ന്ത്യന്‍ ക്രിക്കറ്റില്‍ എന്നല്ല ലോകക്രിക്കറ്റില്‍ തന്നെ ഏതെങ്കിലും ഒരു ബാറ്റ്സ്മാന്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഉടന്‍ തന്നെ ആ താരത്തെ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്യുക പതിവാണ്. ഇപ്പോള്‍ സാക്ഷാല്‍ സച്ചിനുമായി ഏറ്റവും കൂടുതല്‍ താരതമ്യങ്ങള്‍ക്ക് വിധേയനാകുന്നത് സാക്ഷാല്‍ വിരാട് കോലിയും.

ബുധനാഴ്ച വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന്റെ നേഴ്‌സ് എറിഞ്ഞ മുപ്പത്തിയേഴാം ഓവറിന്റെ മൂന്നാം പന്തില്‍ ലോങ് ഓണിലേയ്ക്ക് പായിച്ച് ഒരു റണ്ണെടുത്തതോടെ കോലി വീണ്ടും ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്. കൈകള്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തി ഗ്ലൗവില്‍ ചുംബിച്ചായിരുന്നു കോലിയുടെ ആഘോഷം.

വ്യക്തിഗത സ്‌കോര്‍ 81-ല്‍ എത്തിയപ്പോള്‍ ഏകദിന കരിയറില്‍ 10,000 റണ്‍സ് പിന്നിട്ട കോലി, ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു. ഇത്തവണയും മറികടന്നത് സാക്ഷാല്‍ സച്ചിനെ. ഈ നേട്ടം കൈവരിക്കുന്ന 13-ാമത്തെ താരമാണ് കോലി. സച്ചിന്‍ പതിനായിരം റണ്‍സ് നേടാന്‍ 259 ഇന്നിങ്‌സ് കളിച്ചപ്പോള്‍ കോലി കേവലം 205 ഇന്നിങ്‌സില്‍ ഈ നാഴികക്കല്ല് പിന്നിട്ടു. 54 ഇന്നിങ്‌സിന്റെ വ്യത്യാസം. 2001 മാര്‍ച്ച് 31-നായിരുന്നു സച്ചിന്റെ പതിനായിരം റണ്‍സ് നേട്ടം.

വേഗത്തില്‍ പതിനായിരം റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. 263 ഇന്നിങ്‌സില്‍ നിന്നാണ് ഗാംഗുലിയുടെ നേട്ടം. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് 266 ഇന്നിങ്‌സില്‍ നിന്നും ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് 272 ഇന്നിങ്‌സില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനി 273 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്.

1989-ല്‍ അരങ്ങേറ്റം കുറിച്ചതുമുതല്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് സച്ചിന്‍. ബാറ്റിങ്ങിന്റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് തോളിലേറ്റിയിരുന്ന ലിറ്റില്‍ മാസ്റ്ററായിരുന്നു അക്കാലത്ത് നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നതും. സച്ചിന്‍ പുറത്തായാല്‍ ഇന്ത്യ തോറ്റുവെന്നത് അക്കാലത്തെ ഒരു ചൊല്ലുതന്നെയായിരുന്നു. 

സച്ചിന്റെ 100 സെഞ്ചുറികളും 34,000-ല്‍ അധികം റണ്‍സും ആര്‍ക്കും അങ്ങനെ എളുപ്പം പിടികൊടുക്കാതെ നിലനില്‍ക്കുകയാണ്. 1990-കളില്‍ സച്ചിന്റെ ഓരോ ഇന്നിങ്സുകളും താരതമ്യം ചെയ്യപ്പെട്ടിരുന്നത് സുനില്‍ ഗവാസ്‌ക്കറുമായിട്ടായിരുന്നു. സണ്ണിയുടെ ടെസ്റ്റ് റെക്കോഡുകള്‍ പലതും ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു അന്നത്തെക്കാലത്ത് പൊതുവെയുണ്ടായിരുന്ന വിശ്വാസം. 

