റ്റലിയിലെ ഒരു തണുത്ത ഡിസംബറില്‍ വിരാട് കോലി അനുഷ്‌ക ശര്‍മയെ വധുവായി സ്വീകരിക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ തെളിയാതിരിക്കില്ല, പതിനൊന്ന് കൊല്ലം മുന്‍പ് ഡെല്‍ഹിയിലെ അതിലും തണുത്ത മറ്റൊരു ഡിസംബര്‍. അന്ന് ഇതുപോലുള്ള താരമായിട്ടില്ല പതിനെട്ടുകാരന്‍ വിരാട്. കര്‍ണാടകത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സൂപ്പര്‍ലീഗിലെ ഗ്രൂപ്പ് എ മത്സരത്തിന്റെ രണ്ടാം ദിനം വൈകീട്ട് നാല്‍പത് റണ്‍സുമായി മടങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ മനസ്സില്‍. പുനീത് ഭിഷ്ടിനൊപ്പം മൂന്നാം ദിനം കൂടി ക്രീസില്‍ പിടിച്ചുനില്‍ക്കണം. ടീമിനെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്ന് കരകയറ്റണം. വലിയൊരു സ്വപ്‌നവുമായി കൊടുംതണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയ വിരാടിനെ പക്ഷേ, പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് ഞെട്ടുന്നൊരു വിവരമാണ്. അതുവരെയുള്ള ക്രിക്കറ്റ് ജീവിതത്തില്‍ കൂട്ടുണ്ടായിരുന്ന അച്ഛന്‍ പ്രേം കോലി മസ്തിഷ്‌കാഘാതംമൂലം മരിച്ചു.

വിരാടിനെ മാത്രമല്ല, ടീമിനെ മുഴുവന്‍ പിടിച്ചുലച്ച വാര്‍ത്തയായിരുന്നു അത്. കര്‍ണാടകത്തിനെതിരെ പിടിച്ചുനില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പായിരുന്നു വിരാട്. എന്നാല്‍, അച്ഛന്റെ മരണാനന്തരച്ചടങ്ങുകള്‍ക്ക് പോകുന്ന വിരാടിന് പകരം ചേതന്യ നന്ദയ്ക്ക് പാഡണിഞ്ഞിരിക്കാന്‍ നിര്‍ദേശം നല്‍കിയ ടീം അധികൃതര്‍ ശരിക്കും ഞെട്ടിയത് കളിയുടെ മൂന്നാം ദിവസം കാലത്താണ്. കളിക്ക് തൊട്ടുമുന്‍പ് ഫിറോസ് ഷാ കോട്‌ലയിലെ ഡ്രസ്സിങ് റൂമില്‍ കണ്ണിലെ നനവ് മറച്ചുപിടിക്കാന്‍ പാടുപെട്ട്, പാഡണിഞ്ഞ് ബാറ്റേന്തി നില്‍ക്കുന്ന വിരാടിന്റെ രൂപം ഇന്നും മാഞ്ഞിട്ടില്ല പഴയ ടീമംഗങ്ങളുടെ മനസ്സില്‍ നിന്ന്. പുലര്‍ച്ചെ രണ്ടു മണിക്ക് മരിച്ച അച്ഛന്റെ സംസ്‌കാരച്ചടങ്ങുകള്‍ മാറ്റിവച്ചാണ് വിരാട് അന്നുകാലത്ത് എട്ടു മണിയോടെ കളിക്കാന്‍ വന്നത്. ഉള്ളില്‍ ഇരമ്പുന്ന സങ്കടക്കടലിന്റെ ചെറിയൊരു ലാഞ്ചന പോലും മുഖത്ത് പ്രകടമാക്കാതെ കളിച്ച കോലി സെഞ്ചുറിക്ക് പത്ത് റണ്‍സ് അകലെവച്ച് പുറത്താകുമ്പോള്‍ ടീം വലിയൊരു ആപത്തില്‍ നിന്ന് കരകയറിക്കഴിഞ്ഞിരുന്നു. 281 മിനിറ്റ് നേരം ക്രീസില്‍ നിന്ന്, 238 പന്ത് നേരിട്ട് അമ്പയറുടെ സംശയാസ്പദമായ ഒരു തീരുമാനത്തിലുള്ള വിരാടിന്റെ പുറത്താകലിനെ കര്‍ണാടക ടീം ആഘോഷിച്ചതേയില്ല. ശരിക്കും വീരോചിതമായിരുന്നു ആ മടക്കം. വെള്ളിത്തിരയില്‍ കണ്ട് നമ്മള്‍ കണ്ണീരണിഞ്ഞ, കൈയടിച്ച ലഗാനിലെയോ ചക് ദേ ഇന്ത്യയിലെയോ സീനുകളെപ്പോലും കടത്തിവെട്ടിയ വൈകാരികമായ ഈ രംഗം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം എത്രയോ കളിക്കാര്‍ക്ക് പ്രചോദനമായി. 

