ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ, വനിതാ വിഭാഗം നൂറു മീറ്റര്‍ ഓട്ടത്തില്‍ തിരിച്ചടി നേരിട്ട ജമൈക്കയ്ക്ക് ആശ്വാസമായി ഒമര്‍മക് ലിയോഡ്. പുരുഷന്‍മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതെത്തി ഒമര്‍ ജമൈക്കയ്ക്ക് മീറ്റിലെ ആദ്യ സ്വര്‍ണം സമ്മാനിച്ചു. നിലവിലെ സ്വര്‍ണജേതാവ് സെര്‍ജി ഷുബെന്‍കോവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒളിമ്പിക് ചാമ്പ്യനായ ഒമറിന്റെ സ്വര്‍ണനേട്ടം. 

13.04 സെക്കന്റിലാണ് ഒമര്‍ ഫിനിഷങി ലൈന്‍ തൊട്ടത്. 13.14 സെക്കന്റാണ് സെര്‍ജിയുടെ സമയം. 13.28 സെക്കന്റില്‍ ഓടിയെത്തിയ ഹംഗറിയുടെ ബലാസ് ബാജിക്കാണ് വെങ്കലം.

അതേസമയം 2012ലെ ഒളിമ്പിക് ചാമ്പ്യനായ അമേരിക്കയുടെ അരിയസ് മെരിറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ മെരിറ്റ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയതായിരു ന്നു. 

2015 ലോകചാമ്പ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണമടക്കം 12 മെഡലുകള്‍ ജമൈക്ക നേടിയിരുന്നു. എന്നാല്‍ ഇത്തവണ മികവിലേക്കുയരാന്‍ ജമൈക്കയ്ക്ക് സാധിച്ചിട്ടില്ല. ഇനി ലോകം ഉറ്റുനോക്കുന്നത് 4x100 മീറ്റര്‍ റിലേയാണ്. റിലേയില്‍ ബോള്‍ട്ടും ഒമറും ജമൈക്കയ്ക്കായി ട്രാക്കിലിറങ്ങും.