ഏകദിനത്തിലെ 37-ാം സെഞ്ചുറി, 10,000 റണ്‍സ്, കോലിക്ക് മതിയാകുന്നില്ല. റെക്കോര്‍ഡ് വേഗത്തില്‍ ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരം. പിന്നിലാക്കിയത് സാക്ഷാല്‍ സച്ചിനെ. 

213 ഏകദിനങ്ങളിലെ 205-ാം ഇന്നിങ്‌സിലാണ് കോലി 10,000 റണ്‍സെന്ന നേട്ടത്തിലെത്തിയത്. 259 ഇന്നിങ്‌സുകളില്‍ നിന്നു 10,000 റണ്‍സ് തികച്ച സച്ചിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. സച്ചിനേക്കാള്‍ 54 ഇന്നിങ്‌സ് കുറവ്. 37 സെഞ്ചുറിയും 49 അര്‍ധസെഞ്ചുറിയുമാണ് റെക്കോര്‍ഡ് പിന്നിടുമ്പോള്‍ കോഹ്‌ലിയുടെ പേരിലുള്ളത്. 

കണക്കുകളില്‍ എന്നും താരമായ കോലി പതിനായിരം പിന്നിട്ട ശേഷമുള്ള ചില കണക്കുകള്‍ കാണാം. 

58.69 കോലിയുടെ ഏകദിന ബാറ്റിങ് ശരാശരി. ഏകദിനത്തില്‍ 2000 റണ്‍സിലേറെ നേടിയ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന ശരാശരിയും ഇതാണ്. 

1 ഏകദിനത്തില്‍ കോലിയേക്കാള്‍ സെഞ്ചുറികളുള്ളവരുടെ എണ്ണം. അതാരെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ?

183 കോലിയുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍. 2012 ഏഷ്യാ കപ്പില്‍ പാകിസ്താനെതിരെയായിരുന്നു ഈ ഇന്നിങ്‌സ്. 

2 കോലി ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു തവണ. 2012-ലും 2017-ലും.

35 ഏറ്റവും വേഗത്തില്‍ 35 സെഞ്ചുറികള്‍ തികച്ച താരം കോലിയാണ്. വേഗത്തില്‍ 8000, 9000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോഡും കോലിയുടെ പേരിലാണ്. 

911 ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐസിസി റാങ്കിങ് പോയിന്റ്. 27 വര്‍ഷത്തിനിടെ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റും ഇതു തന്നെ.

4000 ഇന്ത്യന്‍ മണ്ണില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് തികച്ച താരവും കോലിയാണ്. 78 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം.  

Content Highlights: Kohli has cracked some serious numbers in his remarkable career