പാല: കരകവിയുന്ന റെക്കാഡുകളോടെ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് മീനച്ചിലാറിന്റെ കരയില്‍ തുടക്കം. പാലക്കാടിന്റെ സ്വര്‍ണലബ്ധിയോടെ തുടക്കമായ മീറ്റിന്റെ ആദ്യദിനം കാലത്ത് തന്നെ ദേശീയ റെക്കോഡ് മറികടന്ന രണ്ട് പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരു മീറ്റ് റെക്കോഡും പിറന്നു.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ പി.എന്‍.അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പിയുമാണ് ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയത്തില്‍ ഫിനിഷ് ചെയ്തത്. 14:48.40 സെക്കന്‍ഡിലായിരുന്നു റെക്കോഡ് ഫിനിഷ്.

3000 മീറ്ററില്‍ 9:50.89 സെക്കന്‍ഡിലായിരുന്നു അനുമോള്‍ തമ്പിയുടെ റെക്കോഡ് ഫിനിഷ്. കേരളത്തിന്റെ ഷമീന ജബ്ബാര്‍ 2006ല്‍ കുറിച്ച 9:55.62 സെക്കന്‍ഡ് എന്ന സമയമാണ് അനുമോള്‍ മെച്ചപ്പെടുത്തിയത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ മനീട് സ്‌കൂളിലെ കെ.എം. ശ്രീകാന്തിന്റെ വകയാണ് ആദ്യ മീറ്റ് റെക്കോഡ്. 7.05 മീറ്ററാണ് ശ്രീകാന്ത് ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് കോതമംഗലം മാര്‍ ബേസിലെ എം.കെ. ശ്രീനാഥ് കുറിച്ച 6.97 മീറ്റര്‍ എന്ന ദൂരമാണ് ശ്രീകാന്ത് മെച്ചപ്പെടുത്തിയത്.

രണ്ടാം സ്ഥാനത്തെത്തിയ കുറുമ്പനാട് സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആകാശ് എം.വര്‍ഗീസും നിലവിലെ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു. 7.03 മീറ്ററാണ് ആകാശ് ചാടിയത്.

ഏഴ് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയിന്റോടെ എറണാകുളം ലീഡ് നേടിയിട്ടുണ്ട്. 16 പോയിന്റുള്ള പാലക്കാടാണ് രണ്ടാം സ്ല്‍ാനത്ത്. തിരുവനന്തപുരും (10), കോഴിക്കോട് (9), കോട്ടയം (3), പത്തനംതിട്ട (1), ആലപ്പുഴ (1) എന്നിവരാണ് പിറകില്‍.