തേഞ്ഞിപ്പലം:  സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം കുതിപ്പ് തുടരുകയാണ്. രണ്ടാം ദിവസം തിരശ്ശീല വീണപ്പോള്‍ 113 പോയിന്റോടെ വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ് അവര്‍. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 92 പോയിന്റാണുള്ളത്. 36 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

61 പോയിന്റ് നേടിയ കോതമംഗലം മാര്‍ ബേസിലാണ് എറണാകുളത്തിന്റെ കുതിപ്പിന് കരുത്താകുന്നത്. 43 പോയിന്റോടെ പാലക്കാട് കുമരംപുത്തൂരാണ് രണ്ടാം സ്ഥാനത്ത്.

ഒരു ദേശീയ റെക്കോഡും അഞ്ച് മീറ്റ് റെക്കോഡുമാണ് രണ്ടാം ദിനം പിറന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കുമരംപുത്തൂര്‍ സ്‌കൂളിലെ നിവ്യ ആന്റണിയാണ് പുതിയ ദേശീയ റെക്കോഡിനുടമ. 3.45 മീറ്ററാണ് നിവ്യ താണ്ടിയ ഉയരം. കേരളത്തിന്റെ ദിവ്യ മോഹന്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് കുറിച്ച 3.20 മീറ്റര്‍ എന്ന റെക്കോഡാണ് നിവ്യ തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ അതുല്ല്യയും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പിയും ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കുമരംപുത്തൂര്‍ സ്‌കൂളില്‍ അശ്വിന്‍ ശങ്കറും കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ മുഹമ്മദ് അഫ്‌സാനും സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ മാര്‍ ബേസിലിലെ അമല്‍ രാഘവുമാണ് പുതിയ മീറ്റ് റെക്കോഡുകള്‍ സൃഷ്ടിച്ചത്.

മീറ്റിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്ററിന്റെ ഫൈനലുകളും രണ്ടാം ദിനം പൂര്‍ത്തിയായി. പാലക്കാട് കല്ലടി സ്‌കൂളിലെ മുഹമ്മദ് അജ്മലും മുണ്ടൂര്‍ സ്‌കൂളിലെ വിനിയും ഏറ്റവും വേഗമേറിയ താരങ്ങളായി.

അപ്ഡേറ്റ്സ്