ലണ്ടന്‍: അവസാന മത്സരത്തില്‍ സ്വര്‍ണവുമായി കളമൊഴിയാമെന്ന രണ്ട് ഇതിഹാസ താരങ്ങളുടെ മോഹം പൊലിയുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയം ഞായറാഴ്ച പുലര്‍ച്ചെ സാക്ഷ്യം വഹിച്ചു. ജമൈക്കന്‍ സ്പ്രിന്റര്‍  ഉസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂര ഓട്ടത്തില്‍ അതുല്യ നേട്ടങ്ങള്‍ക്കുടമയായ മോ ഫറയ്ക്കും നിരാശയോടെ കളം വിടാനായിരുന്നു വിധി.    

അവസാന മത്സരയിനമായ 4x100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ട് പേശിവലിവിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ ട്രാക്കില്‍ വീണപ്പോള്‍ ആതിഥേയരായ ബ്രിട്ടന്‍(37.47 സെ.) സ്വര്‍ണം പിടിച്ചെടുത്തു. അമേരിക്ക വെള്ളിയും (37.52 സെ.) ജപ്പാന്‍ (38.04 സെ.) വെങ്കലവും നേടി. അവസാന മത്സരത്തില്‍ മെഡല്‍ കിട്ടാതെ മടങ്ങേണ്ടിവന്ന ബോള്‍ട്ടിന് അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ കിട്ടിയ വെങ്കലമാണ് ഒരേയൊരു മെഡല്‍.

110 ഹര്‍ഡില്‍സ് ചാമ്പ്യന്‍ ഒമര്‍ മക്ലിയോഡ്, ജൂലിയന്‍ ഫോര്‍ട്ടെ, മുന്‍ലോക സ്പ്രിന്റ് ചാമ്പ്യന്‍ യൊഹാന്‍ ബ്ലെയ്ക്ക്, ബോള്‍ട്ട് എന്നിവരുള്‍പ്പെട്ട സംഘമാണ് ജമൈക്കക്കായി അണിനിരന്നത്.

വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം നേടി. 42.82 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ടീം ഈ വര്‍ഷത്തെ മികച്ച സമയത്തോടെയാണ് ഒന്നാമതെത്തിയത്. ഈയിനത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ രണ്ടും (42.12സെ.) വെള്ളിയും ജമൈക്ക വെങ്കലവും(42.19 സെ.) നേടി.

ദേവീന്ദറിന് നിരാശ

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഫൈനലിലെത്തിയിരുന്ന ഇന്ത്യയുടെ ദേവീന്ദര്‍ സിങ്ങിന് 12-ാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 13 പേര്‍ മാറ്റുരച്ച ഫൈനലില്‍ 80.02 മീറ്ററാണ് ദേവീന്ദര്‍ കുറിച്ച ദൂരം. ജര്‍മനിയുടെ ജോഹന്നസ് വെറ്റര്‍ക്കാണ് സ്വര്‍ണം(89.89മീ.).