അവിശ്വസനീയതോടെ മാത്രം കേട്ടിരിക്കാവുന്ന ഈയൊരൊറ്റ സംഭവകഥ കൊണ്ട് സംഗ്രഹിക്കാം വിരാട് കോലി എന്ന ഇന്ത്യയുടെ പുതിയ ക്രിക്കറ്റ് ഇതിഹാസത്തിന്റെ കളിയേയും ജീവിതത്തെയും. പഴയ പതിനെട്ടുകാരനില്‍ നിന്ന് ഇന്നത്തെ ഇരുപത്തിയൊന്‍പതുകാരന്‍ നായകനിലേയ്ക്കുള്ള കോലിയുടെ വളര്‍ച്ചയുടെ പൊരുളും സിനിമാക്കഥയെ വെല്ലുന്ന ഈയൊരൊറ്റ സംഭവം കൊണ്ട് വരച്ചിടാം നമുക്ക്.

അച്ഛന്‍ മരിച്ച ആ ഒരൊറ്റ രാത്രി കൊണ്ട് മകന്‍ ആളാകെ മാറിയെന്നാണ് അമ്മ സരോജ് കോലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് മുതല്‍ അവന് ഒരുപാട് പക്വത കൂടിയ പോലെ തോന്നി. ക്രിക്കറ്റ് മാത്രമാണ് തന്റെ ജീവിതമെന്ന് തിരിച്ചറിവ് ഉണ്ടായപോലെ. അവന്‍ അച്ഛന്റെ സ്വപ്‌നം പിന്തുടരുന്ന പോലെയാണ് തോന്നിയത്. അച്ഛന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഒരു ആവേശമാണ് പിന്നീട് ഓരോ കളിയിലും കണ്ടത്-അമ്മ പറഞ്ഞു.

സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറാണ് താനെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട് കോലി. 2006 ഡിസംബര്‍ എട്ടിന് ശേഷമുള്ള കോലിയുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ അച്ഛനുവേണ്ടിയുള്ളതായിരുന്നു. ഡല്‍ഹി ഉത്തംനഗറിലെ ഗലികളില്‍ കൂട്ടുകാര്‍ക്കൊപ്പം വെറുതെ പന്തു തട്ടിക്കളിച്ചുകൊണ്ടിരുന്ന മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ച് രാജ് കുമാര്‍ ശര്‍മയുടെ അക്കാദമിയില്‍ കൊണ്ടുപോയി ചേര്‍ത്തത് അഭിഭാഷകന്‍ കൂടിയായ അച്ഛനാണ്. മകന്റെ പിന്നീടുള്ള ഓരോ വളര്‍ച്ചയിലും അച്ഛന്‍ ഒപ്പമുണ്ടായിരുന്നു. ഒന്‍പതാം ക്ലാസിലെത്തിയപ്പോള്‍ കളിക്കാനുള്ള സൗകര്യം മാത്രം നോക്കിയാണ് പ്രേം മകനെ സേവ്യര്‍ കോണ്‍വെന്റില്‍ ചേര്‍ത്തത്.

