പാലാ: അറുപത്തിയൊന്നാമത്‌ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് കിരീടം. 252 പോയിന്റുമായി രണ്ടാമതുള്ള പാലക്കാടിനെ ബഹുദൂരം പിന്നിലാക്കിയാണ് എറണാകുളത്തിന്റെ കിരീടനേട്ടം. സ്‌കൂളുകളില്‍ മാര്‍ബേസില്‍ എച്ച്.എസ് കോതമംഗലം 75 പോയിന്റുമായി ചാമ്പ്യന്‍മാരായി. 

രണ്ടാമതുള്ള പാലക്കാട് 175 പോയിന്റും മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റും കരസ്ഥമാക്കി. സ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് ജോസ്ഫ്‌സ് എച്ച്.എസ് പുല്ലൂരംപാറ (63 പോയിന്റ്)  രണ്ടാമതും എച്ച്. എസ് പറളി (57 പോയിന്റ്) മൂന്നാമതുമെത്തി. 

മീറ്റിലെ അവസാന ഇനമായ റിലേയില്‍ പാലക്കാടും തിരുവനന്തപുരവും മുന്നിലെത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ പാലക്കാട് സ്വര്‍ണം നേടിയപ്പോള്‍ എറണാകുളത്തിന് വെള്ളി ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 4x400 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരത്തിനാണ് സ്വര്‍ണം.

സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഒന്നാമതെത്തിയ കോഴിക്കോടിന്റെ അപര്‍ണ റോയി ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ തൃശൂരിന്റെ ആന്‍സി സോജന്‍ സ്പ്രിന്റ് ഡബിളും സ്വന്തമാക്കി. 

ദേശീയ റെക്കോഡ് മെച്ചപ്പെടുത്തിയ ഒമ്പത് പ്രകടനങ്ങളാണ് മീറ്റിലുണ്ടായിരുന്നത്. 800 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അഭിഷേക് മാത്യു, ഹൈജമ്പില്‍ പാലക്കാട് കുമരംപത്തൂരിന്റെ ജിഷ്‌ന, ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് പറളിയുടെ അനസ്, ഹൈജമ്പില്‍ തേവര സേക്രട്ട് ഹാര്‍ട്‌സിന്റെ ഗായത്രി ശിവകുമാര്‍, ലോങ്ജമ്പില്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ ആന്‍സി സോജന്‍, 5000 മീറ്റര്‍ ഓട്ടത്തില്‍ പറളിയുടെ അജിത് പി.എന്‍, ലോങ് ജമ്പില്‍ മതിരപ്പള്ളി ഗവ.എച്ച്.എസ്.എസിലെ സാന്ദ്രാ ബാബു, 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി എന്നിവരാണ് ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്തത്.