തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിനം ഒരു ദേശീയ റെക്കോഡിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ചു. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രനാണ് പുതിയ റെക്കോഡിട്ടത്. 14:18.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സാന്ദ്ര കെ. എം. മീഷ്മ 2008ല്‍ കൊല്‍ക്കത്തയില്‍ കുറിച്ച 14:24.40 സെക്കന്‍ഡിന്റെ റെക്കോഡാണ് പഴങ്കഥയാക്കിയത്. ഇതൊരു പുതിയ മീറ്റ് റെക്കോഡ് കൂടിയാണ്.

കുമരംപുത്തൂര്‍ സ്‌കൂളിലെ അക്ഷയ വെള്ളിയും കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആരതി വെങ്കലവും നേടി.

അഞ്ചാം ദിവസത്തെ ആദ്യ ഫൈനലായ സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിലെ അനീഷും പുതിയ മീറ്റ് റെക്കോഡ് സൃഷ്ടിച്ചു. 21.50:30 സെക്കന്‍ഡിലാണ് അനീഷ് നടന്നെത്തിയത്.

പറളി സ്‌കൂളിലെ തന്നെ എം. ഷിഹാബുദ്ദീന്‍ 2007ല്‍ കുറിച്ച 21:57.00 സെക്കന്‍ഡ് എന്ന റെക്കോഡാണ് അനീഷ് മെച്ചപ്പെടുത്തിയത്. പറളി സ്‌കൂളിലെ തന്നെ സി.ടി.നിതേഷിനാണ് വെള്ളി.

സീനിയര്‍ പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ സ്വര്‍ണവും വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂള്‍ സ്വന്തമാക്കി. ശ്രീജ സ്വര്‍ണവും വൈദേഹി വെള്ളിയും നേടി.

ലൈവ് അപ്‌ഡേറ്റുകള്‍