സ്വപ്‌നസാഫല്യം പോലെ മകന്‍ ക്രിക്കറ്റിന്റെ പടവുകള്‍ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു കോലിയുടെ അപ്രതീക്ഷിത മരണം. വിധിയുടെ ഈ മാരക ബൗണ്‍സറില്‍ വിരാടിനും കുടുംബത്തിനും ശിക്കും അടിതെറ്റി. സാമ്പത്തിക പ്രയാസങ്ങള്‍ പിടിമുറുക്കി. വാടകവീട്ടിലെ താമസം ദുസ്സഹമായി. കച്ചവടം വഴിമുട്ടുന്ന അവസ്ഥയായി. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ ഒന്നൊന്നായി കൈവിടുമ്പോഴും അച്ഛന്റെ സ്വപ്‌നം മാത്രം ഉപേക്ഷിക്കാന്‍ വിരാട് തയ്യാറായില്ല. അവന്‍ അച്ഛന് വേണ്ടി കളിച്ചു. വാശിയോടെ. ആവേശത്തോടെ. ഓരോ പന്തിലും അവന്‍ ദുര്‍വിധിയെ കണ്ടു. അച്ഛനുവേണ്ടി മാരകമായി തന്നെ അതിനെ നേരിട്ടു. വിധിയോടുള്ള രോഷം മുഴുവന്‍ ആ പന്തില്‍ തീര്‍ത്തു. ആ രോഷവും ആക്രമണോത്സുകതയും പിന്നെ അവനെ വിട്ടുപിരിഞ്ഞില്ല. ഇതുതന്നെയാണ് പതിനെട്ടാം വയസ്സില്‍ അച്ഛന്റെ മരണവാര്‍ത്ത കേട്ട് തളര്‍ന്നുപോയ വിരാടില്‍ നിന്നും ഇന്ന് ലോകത്തെ ഏതൊരു ബൗളറുടെയും പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞ ഇരുപത്തിയൊന്‍പതുകാരന്‍ വിരാട് കോലിയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന്റെ അടിസ്ഥാനവും.

virat kohli

കോലിയില്‍ ഞാന്‍ എന്റെ ചെറുപ്പകാലമാണ് കാണുന്നതെന്ന് പറഞ്ഞത് സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സാണ്. ആക്രമണക്രിക്കറ്റിന്റെ അപ്പോസ്തലനായ വിന്‍ഡീസ് ഇതിഹാസം. കോലിയുടെ ആക്രമണശൈലിയും കളിയോടുള്ള അഭിനിവേശവും കാണുമ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ വരുന്നത്. എന്റെ തന്നെ ഒരു പകര്‍പ്പായാണ് തോന്നുന്നത്-റിച്ചാര്‍ഡ്‌സ് ഇയ്യിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തില്‍ ഒരു റോള്‍ മോഡല്‍ വേണമെങ്കില്‍ അത് വിരാട് കോലിയാവണം എന്നാണ് ഞാന്‍ എന്റെ പതിനാറുകാരന്‍ മകനോട് പറഞ്ഞതെന്നാണ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ പറഞ്ഞത്.

