തേഞ്ഞിപ്പലം: പാലക്കാടിനും പറളി സ്‌കൂളിനും ഇന്ത്യന്‍ സ്‌കൂള്‍ കായികചരിത്രത്തിന്റ ഇടം നേടിക്കൊടുത്ത പരിശീലകനാണ് പി.ടി. മനോജ്. ഒരുപാട് പ്രതിഭകളെ വളര്‍ത്തിയ കായികാധ്യാപകന്‍. എന്നാല്‍, പറളിയുടെ സ്വന്തം മനോജ് മാഷിന് മനസ് മടുത്തുകഴിഞ്ഞു. മനസ്സ് മടുത്ത് പരിശീലകവേഷം അഴിച്ചുവച്ച് അരങ്ങൊഴിയാനൊരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ പരിശീലകനായി ട്രാക്കിലുണ്ടാവില്ലെന്ന് തറപ്പിച്ച് പറയുന്നു മനോജ് മാഷ്. കായികതാരങ്ങളിലെ വളര്‍ന്നുവരുന്ന മരുന്നടി തടയാന്‍ കഴിയുന്നില്ല എന്നതു തന്നെ കാരണം. ഉത്തേജക മരുന്നിന്റെ ഉപയോഗം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനി കായികരംഗത്ത് പരിശീലകനായി തുടരുന്നതില്‍ അര്‍ഥമില്ലെന്ന് മനോജ് മാഷ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'ഇത്തരം മരുന്നുകളുടെ ഉപയോഗം കാരണം ഒരുപാട് കായികതാരങ്ങള്‍ ഇല്ലാതായിപ്പോവുകയാണ്. നമ്മുടെ നാടിനാണ് അതിന്റെ നഷ്ടം. കായികമത്സരങ്ങവ നടത്തുന്നത് പേരിനോ പ്രശസ്തിക്കോ വേണ്ടിയല്ല. രാജ്യത്തിന് നല്ല കായികതാരങ്ങളെ കണ്ടെത്തുകയാണ് ഇത്തരം മേളകളുടെ ലക്ഷ്യം. പറളി സ്‌കൂള്‍ ഉള്‍പ്പടെ നേട്ടങ്ങളുണ്ടാക്കിയ എല്ലാ സ്‌കൂളുകളെയും കുറിച്ച് സര്‍ക്കാര്‍ ഒരു അന്വേഷണം നടത്തണം. എന്തെല്ലാം രീതിയിലാണ് ഇവിടെ റിസള്‍ട്ട് ഉണ്ടാവുന്നതെന്ന് അന്വേഷിക്കണം. ഇവിടെ ഇപ്പോള്‍ മറ്റൊരു സ്‌കൂളും ഉയര്‍ന്നു വരുന്നില്ലല്ലോ. എന്തുകൊണ്ട് മറ്റ് വിദ്യാലയങ്ങള്‍ വരുന്നില്ല. പരിശീലനത്തിന്റെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൗകര്യത്തിന്റെയോ  കുറവാണോ ഇതിന് കാരണമെന്ന് അന്വേഷിക്കണം. അങ്ങിനെ നടത്തിയാല്‍ കാര്യങ്ങവ ഭംഗിയായി പോകും. എന്നാല്‍ ഇന്ന് ഒളിമ്പിക്‌സില്‍ വരെ സാധ്യതയുള്ള കായികതാരങ്ങള്‍ അപ്രത്യക്ഷരായിപ്പോവുകയാണ്. ഇതിന്റെ പിറകിലുള്ള സത്യം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതുപോലുള്ള സംഗതികള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. ഒരു കായിക അധ്യാപകന്‍ എന്ന നിലയില്‍ ഞാന്‍ അവരുടെ റോള്‍ മോഡലായിരിക്കണം. അതുകൊണ്ട് ഞാന്‍ ഈ രംഗത്ത് നിന്ന് വിടവാങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ മീറ്റോടു കൂടി വിടവാങ്ങുകയാണ്. ഉറപ്പായും അടുത്ത മീറ്റിന് ഉണ്ടാവില്ല. കുറേ വര്‍ഷങ്ങളായി ഇത് കണ്ടു മടുത്തശേഷം എടുത്ത തീരുമാനമാണ്. ആരെങ്കിലും പിടിക്കപ്പെട്ടാല്‍ ഈ രംഗം നന്നാവുമല്ലോ എന്ന് ഓരോ വര്‍ഷവും വിചാരിച്ചു. അങ്ങിനെ ഓരോ വര്‍ഷവും തള്ളിനീക്കി. പക്ഷേ, മരുന്ന് ഉപയോഗം നിര്‍ബാധം തുടര്‍ന്നിട്ടും ആരും പിടിക്കപ്പട്ടില്ല. നല്ല അന്വേഷണം വന്നാല്‍, കുട്ടികളെയും പരിശീലകരെയും നല്ല വഴിക്ക് നടത്തിയാല്‍ എല്ലാം നന്നായി വരും. അപ്പോള്‍ ഇന്നു കാണുന്ന ഇൗ റിസള്‍ട്ടൊന്നും കാണാന്‍ കഴിയില്ല. നൂറ് ശതമാനം ഉറപ്പാണ്-മനോജ് മാഷ് പറഞ്ഞു.

പാലക്കാട് കണ്ണാടി പാണ്ടിയോട് സ്വദേശിയായ മനോജ് 1995ലാണ് കായികാധ്യാപകനായി പറളി സ്്കൂളിലെത്തുന്നത്. 2004 മുതലാണ് പറളി സ്‌കൂള്‍ മീറ്റില്‍ മാറ്ററിയിച്ചു തുടങ്ങിയത്. ഇരുപത്തിയൊന്ന് വര്‍ഷം കൊണ്ട് അത്ഭുതകരമായ നേട്ടമാണ് ടീമിന് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. എം.ഡി.താര, കെ.ടി.നീന, അഫ്‌സല്‍, എം.വി.രാജേശ്വരി, വി.വി.ജിഷ തുടങ്ങിയ നാല്‍പതിലേറെ ദേശീയ താരങ്ങളെയും വാര്‍ത്തെടുത്തു. സംസ്ഥാന മീറ്റില്‍ മാത്രം 150ലേറെ സ്വര്‍ണമെഡല്‍ സ്വന്തമായുണ്ട് പറളിക്ക് അഭിമാനിക്കാന്‍.