രോ തവണ ഫിനിഷിങ് ലൈന്‍ തൊടുമ്പോഴും ഉസൈന്‍ ബോള്‍ട്ട് നമ്മെ നോക്കി ആകാശത്തേക്ക് അമ്പെയ്യുന്നത് എന്തിനാണ്? ആ ചോദ്യത്തിന് പല തരത്തിലുള്ള ഉത്തരങ്ങളും നമ്മള്‍ മനസ്സില്‍ നെയ്തിട്ടുണ്ടാകും. ചിലപ്പോള്‍ താന്‍ ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു എന്ന് ബോള്‍ട്ട് പറയാന്‍ ശ്രമിക്കുന്നതാവും. അതല്ലെങ്കില്‍ ആകാശത്തോളം ഉയര്‍ന്നിട്ടും തന്റെ കാലുകള്‍ ഭൂമി തൊട്ടുതന്നെയാണ് നില്‍ക്കുന്നതെന്ന് കാണിക്കാനാവും.

അങ്ങനെയൊരു ആഘോഷത്തിന്‌ പിന്നിലുള്ള കാരണമെന്തായാലും ബോള്‍ട്ടിന് മാത്രം അവകാശപ്പെട്ട ആ വിജയചിഹ്നം ഏത് വഴിയിലൂടെ സഞ്ചരിച്ചാണ് ബോള്‍ട്ടിന്റെ വിരല്‍ തുമ്പത്ത് എത്തിയതെന്ന് നിങ്ങള്‍ക്കറിയാമോ? അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ മുതല്‍ നെയ്മര്‍ വരെ അനുകരിച്ച ഈ ബോള്‍ട്ട് സ്‌റ്റൈലിന് പിന്നില്‍ ഒരു കഥയുണ്ട്. ഒരു കുഞ്ഞുകഥ.

2008 ബെയ്ജിങ് ഒളിമ്പിക്‌സിന് എത്തുംമുമ്പേ ബോള്‍ട്ട് മനസ്സില്‍ കരുതിയിരുന്നു. തന്റേതായ രീതിയില്‍ വിജയമാഘോഷിക്കാന്‍ ഒരു സ്‌റ്റൈല്‍ വേണമെന്ന്. പക്ഷേ അത് എന്താണെന്ന് ബോള്‍ട്ടിന് കണ്ടെത്താനായിരുന്നു. തുടര്‍ന്ന്  ഡാന്‍സറായ സുഹൃത്തിന്റെ സഹായം തേടി. ആകാശത്തേക്ക് അമ്പെയ്യുന്ന ഈ ചുവട് അങ്ങനെ സുഹൃത്ത് ബോള്‍ട്ടിന് കാണിച്ചുകൊടുത്തു. അത് നന്നെ ബോധിച്ചെങ്കിലും ഇത്രത്തോളം പ്രശസ്തമാകുമെന്ന് ബോള്‍ട്ട് കരുതിയിരുന്നില്ല. 

neymar

ജമൈക്കയില്‍ പ്രശസ്തമായ, ബോബ് മാര്‍ലിയിലൂടെ നമുക്ക് പരിചിതമായ റെഗ്ഗേ സംഗീതത്തിന്റെ ചുവടുകളാണ് ഈ ആകാശ അമ്പെയ്യല്‍. ഡാന്‍സ് ഹാളുകളിലെ ചുവടുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സുഹൃത്ത് ഈ ചുവട് തന്നെ ബോള്‍ട്ടിന് നിര്‍ദേശിച്ചത്.  

ബെയ്ജിങ് ഒളിമ്പിക്‌സില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയപ്പോള്‍ കിളിക്കൂട് സ്‌റ്റേഡിയത്തെ സാക്ഷിയാക്കി ബോള്‍ട്ട് ആദ്യമായി ആകാശത്തേക്ക് അമ്പെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ലണ്ടനിലും റിയോയിലും ഇത് ആവര്‍ത്തിച്ചു. ഒപ്പം ലോകചാമ്പ്യന്‍ഷിപ്പ് വേദികളിലും ബോള്‍ട്ട് എവിടെയൊക്കെയോ ഉണ്ടോ അവിടെയെല്ലാം.

obama

2010ല്‍ ബോള്‍ട്ടിന്റെ ഈ ആഘോഷരീതി കടമെടുത്ത് ജമൈക്കയുടെ വിനോദസഞ്ചാരത്തിന്റെ പ്രചോദനത്തിനായുള്ള വീഡിയോയും പുറത്തുവന്നു. ഇനി മിന്നല്‍പിണറായി ബോള്‍ട്ട് ട്രാക്കിലുണ്ടാകില്ലെങ്കിലും ആകാശത്തേക്ക് അമ്പെയ്തുള്ള ബോള്‍ട്ടിന്റെ ആ നില്‍പ്പ്‌ ലോകം ഒരിക്കലും മറക്കില്ല.