പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവിശ്വസനീയ ഗോളുമായി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഒഡിഷ എഫ്.സിയുടെ മുന്നേറ്റതാരം ഹാവി ഹെര്‍ണാണ്ടസ്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെയാണ് ഹാവി ഈ അത്ഭുതഗോള്‍ നേടിയത്. 

മത്സരത്തിന്റെ ആദ്യപകുതിയിലാണ് ഗോള്‍ പിറന്നത്. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ഒഡിഷയ്ക്ക് അനുകൂലമായി റഫറി കോര്‍ണര്‍ കിക്ക് നല്‍കി. ഹാവി ഹെര്‍ണാണ്ടസാണ് കിക്കെടുത്തത്. ഹാവി തൊടുത്തുവിട്ട പന്ത് പറന്നുയര്‍ന്ന് വളഞ്ഞ് നേരെ ഗോള്‍വലയ്ക്കകത്തേക്ക് കടന്നു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ താരങ്ങള്‍ക്കും ഗോള്‍കീപ്പര്‍ സെന്നിനും ഈ കിക്ക് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ. കോര്‍ണര്‍ കിക്ക് നേരിട്ട് ഗോളാകുമ്പോള്‍ അതിനെ ഒളിമ്പിക് ഗോള്‍ എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ വിശേഷിപ്പിക്കാറ്.

പന്ത് അതിമനോഹരമായി വലയിലെത്തിച്ച് ഒളിമ്പിക് ഗോള്‍ നേടിയ ഹാവി ഹെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു. ഈ സീസണിലാണ് ഹാവി ഒഡിഷയിലെത്തിയത്. കഴിഞ്ഞ സീസണില്‍ എ.ടി.കെ മോഹന്‍ ബഗാനിനുവേണ്ടിയാണ് താരം കളിച്ചത്. 

ഈ ഗോളോടെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഹാവി ഹെര്‍ണാണ്ടസ് ഒഡിഷയുടെ തന്നെ അറിഡായ് സുവാരസിനൊപ്പം ഒന്നാമതെത്തി. മൂന്ന് ഗോളുകളാണ് ഇരുവരും നേടിയിരിക്കുന്നത്. മത്സരത്തില്‍ ഒഡിഷ നാലിനെതിരേ ആറുഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ കീഴടക്കി. 

Content Highlights: wonder goal of Javi Hernandez against east bengal fc in ISL 2021-2022