ലണ്ടന്‍: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 200 മീറ്ററില്‍ അട്ടിമറി. സുവര്‍ണപ്രതീക്ഷയായിരുന്ന വാന്‍ നികേര്‍കിനെയും ഇസാക് മകവാലയെയും മറികടന്ന് തുര്‍ക്കിയുടെ റമീല്‍ ഗുലിയെവിന് സ്വര്‍ണം.

വാന്‍ നികെര്‍ക് വെള്ളിയിലൊതുങ്ങിയപ്പോള്‍ മകവാലയ്ക്ക് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ ജെറീം റിച്ചാര്‍ഡിനാണ് വെങ്കലം.

വാന്‍ നികേര്‍ക്കും ഗുലിയേവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. എന്നാല്‍ മികച്ച ഫിനിഷിങ്ങിലൂടെ സ്വര്‍ണം തുര്‍ക്കി താരത്തിന്റെ കൂടെപ്പോന്നു. 20.09 സെക്കന്‍ഡിലാണ് ഗുലിയേവ് ഫിനിഷിങ് ലൈന്‍ തൊട്ടത്.

ഫോട്ടോ ഫിനിഷിങ്ങിലാണ് വാന്‍ നികേര്‍ക് വെള്ളി നേടിയത്. മൂന്നാമതുള്ള റിച്ചാര്‍ഡ്‌സും വാന്‍ നികേര്‍കും 20.11 സെക്കന്റില്‍ ഫിനിഷിങ് ലൈനിലെത്തി. എന്നാല്‍ സെക്കന്റിന്റെ നൂറിലൊരംശത്തില്‍ വാന്‍ നികേര്‍ക് വെള്ളി മെഡല്‍ നേടുകയായിരുന്നു.

2003ന് ശേഷം നടക്കുന്ന 200 മീറ്ററിന്റെ ഏറ്റവും മോശം ഫൈനലാണിത്. നേരത്തെ 400 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്ന വാന്‍ നികേര്‍കിന് ഡബിള്‍ തികക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. ഇരട്ടസ്വര്‍ണം നേടിയിരുന്നെങ്കില്‍ 1995ല്‍ മൈക്കല്‍ ജോണ്‍സന് ശേഷം ലോകചാമ്പ്യന്‍ഷിപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അത്‌ലറ്റാകുമായിരുന്നു ദക്ഷിണാഫ്രിക്കയക്കാരനായ വാന്‍ നികേര്‍ക്.