വെറുംവാക്കുകളല്ല ഇതെന്നറിയാന്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് കോലി ക്രിക്കറ്റിന്റെ റെക്കോഡ് പുസ്തകങ്ങളില്‍ കുറിച്ചിട്ട നേട്ടങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുകയേ വേണ്ടു. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പതിനായിരം റൺസ് തികച്ച താരം, ഏറ്റവും വേഗത്തിൽ ആയിരവും അയ്യായിരവും എണ്ണായിരവും റണ്‍സ് തികച്ച ഇന്ത്യന്‍താരം, ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ പത്തും പതിനഞ്ചും ഇരുപതും ഇരുപത്തിയഞ്ചും സെഞ്ചുറി തികച്ച ഇന്ത്യന്‍ താരം, ടിട്വന്റിയില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ മുപ്പത് സെഞ്ചുറിയു ആയിരവും പതിനയ്യായിരവും റണ്‍സും തികച്ച താരം, ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും വേഗത്തില്‍ അമ്പത് സെഞ്ചുറി തികച്ച ലോകത്തിലെ രണ്ട് ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍. മൂന്ന് ഫോര്‍മാറ്റിലും അമ്പതില്‍ കൂടുത ബാറ്റിങ് ശരാശരി കൈവരിച്ച ലോകത്തിലെ ഏക ബാറ്റ്‌സ്മാന്‍, ലോകത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് നേടിയ താരം, ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം, ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍... ആറ് വര്‍ഷം കൊണ്ട് 73 ടെസ്റ്റില്‍ നിന്ന് ഇരുപത്തിനാല്  സെഞ്ചുറി അടക്കം 6331 റണ്‍സും ഒന്‍പത് വര്‍ഷം കൊണ്ട് 205 ഏകദിനങ്ങളില്‍ നിന്ന് 37 സെഞ്ചുറി അടക്കം പതിനായിരം റണ്‍സും ഏഴ് വര്‍ഷം കൊണ്ട് 62 ടിട്വന്റിയില്‍ നിന്ന് 1956 റണ്‍സും... കോലിയുടെ റെക്കോഡുകള്‍ നിരത്താന്‍ താളുകള്‍ മതിയാവില്ല എന്നു പറഞ്ഞാല്‍ അതിലില്ല തെല്ലും അതിശയോക്തി. ഈ കണക്കുകള്‍ വച്ചുകൊണ്ടുതന്നെയാവണം മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍ കോലിക്ക് ഇതിഹാസപ്പട്ടം ചാര്‍ത്തിക്കൊടുത്തത്.

കണക്കില്‍ തെളിയുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല കോലിയുടെ കളിയും ജീവിതവും. പോളി ഉമ്രിഗര്‍ ട്രോഫിയിലെയും വിജയ് മര്‍ച്ചന്റ് ട്രോഫിയിലെയും രഞ്ജിയിലെയും പ്രകടനമികവുണ്ടായിട്ടും, രാജ്യത്തിന് അണ്ടര്‍ 19 ലോകകത് നേടിക്കൊടുത്തിട്ടും ശിഖര്‍ ധവാന്റെ പകരക്കാരനായാണ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ ടീമില്‍ കയറിപ്പറ്റാനായത്. ദേശീയ ടീമില്‍ ഇടം നേടിയിട്ടും പ്ലേയിങ് ഇലവില്‍ സ്ഥാനം പിടിക്കാന്‍ സച്ചിനോ സെവാഗിനോ ഗംഭീറിനോ യുവരാജിനോ ഒക്കെ പരിക്കേല്‍ക്കാന്‍ കാത്തിരിക്കേണ്ടിവന്നു. ഏകദിന സ്‌പെഷ്യലിസ്റ്റ് എന്ന ഖ്യാതി കാരണം ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടിവന്നു പകരക്കാരന്റെ ബെഞ്ചിനെ അങ്ങേയറ്റം വെറുക്കുന്ന കോലി. കാത്തിരിപ്പിന്റെ ഈ കാലത്തും കൈയില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കോലി മറന്നില്ല. ധവാന്റെ പകരക്കാരനായാണ് കളിച്ചതെങ്കിലും ബ്രെറ്റ് ലീയും സ്റ്റുവര്‍ട്ട് ക്ലാര്‍ക്കും മിച്ചല്‍ ജോണ്‍സനും പീറ്റര്‍ സിഡിലും ജേസണ്‍ ക്രേജ്‌സയും അടങ്ങുന്ന തീപാറുന്ന ഓസിസ് ബൗളിങ്‌നിരയ്‌ക്കെതിരെ പത്തരമാറ്റുള്ളൊരു സെഞ്ചുറി നേടിക്കൊണ്ടാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ ഇടം നേടിയത്. സച്ചിന് വിശ്രമം അനുവദിച്ച ബംഗ്ലാദേശ് പര്യടനത്തിലാണ് കോലി പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചത്. വീണു കിട്ടിയ ഈ അവസരവും പാഴാക്കിയില്ല കോലി. പിന്നെ ക്രീസില്‍ ഒരു തിരിഞ്ഞുനോട്ടമുണ്ടായതുമില്ല.

