ മാറഡോണ എന്തായിരുന്നു എന്നതാണ്. വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം. ജീവിതശൈലിയും വ്യത്യസ്തമായിരുന്നു. മയക്കുമരുന്നിന് അടിമയായതും പത്രക്കാര്‍ക്കെതിരേ തോക്കെടുത്തതും മയക്കുമരുന്ന ഉപയോഗത്തെ തുടര്‍ന്ന് പല ടീമുകളും എന്തിന് ലോകകപ്പില്‍ നിന്നു പോലും മാറ്റിനിര്‍ത്തിയതുമെല്ലാം വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതെല്ലാം തന്നെ കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തോടുള്ള ആരാധനയെ ബാധിച്ചിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന തിളക്കം നഷ്ടപ്പെട്ടു പോയത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. 

പെലെയേയും മാറഡോണയേയും താരതമ്യം ചെയ്യുകയാണെങ്കില്‍ പെലെ കളിക്കുന്നകാലത്ത് ബ്രസീല്‍ ടീമില്‍ ഉണ്ടായിരുന്നവരെല്ലാം തന്നെ മികച്ച കളിക്കാരായിരുന്നു. എന്നാല്‍ മാറഡോണയുടെ കാര്യം എടുക്കുകയാണെങ്കില്‍ അദ്ദേഹ കളിച്ചിരുന്ന കാലത്ത് ദേശീയ ടീമില്‍ മികവ് പുലര്‍ത്തിയിരുന്നവര്‍ കുറവായിരുന്നു. അത്തരത്തിലുള്ള ഒരു ടീമിനെ വെച്ച് 1986-ലെ ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയെങ്കില്‍ അത് ഇദ്ദേഹം ഒറ്റയാളുടെ വ്യക്തിപ്രഭാവം ഒന്നുകൊണ്ടു മാത്രമാണ്. അതുകൊണ്ടു തന്നെയാണ് അന്നത്തെ അദ്ദേഹത്തിന്റെ മത്സരങ്ങള്‍ ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത്.

Content Highlights: Diego Maradona a player with a magical touch Victor Manjila