എന്നാല്‍ 2013-ല്‍ ക്രിക്കറ്റിനോട് വിട പറയും മുന്‍പ് സച്ചിന്‍ ആ റെക്കോഡുകള്‍ തകര്‍ത്തു എന്ന് മാത്രമല്ല എത്തിപ്പിടിക്കാനാകാത്ത റണ്‍മല ഉണ്ടാക്കിയും വെച്ചു. ക്രിക്കറ്റിലെ 34,000 റണ്‍സെന്ന സച്ചിന്റെ റെക്കോഡ് ആര്‍ക്കും അത്ര പെട്ടെന്നൊന്നും സ്വപ്നം കാണാന്‍ സാധിക്കില്ല. 

എന്നാല്‍ കോലിയുടെ ഇപ്പോഴത്തെ ഫോം വെച്ച് സച്ചിന്റെ റെക്കോഡുകളില്‍ പലതും കോലി മറികടക്കുമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു. കോലിയുടെ ബാറ്റാണെങ്കില്‍ അത് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 

sachin tendulkar vs virat kohli a statistical analysiS

തുടക്കകാലം

1989-ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തന്നെ സച്ചിന്‍ ലോകോത്തര താരമെന്ന പേര് സ്വന്തമാക്കിയിരുന്നു. 1990-ല്‍ ഓള്‍ഡ് ട്രോഫോഡില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു സച്ചിന്റെ ആദ്യ സെഞ്ചുറി. സച്ചിന്‍ 71 ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയത് 1989-1999 കാലഘട്ടത്തിലായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ കോലിയെ ആരും അങ്ങനെ മികച്ച ടെസ്റ്റ് താരമായിട്ടൊന്നും കരുതിയിരുന്നില്ല. എന്നാല്‍ ടെസ്റ്റില്‍ നായകസ്ഥാനം ഏറ്റെടുത്തതുമുതല്‍ കോലിയുടെ ടെസ്റ്റ് കരിയര്‍ വേറെ തലത്തിലാണ്. 2012-ല്‍ അഡ്ലെയ്ഡില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലാണ് കോലി 71 ടെസ്റ്റുകള്‍ തികച്ചത്. 

ഇരുവരുടെയും ആദ്യ 71 ടെസ്റ്റുകളിലെ പ്രകടനം

ആദ്യ 71 ടെസ്റ്റുകളിലെ 111 ഇന്നിങ്സുകളില്‍ നിന്നായി 5612 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. 21 സെഞ്ചുറികളും 21 അര്‍ധ സെഞ്ചുറികളും ഇക്കാലയളവില്‍ സച്ചിന്‍ നേടി. 1999-ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 217 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അക്കാലയളവില്‍ സച്ചിന്റെ ഏക ഇരട്ട സെഞ്ചുറിയും അതായിരുന്നു. 

എന്നാല്‍ കോലി തന്റെ 71 ടെസ്റ്റുകളിലെ 122 ഇന്നിങ്സുകളില്‍ നിന്നായി 53.92 റണ്‍സ് ശരാശരിയില്‍ 6147 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും കോലിക്കു തന്നെ. ഇപ്പോള്‍ തന്നെ 24 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും കോലിയുടെ പേരിലുണ്ട്. ആറെണ്ണവും കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളിലാണ്, അതും നായകനായ ശേഷം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്ത് കോലിയാണ്. 

sachin tendulkar vs virat kohli a statistical analysis

ഏകദിനത്തിലെ റണ്‍മല

ഏകദിനത്തിലെ സച്ചിന്റെ 18,000 റണ്‍സിന്റേയും 49 സെഞ്ചുറികളുടേയും റെക്കോഡ് കോലി അധികം വൈകാതെ തന്നെ മറികടന്നേക്കും. ടെസ്റ്റില്‍ ഒന്നാം റാങ്കിലാണെങ്കിലും ഇപ്പോഴുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാനായാണ് കോലി വിലയിരുത്തപ്പെടുന്നത്. 

