ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശജനകമായ തുടക്കം. ശനിയാഴ്ച മത്സരത്തിനിറങ്ങിയ ഇന്ത്യന്‍താരങ്ങളായ മുഹമ്മദ് അനസിനും ദ്യുതി ചന്ദിനും സെമിയിലെത്താനായില്ല. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹീറ്റ്സില്‍ 45.98 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലയാളിതാരം അനസ് ആറാം ഹീറ്റ്സില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്. 

45.71 സെക്കന്‍ഡാണ് സെമിയിലേക്ക് യോഗ്യത നേടിയ ഏറ്റവും ഉയര്‍ന്ന സമയം. ബോട്സ്വാനയുടെ ഇസാക്ക് മക്വാല(44.55 സെ.)യാണ് ഹീറ്റ്സില്‍ മികച്ച സമയം കുറിച്ചത്. ഒളിമ്പിക് ജേതാവായ, ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീക്കര്‍ക് (45.27 സെ.) സെമിയിലെത്തിയിട്ടുണ്ട്.

അതേസമയം നൂറുമീറ്റര്‍ ഹീറ്റ്സില്‍ 12.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യുതി ചന്ദ് ഹീറ്റ്സില്‍ 38-ാം സ്ഥാനത്തായി. സെമിയിലെത്തിയ 24 പേരില്‍ അവസാനത്തെ സമയം 11.32 സെക്കന്‍ഡാണ്. ജര്‍മനിയുടെ ജിന ലൂക്കെന്‍കെംപറാണ് ഹീറ്റ്സില്‍ മികച്ച സമയം (10.95 സെ) കുറിച്ചത്. ജമൈക്കയുടെ എലെയ്നി തോംസണ്‍ (11.05 സെ), യൂറ ലെവി (11.09 സെ), ബ്രസീലിന്റെ റോസാഞ്ജല സാന്റോസ് (11.04 സെ), ഹോളണ്ടിന്റെ ഡാഫ്നെ ഷിപ്പേഴ്സ് (11.08 സെ.) തുടങ്ങി പ്രമുഖരും സെമിയിലെത്തിയിട്ടുണ്ട്.