ഴിഞ്ഞവര്‍ഷം തേഞ്ഞിപ്പലത്ത് മെഡല്‍പ്പട്ടികയില്‍ മുന്നിലെത്തിയ അഞ്ച് സ്‌കൂളുകളും അവരുടെ മെഡല്‍ പ്രതീക്ഷകളും. 

മാര്‍ബേസിലിന് മറികടക്കേണ്ടത് താരങ്ങളുടെ കൊഴിഞ്ഞുപോക്ക്

കോട്ടയം: കഴിഞ്ഞ രണ്ടുവര്‍ഷവും സംസ്ഥാന കായികമേളയില്‍ ഓവറോള്‍ കിരീടം. ദേശീയതലത്തില്‍ മികവുതെളിയിച്ച ഒട്ടേറെ താരങ്ങള്‍. കായികമേളകളുടെ ചരിത്രത്തില്‍ കോതമംഗലം മാര്‍ബേസിലിന് റെക്കോഡ് നേട്ടങ്ങളാണ് സ്വന്തമായുള്ളത്. എന്നാല്‍, ചാമ്പ്യന്‍ പദവി നിലനിര്‍ത്താന്‍ ഇത്തവണ മാര്‍ബേസിലിന്റെ മുന്നിലെ കടമ്പ താരങ്ങളുടെ കൊഴിഞ്ഞുപോക്കാണ്. 

''മുന്‍വര്‍ഷങ്ങളില്‍ സ്‌കൂളിന് മെഡല്‍ ഉറപ്പാക്കിയിരുന്ന താരങ്ങളാണ് മണീട് സ്‌കൂളിലേക്കു പോയത്. പോള്‍വാള്‍ട്ടില്‍ മീറ്റ് റെക്കോഡിട്ട അനീഷ് മധു, അലക്സ് ജോസഫ്, ശ്രീകാന്ത്, ശരണ്യ, ശ്രീനാഥ് തുടങ്ങിയ 14 താരങ്ങളാണ് മണീടിലേക്ക് ചേക്കേറിയത്. വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത താരങ്ങളാണ് നഷ്ടമായത്. ഇത് സ്‌കൂളിന്റെ മെഡല്‍പ്രതീക്ഷകള്‍ക്ക് ഭീഷണിയായിട്ടുണ്ട്'' -കോച്ച് ഷിബി മാത്യു പറഞ്ഞു.

കഴിഞ്ഞവര്‍ഷം: 117 പോയന്റ് 
സ്വര്‍ണം - 14
വെള്ളി - 13
വെങ്കലം - 8
എറണാകുളം ജില്ലാ അത്ലറ്റിക് മീറ്റില്‍ 210 പോയന്റുമായി മാര്‍ബേസിലിനു തന്നെയായിരുന്നു ഒന്നാംസ്ഥാനം. സ്വര്‍ണം-25, വെള്ളി-25, വെങ്കലം-24.

പ്രതീക്ഷ: സീനിയര്‍ പെണ്‍കുട്ടികളുടെ 3000, 1500, 5000 മീറ്ററില്‍ രാജ്യാന്തരതാരമായ അനുമോള്‍ തമ്പിയാണ് മുഖ്യപ്രതീക്ഷ. ഏഷ്യന്‍ യൂത്ത് മീറ്റില്‍ 800 മീറ്ററില്‍ സ്വര്‍ണജേതാവായ അഭിഷേക് മാത്യുവിലും സ്‌കൂള്‍ മെഡല്‍ ഉറപ്പിക്കുന്നു. 24 ആണ്‍കുട്ടികളും 19 പെണ്‍കുട്ടികളുമടക്കം 43 താരങ്ങളാണ് മാര്‍ബേസില്‍ അണിനിരത്തുന്നത്. 

കൈവിടില്ല കല്ലടി

കഴിഞ്ഞവര്‍ഷം സംസ്ഥാന മീറ്റില്‍ രണ്ടാം സ്ഥാനം നേടിയ പാലക്കാടിന്റെ കല്ലടി എച്ച് എസ്. ഇത്തവണയും ഒരുങ്ങിത്തന്നെയാണ് വരവ്. 10 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമാണ് കല്ലടിയുടെ ടീമില്‍. 

കഴിഞ്ഞവര്‍ഷം: 102 പോയന്റ്
സ്വര്‍ണം - 15
വെള്ളി - 7
വെങ്കലം - 6

ജില്ലാ അത്ലറ്റിക് മീറ്റില്‍ 17 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 147 പോയന്റ് നേടി കല്ലടി ഇത്തവണയും ഒന്നാമതെത്തി. 

പ്രതീക്ഷ: നടത്തവും ദീര്‍ഘദൂര ഓട്ടവുമാണ് മെഡല്‍ പ്രതീക്ഷയെന്ന്് കോച്ച് പി.കെ. ജാഫര്‍ ബാബു. ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ നല്ല മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും 90 പോയന്റെങ്കിലും നേടാനാവുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയ മീറ്റില്‍ പങ്കെടുത്ത മൂന്നു താരങ്ങള്‍ ഇക്കുറിയും കല്ലടിക്കായി ട്രാക്കിലിറങ്ങും. സാന്ദ്ര സുരേന്ദ്രന്‍, കെ. അക്ഷയ, അശ്വിന്‍ ശങ്കര്‍ എന്നിവര്‍. 

