ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ദാവീന്ദര്‍ സിങ്ങ്. ലോകചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് ദാവീന്ഗര്‍ ലണ്ടനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കുറിച്ചത്. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ദാവീന്ദറിന്റെ മുന്നേറ്റം.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദാവീന്ദര്‍ തോളിനേറ്റ പരിക്കിനെ അതിജീവിച്ചാണ് ഫൈനലിലെത്തിയത്. യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ അവസാന ശ്രമത്തില്‍ ഇന്ത്യന്‍ താരം മറികടന്നു. ആദ്യം 82.22 മീറ്ററും രണ്ടാം തവണ 82.14 മീറ്ററുമാണ് പഞ്ചാബ് താരം പിന്നിട്ടത്.

ആകെ 13 പേരാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇതില്‍ ഏഴാം സ്ഥാനക്കാരനായാണ് ദാവീന്ദര്‍ ഫൈനലിലെത്തിയത്. ഗ്രൂപ്പ് എയില്‍ നിന്ന് അഞ്ചു പേരും ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴു പേരും. ശനിയാഴ്ച്ചയാണ് ഫൈനല്‍ നടക്കുക. ഭുവനേശ്വറില്‍ നടന്ന എഷ്യന്‍ അത്‌ല്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 85.23 മീറ്റര്‍ എറിഞ്ഞ് നീരജ് സ്വര്‍ണവും 83.29 മീറ്റര്‍ പിന്നിട്ട ദാവീന്ദര്‍ വെങ്കലവും നേടിയിരുന്നു. 

അതേസമയം ഗ്രൂപ്പ് എയില്‍ മത്സരിച്ച നീരജ് ചോപ്ര എല്ലാവരെയും നിരാശപ്പെടുത്തി. യോഗ്യതാ റൗണ്ടില്‍ 82.26 മീറ്ററാണ് നീരജ് പിന്നിട്ടത്. ഗ്രൂപ്പില്‍ ഏഴാം സ്ഥാനത്ത് എത്താനെ നീരജിന് സാധിച്ചുള്ളൂ. 19കാരനായ നീരജ് ലോക ജൂനിയര്‍ റെക്കോഡിനുടമയാണ്. നീരജിന്റെ ഏറ്റവും മികച്ച വ്യക്തിഗത ദൂരം 86.48 മീറ്ററും സീസണിലെ മികച്ച ദൂരം 85.63 മീറ്ററുമാണ്. 

Davinder Singh