ഡിസ്‌ക്കസിനെ റെക്കോഡുകളുടെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് പായിച്ച അമല്‍ രാഘവ് ഇനി കാത്തിരിക്കുന്നത് ഒരു വിളിക്കുവേണ്ടിയാണ്. ഈ മാസം തന്നെ അതു വന്നേക്കും. പിന്നെ മാര്‍ ബേസിലിന്റെ ജെഴ്‌സിയിലാവില്ല കേരളം ഈ ഡിസ്‌ക്കസ് ത്രോ മീറ്റ് റെക്കോഡുകാരനെ കാണുക. സൈനികവേഷത്തിലാവും. ആര്‍മിയില്‍ നിന്നും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അമലിന് ജോലി വാഗ്ദാനം ലഭിച്ചുകഴിഞ്ഞു. ഡിസംബര്‍ പത്തിനകം തീരുമാനമായേക്കും.

സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്‌ക്കസ് ത്രോയില്‍ മീറ്റ് റെക്കോഡ് ഒരു അത്ഭുതമായിരുന്നില്ല അമലിന്. റെക്കോഡോടെ അമല്‍ സ്വര്‍ണം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പരിശീലകന്‍ ചാള്‍സ് ഇ ഇടപാട്ട് പറഞ്ഞു. ഇന്നലെ വൈകി പെയ്ത മഴയില്‍ ടര്‍ഫ് നനഞ്ഞത് അമലിന്റെ പ്രകടനത്തെ ബാധിച്ചു. ടെര്‍ഫ് നനഞ്ഞിരുന്നതിനാല്‍ ത്രോ ചെയ്യുന്ന സമയങ്ങളില്‍ കാല്‍ തെന്നുന്നുണ്ടായിരുന്നു. മത്സരത്തിന്റെ തലേദിവസം പരിശീലനത്തില്‍ 51 മീറ്റര്‍ എറിഞ്ഞിരുന്നു. മത്സരത്തില്‍ രണ്ടാം ത്രോയില്‍ തന്നെ അമല്‍ 43 പിന്നിട്ട് മീറ്റ് റെക്കോഡ് മറികടക്കാന്‍ കഴിഞ്ഞിരുന്നു. അവസാന ത്രോയില്‍ 43 എന്ന റെക്കോഡ് വീണ്ടും മെച്ചപ്പെടുത്തി 44.09 എന്ന മീറ്റ് റെക്കോഡ് ദൂരം കൈവരിക്കാനും അമലിന് സാധിച്ചു-അദ്ദേഹം പറഞ്ഞു.

ഇനി മത്സരിക്കാനുള്ള ഷോട്ട്പുട്ടിലും അമല്‍ റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് പരിശീലകന്‍. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 15.45 മീറ്റര്‍ ദൂരം എറിഞ്ഞ് അമല്‍ റെക്കോഡ് നേടിയിരുന്നു. കഴിഞ്ഞ മാസം എറണാകുളത്ത് നടന്ന 20 വയസ്സില്‍ താഴെയുള്ളവരുടെ ജൂനിയര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അമല്‍ ഡിസ്‌കസ് ത്രോയില്‍ റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു (48.65 മീറ്റര്‍). ഈ നേട്ടങ്ങളുടെ പട്ടിക നിരത്തിയാണ് അമല്‍ സൈന്യത്തിന് അപേക്ഷ നല്‍കിയത്.