ക്രീസിൽ സച്ചിന്റെ റെക്കോഡുകൾ ഒന്നൊന്നായി മറികടക്കുക മാത്രമന്ന, സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായി മെല്ലെ മാറുക കൂടിയായിരുന്നു കോലി. കളിക്കാരന്‍ കോലി മെല്ലെ ബ്രാന്‍ഡ് കോലിയായി. ഏറ്റവും ചൂടന്‍ സെലിബ്രിറ്റിയായി. ശതകോടികളുടെ ക്ലബിലെത്തി. അനുഷ്‌ക്കയെന്ന ബോളിവുഡ് സുന്ദരിയുടെ കാമുകനായി, ഭർത്താവായി. എന്നാല്‍, ക്രിക്കറ്റിന്റെ ദൈവമായ സച്ചിന്റെ പകരക്കാരനായുള്ള പുനഃപ്രതിഷ്ഠ എന്നത് അത്ര എളുപ്പമായിരുന്നില്ല തുടക്കകാലത്ത് ക്രീസിലും പുറത്തും ലോകകപ്പില്‍ ഓരോ തോല്‍വിക്കും, ഓരോ വീഴ്ചയ്ക്കും കോലി മാത്രമല്ല, പ്രിയതമന്റെ കളി കാണാന്‍ ഇന്ത്യയില്‍ നിന്ന് പറന്നെത്തിയ കാമുകി അനുഷ്‌ക്ക വരെ പഴികേള്‍ക്കേണ്ടിവന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ മോശം ഫോമിനും ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോടേറ്റ തോല്‍വിക്കും പഴിയത്രയും കേട്ടത് അനുഷ്‌ക്കയാണ്. ഡല്‍ഹിയിലും ഇന്‍ഡോറിലും ലഖ്‌നൗവിലുമെല്ലാം ആരാധകര്‍ അനുഷ്‌ക്കയുടെ കോലം കത്തിച്ചു. കുട്ടിക്കാലം മുതല്‍ കളിച്ചുവരുന്ന ഒരാള്‍ക്ക് കളി അല്‍പമൊന്ന് പിഴച്ചതിന് ഗ്യാലറിയിലിരിക്കുന്ന ഞാന്‍ എന്തു പിഴച്ചു എന്നു ഗദ്ഗദകണ്ഠയായി ചോദിക്കേണ്ടിവന്നു അനുഷ്‌ക്കയ്ക്ക്. തീപാറുന്ന പന്തുകള്‍ക്ക് മാത്രമല്ല, സന്ദേഹികളുടെ ഇത്തരം ഒരുപാട് അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍ക്കും ബാറ്റ് കൊണ്ട് മറുപടി പറയേണ്ടിവന്ന കാലമായിരുന്നു അത്.