പിടിച്ചെടുക്കാന്‍ സെന്റ് ജോര്‍ജ്

കഴിഞ്ഞവര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ കോതമംഗലം സെന്റ് ജോര്‍ജ് ഇത്തവണയും മികവ് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ്. 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമാണ് ഇത്തവണ പാലായിലേക്കെത്തുന്നത്. ജില്ലയില്‍ മാര്‍ബേസിലിന് പിന്നിലായെങ്കിലും 12 സ്വര്‍ണവും 15 വെള്ളിയും 18 വെങ്കലവും അവര്‍ നേടി.

കഴിഞ്ഞ വര്‍ഷം: 50 പോയന്റ്
സ്വര്‍ണം - 4
വെള്ളി - 8
വെങ്കലം - 6 

പ്രതീക്ഷകള്‍: ത്രോയിനങ്ങളിലാണ് സെയ്ന്റ് ജോര്‍ജ് ലക്ഷ്യംവയ്ക്കുന്നത്. സീനിയര്‍ ബോയ്സ് ഡിസ്‌കസ്, സീനിയര്‍ ബോയ്സ് ജാവലിന്‍, ഷോട്ട്പുട്ട്, ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ്, ജാവലിന്‍, പോള്‍വാട്ട്, ഹൈജംപ് എന്നിവയിലാണ് െമഡല്‍ പ്രതീക്ഷിക്കുന്നത്. പത്തു സ്വര്‍ണമാണ് ലക്ഷ്യമിടുന്നതെന്ന് കോച്ച് രാജു പോള്‍ പറഞ്ഞു. 

പറന്നുയരാന്‍ പറളി

കഴിഞ്ഞ സംസ്ഥാന മീറ്റില്‍ നാലാം സ്ഥാനമായിരുന്നു പാലക്കാട് പറളി ഹൈസ്‌കൂളിന്. പട്ടികയില്‍ മുന്നിലേക്ക് കുതിക്കുകയെന്ന ലക്ഷ്യമാണ് ഇത്തവണ. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണ് ഇത്തവണ ടീമില്‍. 

കഴിഞ്ഞവര്‍ഷം: 45 പോയന്റ് 

സ്വര്‍ണം - 6
വെള്ളി - 4
വെങ്കലം - 3

പ്രതീക്ഷകള്‍: സീനിയര്‍ ബോയ്സ് 5000, 1500 മീറ്ററില്‍ പി.എന്‍. അജിത്, ജൂനിയര്‍ ബോയ്സ് ഹാമര്‍ ത്രോയില്‍ എം. ശ്രീവിശ്വ, സീനിയര്‍ ബോയ്സ് 100 മീറ്ററിലും ലോങ്ജംപിലും ടി.പി. അമല്‍ എന്നിവര്‍ പറളിയുടെ കുതിപ്പിന് വേഗം പകരും.

പ്രാദേശികതലത്തിലുള്ള കുട്ടികളെ വളര്‍ത്തിയെടുത്താണ് പറളി മീറ്റുകളില്‍ മികവുപുലര്‍ത്തുന്നതെന്നും ഇത് ഇത്തവണയും തുടരുമെന്നും കോച്ച് പി.ജി. മനോജ് പറഞ്ഞു.

പുത്തന്‍ മോഹങ്ങളുമായി മുണ്ടൂര്‍

കഴിഞ്ഞ തവണത്തെ അഞ്ചാം സ്ഥാനക്കാരായ പാലക്കാടിന്റെ മുണ്ടൂര്‍ സ്‌കൂള്‍ ഇക്കുറി ട്രാക്കിലിറങ്ങുന്നത് ഏറെയും പുതിയ കുട്ടികളുമായാണ്. ജില്ലാ മീറ്റില്‍ 7 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം അവര്‍ മൂന്നാം സ്ഥാനം നേടി. 19 പേരാണ് ടീമില്‍. 11 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും. 

കഴിഞ്ഞവര്‍ഷം: 40 പോയന്റ്

സ്വര്‍ണം - 3 
വെള്ളി - 7
വെങ്കലം - 4

പ്രതീക്ഷകള്‍: ആദ്യമായി സംസ്ഥാന മീറ്റിനെത്തുന്നവരാണ് മിക്കകുട്ടികളും അതുകൊണ്ട് ഇതൊരു തുടക്കമാണ്. - കോച്ച് എന്‍.എസ്. ഷിജിന്‍ പറഞ്ഞു. 
സീനിയര്‍ ഗേള്‍സ് നടത്തം, ജൂനിയര്‍ ബോയ്സ് ട്രിപ്പിള്‍ ജംപ്, ജൂനിയര്‍ ബോയ്സ് 100 മീറ്റര്‍, ജൂനിയര്‍ ഗേള്‍സ് 3000, 1500 മീറ്ററുകളിലാണ് പ്രതീക്ഷ.