സച്ചിന്റെ ഏകദിന കരിയറിന്റെ തുടക്കം അത്ര മികച്ചതൊന്നും ആയിരുന്നില്ല. ആദ്യമായി മൂന്നക്കം കാണന്‍ 76 മത്സരങ്ങളാണ് സച്ചിന് കാത്തിരിക്കേണ്ടി വന്നത്. 1994-ല്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനത്തിനായി സച്ചിന്‍ വാശിപിടിച്ചു. ആ ഒരൊറ്റ ഇന്നിങ്സാണ് സച്ചിന്റെ ഏകദിന കരിയറിനെ മറ്റൊരു തലത്തിലെത്തിച്ചത്. ബാറ്റിങ് ഓര്‍ഡറിലെ ഈ സ്ഥാനക്കയറ്റം സച്ചിന് തന്റെ സ്ഫോടനാത്മക ബാറ്റിങ് കാഴ്ചവെയ്ക്കാനുള്ള വേദിയാകുകയായിരുന്നു. ഓസിസിനെതിരായ 'ഡെസേര്‍ട്ട് സ്റ്റോം ഇന്നിങ്സ്' സച്ചിന് മികച്ച ഏകദിന താരമെന്ന പേര് നേടിക്കൊടുത്തു. 

എന്നാല്‍ അണ്ടര്‍ 19 കാലം മുതല്‍ തന്നെ പേരെടുത്ത താരമാണ് വിരാട് കോലി. 2008-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിന്റെ നായകനായിരുന്നു അദ്ദേഹം. ഏകദിന കരിയറിലെ തുടക്കത്തില്‍ തന്നെ ശ്രീലങ്കയ്ക്കെതിരെ നേടിയ 133 റണ്‍സ് കോലിയിലെ പ്രതിഭയുടെ അളവുകോലായി. പിന്നാലെ 2012 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ നേടിയ 183 റണ്‍സ് കോലിയുടെ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയും ചെയ്തു. 

സച്ചിനും കോലിയും ആദ്യ 213 ഏകദിനങ്ങള്‍

1999-ലാണ് സച്ചിന്‍ കരിയറിലെ 213-ാം ഏകദിനം കളിക്കുന്നത്. അതും ന്യൂസിലന്‍ഡിനെതിരേ. ആദ്യ 213 ഏകദിനങ്ങളില്‍ 204 മത്സരങ്ങളില്‍ സച്ചിന്‍ ബാറ്റിങ്ങിനിറങ്ങി. 42 റണ്‍സ് ശരാശരിയില്‍ 7801 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. 21 സെഞ്ചുറികളും 43 അര്‍ധ സെഞ്ചുറികളും അക്കാലയളവില്‍ സച്ചിന്‍ നേടിയിരുന്നു. ഷാര്‍ജയില്‍ ഓസിസിനെതിരേ നേടിയ വിഖ്യാതമായ 143 റണ്‍സായിരുന്നു സച്ചിന്റെ ആ സമയത്തെ ഉയര്‍ന്ന സ്‌കോര്‍. 

ഇതുവരെ 213 ഏകദിനങ്ങള്‍ കളിച്ച വിരാട് കോലി 205 ഇന്നിങ്സുകള്‍ ബാറ്റു ചെയ്തതില്‍ 59.33 റണ്‍സ് ശരാശരിയില്‍ 10,832 റണ്‍സ് നേടിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ 37 ഏകദിന സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ട്. സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിനും കോലിയും തമ്മിലുള്ള വ്യത്യാസം വെറും 12 മാത്രം. 

ഈ കണക്കുകള്‍വെച്ച് വിലയിരുത്തുമ്പോള്‍ പലകാര്യങ്ങളിലും കോലി സച്ചിനെ ബഹുദൂരം പിന്നിലാക്കിയാണ് മുന്നേറുന്നത്. എന്നാല്‍ 16-ാം വയസിലാണ് സച്ചിന്‍ തന്റെ കരിയര്‍ തുടങ്ങുന്നത്. 213-ാം ഏകദിനം കളിക്കുന്നത് 25-ാമത്തെ വയസിലും. കോലിക്ക് ഇപ്പോള്‍ തന്നെ 30 വയസായി. 2019 ലോകകപ്പിനു ശേഷം കോലിയുടെ കരിയറിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. സച്ചിന്‍ കെട്ടിപ്പൊക്കിയ റണ്‍മല ഇതേപോലെ ഒരു ദിവസം കോലി മറികടക്കുന്നത് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

Content Highlights: sachin tendulkar and virat kohli an analysis