virat kohli

കോലി ഇതിനൊക്കെ മറുപടി പറയുക തന്നെ ചെയ്തു. ആദ്യം ഓസിസ് പര്യടനത്തിലെ മികച്ച പ്രകടനം കൊണ്ട്. പിന്നെ നായകനായി ടീമിന് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട്. തുടര്‍ച്ചയായി ടീമിന് ഒന്‍പത് പരമ്പര വിജയങ്ങള്‍ സമ്മാനിച്ച ഒരൊറ്റ ക്യാപ്റ്റനേ കോലിയെ കൂടാതെയുള്ളൂ. ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോ. മകനോട് കോലിയെ കണ്ടു പഠിക്കാന്‍ പറഞ്ഞ അതേ വോ തന്നെ. എല്ലാം കഴിഞ്ഞ് സകല വിമര്‍ശകരുടെയും സകല ട്രോളര്‍മാരുടെയും വായ അടിപ്പിച്ചുകൊണ്ട് അനുഷ്‌ക്കയുടെ കഴുത്തില്‍ മിന്നുചാര്‍ത്തുകയും ചെയ്തു. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് തോല്‍വിയുടെ പേരില്‍ അനുഷ്‌ക്കയുടെ കോലം കത്തിച്ചതിന്റെ വേദന ഇന്നും വിട്ടൊഴിഞ്ഞിട്ടില്ലെന്ന് പറയും കോലി. അച്ഛന്റെ ഓര്‍മകളായാലും ക്രിക്കറ്റായാലും, ജീവിതത്തില്‍ ഏറ്റവും വലിയ വൈകാരിക പിന്തുണ നല്‍കിയ കാമുകിയായാലും പ്രിയപ്പെട്ട ഒന്നിനെയും കൈവിടില്ലെന്ന് പലകുറി പറഞ്ഞിട്ടുണ്ട് കോലി.

വെല്ലുവിളികളുടെ കാലം കോലിക്ക് വരാനിരിക്കുന്നേയുള്ളൂ. സച്ചിനുമായുള്ള താരതമ്യം തന്നെ ഇതില്‍ ഏറ്റവും പ്രധാനം. രണ്ടു കാലങ്ങളിലുള്ള താരങ്ങളെ താരതമ്യം ചെയ്യുന്നതില്‍ കഥയൊന്നുമില്ല. ബ്രാഡ്മാന്റെ കാലത്തെ നിയമവും സാഹചര്യങ്ങളുമല്ല ഗവാസ്‌ക്കറുടെ കാലത്ത്. സച്ചിന്റെ കാലമായപ്പോഴേയ്ക്കും നിയമങ്ങളും സാഹചര്യങ്ങളും ശൈലിയുമെല്ലാം പിന്നെയും മാറി. ഗവാസ്‌ക്കര്‍ക്ക് ബ്രാഡ്മാനെ പോലെ ഹാരോള്‍ഡ് ലാര്‍വുഡിന്റെ ബോഡിലൈനിനെ നേരിടേണ്ടിവന്നിട്ടില്ല. സച്ചിന് ഗവാസ്‌ക്കറെപ്പോലെ മാല്‍ക്കം മാര്‍ഷലിന്റെ പേസിനെ നേരിടേണ്ടിവന്നിട്ടില്ല സച്ചിന്. അക്തറിന്റെയും പേസിന്റെയും ഷെയ്ന്‍ വോണിന്റെ സ്പിന്നിന്റെയും രുചി നുണയാനായിട്ടില്ല കോലിക്കും. കാലം അത്രമേല്‍ മാറിക്കഴിഞ്ഞു. കഥയും.

