തേഞ്ഞിപ്പലം: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് കടമ്പകള്‍ക്കപ്പുറത്തേയ്ക്കാണ് മരിയ തോമസിന് ഷോട്ടിന്റെ ഭാരം പായിക്കേണ്ടിയിരുന്നത്. കാലത്ത് ഏഴ് മണിക്ക് കോടതി നിര്‍ദേശിച്ച ട്രയല്‍സ്. പതിനൊന്ന് മണിക്ക് സീനിയര്‍ വനിതകളുടെ ഫൈനലും. രണ്ടിലും ഒന്നാമതായി സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ചെത്തിയ ഇരിങ്ങാലക്കുട ഗവ. സ്‌കൂളിലെ വിദ്യാര്‍ഥി. 9.91 മീറ്റര്‍ എറിഞ്ഞാണ് മരിയ സ്വര്‍ണം നേടിയത്.

മീറ്റിലെ മറ്റൊരു താരത്തിനും നേരിടേണ്ടിവന്നിട്ടില്ലാത്ത വൈതരണികള്‍ പിന്നിട്ടാണ് മരിയ സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞത്. ഒന്നാന്തരം വോളിതാരം കൂടിയാണ് മരിയ. ജില്ലാ ടീമംഗവുമാണ്. കഴിഞ്ഞമാസം ഇരുപത്തിമൂന്നിന് തൃശൂര്‍ റവന്യൂ ജില്ലാ കായികമേള നടക്കുമ്പോള്‍ കോട്ടയത്ത് സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയായിരുന്നു മരിയ. അതുകൊണ്ട് തന്നെ തന്റെ ഇഷ്ടയിനമായ ഷോട്ട്പുട്ടിന് ജില്ലാ ടീമില്‍ അംഗമാവാന്‍ കഴിഞ്ഞില്ല കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡല്‍ ജേതാവിന്.

വോളിയില്‍ സ്വര്‍ണം നേടി തിരിച്ചെത്തി ഷോട്ട്പുട്ടില്‍ മത്സരിക്കാന്‍ അവസരം തേടി അധികൃതരെ സമീപിച്ചപ്പോള്‍ അവര്‍ കൈയൊഴിഞ്ഞു. എ.ഇ.ഒയുടെ കത്തുമായി വരാനായിരുന്നു നിര്‍ദേശം. പിറ്റേന്ന് തന്നെ കത്ത് ഹാജരാക്കി ട്രയല്‍സില്‍ എറിഞ്ഞ് ഒന്നാമതെത്തിയെങ്കിലും സംസ്ഥാന ടീമിലേയ്ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ആദ്യ മൂന്ന് സ്ഥാനക്കാരുടെ ലിസ്റ്റ് നേരത്തെ അയച്ചു കഴിഞ്ഞെന്നായിരുന്നു സംഘാടകരുടെ മറുപടി. ഒന്നുകില്‍ ഡി.ഡി. ഓഫീസില്‍ നിന്ന് സ്‌പെഷ്യല്‍ എന്‍ട്രി വാങ്ങുക. അല്ലെങ്കില്‍ കോടതിയെ സമീപിക്കുക. ഇതായിരുന്നു ലഭിച്ച നിര്‍ദേശം. ഡി.ഡി. ഓഫീസില്‍ നിന്ന് മറുപടി ലഭിക്കാതായതോടെ ഹൈക്കോടതിയെ സമീപിക്കാതെ തരമില്ലെന്നായി. ഹൈക്കോടതിയാണ് ആദ്യ നാലു സ്ഥാനക്കാരെയും വച്ച് റീ ട്രയല്‍ നടത്താന്‍ വിധിച്ചത്. കോടതി ഉത്തരവുമായി നേരത്തെ തന്നെ തേഞ്ഞിപ്പലത്തെത്തിയെങ്കിലും ആരും ഗൗനിച്ചില്ല. ഒടുവില്‍ മത്സരദിവസമാണ് സംഘാടകരുടെ മനസ്സലിഞ്ഞത്. അങ്ങിനെ കാലത്ത് ഏഴര മണിക്ക് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെത്തി മറ്റ് നാലു പേര്‍ക്കൊപ്പം റീട്രയല്‍ നടത്തി. ഒന്നാമതായി യോഗ്യത നേടി. രണ്ട് മണിക്കൂറിന് ശേഷം മത്സരം ആരംഭിച്ചു. ആരോടൊക്കെയോ ഉള്ള വാശിയില്‍ 9.91 മീറ്റര്‍ എറിഞ്ഞ്  പതിനൊന്നരയോടെ സ്വര്‍ണം നേടുകയും ചെയ്തു.

മരിയ ഇനി ഡിസ്‌ക്കസ് ത്രോയില്‍ കൂടി മത്സരിക്കുന്നുണ്ട്. ഡിസ്‌ക്കസില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവാണ് മരിയ. ഷോട്ട്പുട്ടിലെ നേട്ടം ഡിസ്‌ക്കസിലും ആവര്‍ത്തിക്കാനാവുമെന്ന ഉറച്ച വിശ്വാസമുണ്ട് മരിയക്ക്.