ട്ടവും ചാട്ടവും പോയിട്ട് സ്‌കൂള്‍പ്പോക്ക് തന്നെ അത്ര എളുപ്പമായിരുന്നില്ല സുനിലിന്. അട്ടപ്പാടിയിലെ ഊരില്‍ നിന്ന് കാട്ടിലൂടെ മണിക്കൂറുകള്‍ സഞ്ചരിച്ചു വേണം കുറുമ്പ വിഭാഗക്കാരായ സുനിലിനും കൂട്ടര്‍ക്കും നാലക്ഷരം പഠിക്കാന്‍. എന്നിട്ടും സുനില്‍ ചെറിയ പ്രായത്തില്‍ തന്നെ കാടിറങ്ങി. സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്ന് പുസ്തകങ്ങള്‍ മാത്രമല്ല, ഓട്ടവും ചാട്ടവും പഠിച്ചു. പേരെടുത്ത ചാട്ടക്കാരനായി. ഇപ്പോള്‍ ഈ ചാട്ടം കൊണ്ട് സ്‌കൂളിന്റെ ചരിത്രത്തില്‍ ഒരു സുവര്‍ണ ഏട് എഴുതിച്ചേര്‍ക്കുകയും ചെയ്തു.

ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പങ്കെടുക്കുന്ന മലമ്പുഴ ആശ്രം സ്‌കൂളിന് അരങ്ങേറ്റ മീറ്റില്‍ തന്നെ ഒരു വെള്ളി മെഡല്‍ സമ്മാനിച്ചിരിക്കുകയാണ് ഈ എട്ടാം ക്ലാസുകാരന്‍. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് സുനില്‍ വെള്ളി നേടിയത്.  സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ സ്‌കൂളിനും സുനിലും ഒരുപോലെ അരങ്ങേറ്റ മീറ്റായിരുന്നു.

1.60 മീറ്ററാണ് സുനില്‍ താണ്ടിയ ദൂരം. എന്നാല്‍, എത്ര മീറ്റര്‍ ചാടിയെന്ന് സുനിലിനോട് ചോദിച്ചാല്‍ ഒരു തുറന്ന ചിരി മാത്രമാവും മറുപടി. പിന്നെ കൈമലര്‍ത്തും. അതൊന്നും സുനില്‍ നോക്കാറില്ല. ഇവിടെ മാത്രമല്ല, ജില്ലാ മീറ്റില്‍ എത്ര മീറ്റര്‍ ചാടിയെന്ന് ചോദിച്ചാലും സുനിലിന് പിടിയില്ല. കോച്ച് അരുണ്‍ തന്നെ ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കുക മാത്രമാണ് സുനില്‍ ചെയ്യുന്നത്. കോച്ച് പഠിപ്പിച്ചുകൊടുത്ത ചുവടുകള്‍ പിഴയ്ക്കാതെ ചാടും. ചാടിയപ്പോഴൊന്നും പിഴച്ചിട്ടുമില്ല. എത്ര ഉയരമാണെങ്കിലും കൈവരിച്ചത് ഏത് നേട്ടമാണെങ്കിലും അതൊന്നും സുനിലിനെ ബാധിക്കുന്നേയില്ല. യഥാര്‍ഥ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് കാടിറങ്ങിവന്ന സുനില്‍ നാട്ടുകാരായ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നു.

മൂന്നാം ക്ലാസ് മുതലാണ് സുനില്‍ ആശ്രം സ്‌കൂളില്‍  പഠിച്ചു തുടങ്ങുന്നത്. ഇവിടെയെത്തിയത് മുതലാണ് സുനില്‍ ഹൈജമ്പിനെക്കുറിച്ച് അറിയുന്നത് തന്നെ. സ്‌കൂളിലെ പരിശീലകന്‍ അരുണാണ് സുനിലെ കായികതാരത്തെ കണ്ടെത്തി വളര്‍ത്തിയത്. റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിക്കുന്നത് കൊണ്ട് പഠനം കഴിഞ്ഞാല്‍ മുഴുവന്‍ സമയവും പരിശീലനം തന്നെ. ഓണത്തിനും ക്രിസ്മസിനും മാത്രമാണ് അട്ടപ്പാടിയിലെ ഊരിലെത്തുന്നത്.