എങ്കിലും കണക്കുകള്‍ കഥ പറയുന്ന ക്രിക്കറ്റില്‍ ഈ കണക്കുകള്‍ വച്ചുകൊണ്ടുള്ള തുലനം കഥയുടെ ഭാഗം തന്നെ. സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമല്ല ചിലര്‍ക്കെങ്കിലും ഇന്ന് കോലി. സച്ചിനേക്കാള്‍ കേമനെന്ന് സമര്‍ഥിച്ചുതുടങ്ങിയിരിക്കുന്നു പന്ത് കൊണ്ട് സച്ചിനെപ്പോലും വിറപ്പിച്ചിട്ടുള്ള അലന്‍ ഡൊണാള്‍ഡിനെപ്പോലുള്ളവര്‍. സച്ചിന്റെ നേട്ടങ്ങള്‍ മറികടക്കാന്‍ കോലിക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. വൈകിയാണ് ദേശീയ ടീമിലെത്തിയതെങ്കിലും അത് അപ്രാപ്യമല്ലെന്ന് ബാറ്റിങ് ശാശരിവച്ചുകൊണ്ടുള്ള നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. സമര്‍ദസാഹര്യങ്ങളില്‍ കോലിക്കാണ് മേല്‍ക്കൈ എന്നാണ് മറ്റൊരു കണക്ക്. നായകനായപ്പോള്‍ ബാറ്റിങ്ങില്‍ അടിപതറിയതാണ് സച്ചിന്റെ ചരിത്രം. എന്നാല്‍, സമ്മര്‍ദസാഹചര്യങ്ങളില്‍ കൂടുതല്‍ വീര്യം പുറത്തെടുക്കുന്നതാണ് കോലിയുടെ ശൈലി. ക്യാപ്റ്റനായപ്പോള്‍ ആ പ്രകടനത്തിന് ഒന്നുകൂടി മൂര്‍ച്ച കൂടുകയാണ് ചെയത്ത്. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസര്‍മാരില്‍ ഒരാളാണ് കോലി ഇന്ന്. എതിരാളികളുടെ സ്‌കോര്‍ പിന്തുടരുമ്പോള്‍ പതിനേഴ് സെഞ്ചുറിയാണ് സച്ചിന്‍ നേടിയത്. അതും 232 ഇന്നിങ്‌സില്‍ നിന്ന്. എന്നാല്‍, ഇത്രയും സെഞ്ചുറി കോലി നേടിയത് 102 ഇന്നിങ്‌സില്‍ നിന്നു മാത്രമാണ്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ താനൊരു വന്‍ പരാജയമായിരുന്നുവെന്ന് സച്ചിന്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍, ക്യാപ്റ്റന്‍സി ശരിക്കും ആസ്വദിക്കുന്ന ആളാണ് കോലി. നയിച്ച 32 ടെസ്റ്റില്‍ ഇരുപതിലും 43 ഏകദിനങ്ങളില്‍ 33 ഉം നാല് ടിട്വന്റിയില്‍ രണ്ടിലും വിജയം സമ്മാനിക്കാന്‍ കോലിക്കായി. ക്യാപ്റ്റന്റെ ഇന്നിങ്‌സ് തുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും ഇതൊരു മോശം റെക്കോഡല്ല. കോലി സച്ചിനേക്കാള്‍ വലിയ താരമാണെന്ന് ഇതിന് അര്‍ഥമില്ല. എങ്കിലും ഇന്നത്തെ സാഹര്യത്തില്‍ കണക്കുകളുടെ കാര്യത്തിലെങ്കിലും കോലി സച്ചിനെ മറികടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ബാറ്റ്‌സ്മാന്മാര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ശക്തിപ്പെട്ടുവരുന്ന ഇക്കാലത്ത് സ്വന്തം പ്രകടനം വലിയ തലവേദനയാവില്ല കോലിക്ക്. ടീം ഇന്ന് എത്തിനില്‍ക്കുന്ന, ഒരു തലം തന്നെയാണ് കോലിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നത്. വിജയങ്ങളുടെ കാര്യത്തില്‍ ഇന്ന് റിച്ചാര്‍ഡ്‌സിന്റെ വിന്‍ഡീസിനും സ്റ്റീവ് വോയുടെ ഓസ്‌ട്രേലിയയുടെയും തലത്തിലാണ് ഇന്ത്യ. ഗവാസ്‌ക്കറുടെ കാലത്ത് ജയിക്കുന്നത് വലിയ കാര്യമായിരുന്നു. സച്ചിന്റെ കാലത്ത് തോല്‍ക്കുന്നതും. കോലിയുടെ കാലത്ത് ചെറിയൊരു തോല്‍വി പോലും അസഹനീയമാണ്. ടീം എപ്പോഴും ജയിച്ചുകൊണ്ടിരിക്കണമെന്നൊരു ദുശ്ശാഠ്യമുണ്ട് ഇന്ന്. ഇത് ഒരു നായകനും കളിക്കാരനും മേല്‍ അടിച്ചേല്‍പിക്കുന്ന സമ്മര്‍ദം ചെറുതല്ല. ക്രിക്കറ്റ് എന്ന വെറുമൊരു കളിയെ ഒരു മതമായും വിപണിയുടെ വില്‍പനച്ചരക്കുമൊക്കെയായി പരിവര്‍ത്തനം ചെയ്തതിന്റെ അനന്തരഫലങ്ങളാണിത്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഷര്‍മിള ടാഗോറിനെ വധുവാക്കിയതുപോലെയല്ല വിരുഷ്‌ക്ക വിവാഹം. ഫാഷന്റെയും ഗോസിപ്പിന്റെയും വലിയൊരു വിപണി കൂടിയാണ് ടുസാനിയിലെ താരവിവാഹം തുറന്നിട്ടത്. പ്രണയത്തിന്റെ പൊടിപ്പും തൊങ്ങളുമല്ല, ഒന്നിക്കുമ്പോള്‍ ഇരട്ടിയാകുന്ന ആസ്തിയായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. ഈയൊരു മാറിയ സാഹചര്യത്തില്‍ വേണം കിക്കറ്റിനും അനുഷ്‌ക്കയ്ക്കുമൊപ്പം കാലിടറാതെ കോലി ജീവിക്കാന്‍.

