തേഞ്ഞിപ്പലം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ വീണ്ടും ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ എം. ജിഷ്‌നയാണ് ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ട്രാക്കില്‍ ബിബിന്‍ ജോര്‍ജും എല്‍ഗ തോമസും ട്രിപ്പിള്‍ സ്വര്‍ണം തികച്ചു.

ഹൈജമ്പില്‍ 1.70 മീറ്ററാണ് ജിഷ്‌ന ചാടിയത്. കേരളത്തിന്റെ തന്നെ ലിസ്ബത്ത് കരോലിന്‍ ജോസഫ് കഴിഞ്ഞ വര്‍ഷം ചാടിയ 1.65 മീറ്ററാണ് ദേശീയ റെക്കോഡ്. വെള്ളി നേടിയ എറണാകുളം സേക്രഡ് ഹാര്‍ട് സ്‌കൂളിലെ ഗായത്രി ശിവകുമാറും ദേശീയ റെക്കോഡിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. 1.68 മീറ്ററാണ് ഗായത്രി ചാടിയത്. ഇരുവരും മീറ്റ് റെക്കോഡും ഭേദിച്ചു. 2013ല്‍ ഭരണങ്ങാനം സ്‌കൂളിലെ ഡൈബി സെബാസ്റ്റിയന്‍ ചാടിയ 1.64 മീറ്ററായിരുന്നു മീറ്റ് റെക്കേഡ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റിലും സ്വര്‍ണമണിഞ്ഞാണ് കോതമംഗലം മാര്‍ ബേസിലിന്റെ ബിബിന്‍ ജോര്‍ജ് ട്രിപ്പിള്‍ തികച്ചത്. 1:53.75  സെക്കന്‍ഡിലായിരുന്നു ഫിനിഷ്. നേരത്തെ 1500 മീറ്ററിലും 5000 മീറ്ററിലും ബിബിന്‍ സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ സി.വി.സുഗന്ധകുമാര്‍ വെള്ളിയും തിരുവനന്തപുരം സായിയിലെ അഭിനന്ദ് സുന്ദരേശന്‍ വെങ്കലവും സ്വന്തമാക്കി.

സീനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളിലെ സി.ബബിതയ്ക്ക് നേരിയ വ്യത്യാസത്തിന് ട്രിപ്പിള്‍ നഷ്ടപ്പെട്ടു. 800 മീറ്ററില്‍ ഉഷ സ്‌കൂളിലെ ആബിത മേരി മാന്വലിന് മുന്നില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു 3000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം നേടിയ ബബിതയ്ക്ക്.

ആബിത മേരി മാന്വല്‍ (കോഴിക്കോട് പൂവ്വമ്പായി സ്‌കൂള്‍) 2:07.15 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. തിരുവനന്തപുരം സായിയിലെ അശ്വതി ബിനുവിനാണ് വെങ്കലം.

സബ് ജൂനിയര്‍ പെണ്‍കുട്ടികളടെ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് കോഴിക്കോട് പൂവ്വമ്പായി സ്‌കൂളിലെ പ്രതിനിധീകരിക്കുന്ന ഉഷ സ്‌കൂളിലെ എല്‍ഗ തോമസ് ഗോള്‍ഡന്‍ ട്രിപ്പിള്‍ തികച്ചത്. നേരത്തെ 100 മീറ്ററിലും 400 മീറ്ററിലും എല്‍ഗ സ്വര്‍ണം നേടിയിരുന്നു.

മീറ്റ് അവസാന ലാപ്പിലേയ്‌ക്കെത്തുമ്പോള്‍ 221 പോയിന്റുമായി എറണാകുളം കിരീടത്തോട് അടുക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന്206 പോയിന്റാണുള്ളത്. മറ്റുള്ള ജില്ലകള്‍ക്കൊന്നും 100 പോയിന്റ് കടക്കാനായിട്ടില്ല.

സ്‌കൂളുകളില്‍ കോതമംഗലം മാര്‍ ബേസിലും 109 പോയിന്റുമായി കിരീടത്തോട് അടുക്കുകയാണ്.  രണ്ടാം സ്ഥാനത്തുള്ള കുമരംപുത്തൂര്‍ സ്‌കൂളിന് 81 പോയിന്റാണുള്ളത്.

ലൈവ് അപ്ഡേറ്റ്സ്