കൊച്ചി: റെക്കോഡിന്റെ ഉയരങ്ങളില്‍ ദില്‍ഷിതിന്റെ പോരാട്ടം തന്നോടു തന്നെയായിരുന്നു. എറണാംകുളം റവന്യൂ ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ 1.92 മീറ്റര്‍ കുറിച്ച് മാര്‍ ബേസിലിലെ ദില്‍ഷിത് റെക്കോഡിടുമ്പോള്‍ എതിരാളികളെല്ലാം ഒരുപാട് മുമ്പേ പരാജയം സമ്മതിച്ച് പിന്‍മാറിയിരുന്നു.

1.75 മീറ്ററില്‍ മാര്‍ ബേസിലിലെ തന്നെ ശ്രീകാന്തും സെന്റ് ജോര്‍ജിലെ എബ്രഹാം സണ്ണിയും പോരാട്ടം അവസാനിപ്പിച്ച ശേഷം ആറ് റൗണ്ടാണ് ദില്‍ഷിത് ഒറ്റയ്ക്ക് പുതിയ ഉയരങ്ങളിലേക്ക് പറന്നുയര്‍ന്നത്. 1.78 മീറ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ മറികടന്ന ദില്‍ഷിത് 1.83 മീറ്റര്‍ രണ്ടാം ശ്രമത്തിലാണ് മറികടന്നത്. അപ്പോഴേക്കും പുതിയ മീറ്റ് റെക്കോഡ് ദില്‍ഷിതിന്റെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.

റെക്കോഡിട്ട ശേഷവും പോരാട്ടം തുടരാനായിരുന്നു ദില്‍ഷിതിന്റെയും കോച്ച് ചാള്‍സ് എടപ്പാട്ടിന്റെയും തീരുമാനം. 1.86 മീറ്റര്‍ മൂന്നാം ശ്രമത്തില്‍ മറികടന്ന ദില്‍ഷിത് 1.89 മീറ്റര്‍ ലക്ഷ്യം രണ്ടാം ശ്രമത്തില്‍ മറികടന്നു. 1.92 മീറ്റര്‍ മൂന്നാം ശ്രമത്തില്‍ മറികടന്ന ദില്‍ഷിത് അടുത്ത ലക്ഷ്യമായി നിശ്ചയിച്ചത് 1.96 മീറ്ററായിരുന്നു. എന്നാല്‍ അതിനുള്ള മൂന്ന് ശ്രമങ്ങളും പാഴായതോടെ റെക്കോഡ് തിളക്കത്തിലുള്ള സ്വര്‍ണ പോരാട്ടം രാജകീയമായി അവസാനിപ്പിക്കുകയായിരുന്നു.

തലശ്ശേരി കൂത്തുപറമ്പ് വിനായകയില്‍ റോഷിത്ത് ബാബുവിന്റെയും പ്രമീളയുടെയും മകനായ ദില്‍ഷിത് കഴിഞ്ഞ വര്‍ഷമാണ് മാര്‍ ബേസിലിലെത്തിയത്.ആറടിയിലേറെ ഉയരമുള്ള ദില്‍ഷിതിനെ ഹൈജംപിലേക്ക് കൂട്ടിക്കൊണ്ടുപോയ കോച്ചിന് പിഴച്ചില്ല. 

ജില്ലാ മീറ്റിലെ മിന്നുന്ന പ്രകടനവുമായി സംസ്ഥാന മീറ്റിന് പോകുന്ന ദില്‍ഷിതിനു മുന്നില്‍ വലിയൊരു ലക്ഷ്യവും ആഗ്രഹവുമുണ്ട്...രണ്ട് മീറ്റര്‍ മറികടന്ന് സംസ്ഥാന തലത്തില്‍ ഒന്നാമനാകണം. അതിന് ദില്‍ഷിതിന് കഴിയുമെന്നാണ് കോച്ച് ചാള്‍സിന്റെയും പ്രതീക്ഷ.