കോലിയുടെ ഓരോ ഇന്നിങ്‌സും ഇനി മാറ്റുരയ്ക്കാന്‍ പോകുന്നതും ഇതുമായിട്ടാവും. പക്ഷേ, ചെറുതല്ലാത്ത ഈ മറുപടിയെയും മറികടക്കാതിരിക്കില്ല കോലി. ഞാന്‍ സന്തോഷവാനാണ്. പക്ഷേ, സംതൃപ്തനല്ല, കാരണം സംതൃപ്തനായിക്കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം കൈവരിക്കുന്നതിലെ ഏറ്റവും വലിയ തടസ്സം അതാവും. കളി നിര്‍ത്തുന്ന അന്നു മാത്രമേ എനിക്ക് സംതൃപ്തിയുണ്ടാവൂ. വിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിനുശേഷം കളി നിർത്തുന്നതിനെക്കുറിച്ച്, വൈകാരികമായി, ആലങ്കാരികമായി ഒന്ന് സൂചിപ്പിച്ച് വലിയ കോളിളക്കത്തിന് തുടക്കമിട്ടെങ്കിലും തൊട്ടടുത്ത കളിയിൽ സച്ചിന്റെ റെക്കാഡ് തകർത്ത് പതിനായിരം ക്ലബിൽ കയറി, മുപ്പത്തിയേഴാം സെഞ്ച്വറി അടിച്ചുനേടി കോലി സകല സന്ദേഹങ്ങളെയും സകല ആശങ്കകളേയും അതിർത്തിക്കപ്പുറത്തേയ്ക്ക്  പായിച്ചു കളഞ്ഞു കോലി. അതാണ് കോലി, പുതിയ കാലത്തെ ക്രിക്കറ്റ് ദൈവം. കോലിക്ക് മുന്നിൽ ഇനിയുമുണ്ട് പലതരം കളികൾ, പലതരം കടമ്പകൾ, പലതരം വെല്ലുവിളികൾ, പലതരം റെക്കോഡുകൾ. ആ പഴയ ഡിസംബർ രാത്രിയെപ്പോലെ എല്ലാം ഫ്രണ്ട് ഫൂട്ടിൽ കയറി ചക്രവാളത്തിനപ്പുറത്തേയ്ക്ക് പായിക്കുമെന്ന കാര്യത്തിൽ മാത്രമല്ല, ക്രിക്കറ്റ് ലോകത്തിന് സംശയം. കോലിയുടെ കളികൾ ഇനിയും കാണാനിരിക്കുന്നേയുള്ളൂവെന്ന് സാരം.

Content Highlights: Virat Kohli Fastest 10000 Runs Fathers Death Sachin Tendulkar ODI batting records