ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ തളച്ച് എസ്.സി ഈസ്റ്റ് ബംഗാള്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഈസ്റ്റ് ബംഗാളിനുവേണ്ടി തോങ്‌ഖോസിയേം ഹാവോകിപ്പ് ഗോളടിച്ചപ്പോള്‍ സൗരവ് ദാസിന്റെ സെല്‍ഫ് ഗോള്‍ ബെംഗളൂരുവിന് തുണയായി. 

ഈ സമനിലയോടെ ബെംഗളൂരു പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 10 പോയന്റാണ് ടീമിനുള്ളത്. മറുവശത്ത് ഈസ്റ്റ് ബംഗാള്‍ മോശം ഫോമില്‍ തുടരുകയാണ്. ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ഇതുവരെ ഒരു മത്സരത്തില്‍ പോലും ജയിക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. വെറും അഞ്ച് പോയന്റ് മാത്രം ശേഖരത്തിലുള്ള ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 

ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളാണ് മത്സരത്തില്‍ ലീഡെടുത്തത്. 28-ാം മിനിറ്റില്‍ തോങ്‌ഖോസിയേം ഹാവോകിപ്പ് ടീമിനായി ഗോള്‍ നേടി. വാഹെങ്ബം ലുവാങ്ങിന്റെ പാസില്‍ നിന്നാണ് ഹാവോകിപ്പ് ഗോളടിച്ചത്. ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ഒരു ഗോളിന് മുന്നില്‍ നിന്നു. 

എന്നാല്‍ 56-ാം മിനിറ്റില്‍ സൗരവ് ദാസ് വഴങ്ങിയ സെല്‍ഫ്‌ഗോള്‍ ബെംഗളൂരുവിന് സമനില സമ്മാനിച്ചു. സൗരവ് ദാസിന്റെ ക്ലിയറന്‍സ് അബദ്ധത്തില്‍ ഗോളാകുകയായിരുന്നു. പിന്നീട് വിജയ ഗോള്‍ നേടാന്‍ ഇരുടീമുകളും ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 

Content Highlights: SC East Bengal vs Bengaluru FC ISL 2021-2022 match result