സ്‌കൂളിലേക്കും കടയിലേക്കും ബന്ധുവീട്ടിലേക്കുമെല്ലാം ചേട്ടന്റെ കൈപിടിച്ചു നടന്ന ഒരു അനിയന്‍. ചിലപ്പോള്‍ യാത്ര ബസ്സിന്റെ സൈഡ് സീറ്റില്‍ ചേട്ടന്റെ മടിയിലാകും. അല്ലെങ്കില്‍ സൈക്കിളില്‍ പിന്നിലെ സീറ്റിലാകും. ഇതിനിടയില്‍ ഫുട്‌ബോളിനോട് ഇഷ്ടം കൂടിയ ചേട്ടന്‍ പന്തിന് പിന്നാലെ പാഞ്ഞപ്പോള്‍ അനിയനും അതേ വഴി തിരഞ്ഞെടുത്തു. ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ താരം ഗുര്‍സിമ്രത് സിങ്ങ് ഗില്ലും കേരള ബ്ലാസ്‌റ്റേഴ്‌സ് താരം പ്രഭ്‌സുഖന്‍ ഗില്ലുമാണ് ആ ചേട്ടനും അനിയനും.  

ഗുര്‍സിമ്രത് സിങ്ങ് ഗോള്‍വലയ്ക്ക് മുമ്പില്‍ പ്രതിരോധക്കോട്ട കെട്ടിയപ്പോള്‍ പ്രഭ്‌സുഖന്‍ ഒരു പടി കൂടി പിന്നില്‍ പോയി ഗോള്‍വല കാക്കുന്ന ജോലി ഏറ്റെടുത്തു. എന്നാല്‍ ഫുട്‌ബോളിലെ പൊസിഷനില്‍ മാത്രമാണ് ഈ ഉള്‍വലിയല്‍. കളി മികവില്‍ ചേട്ടനേക്കാള്‍ എത്രയോ മുന്നിലാണ് അനിയന്‍.

ഐഎസ്എസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുശേഷം ഒഡീഷ എഫ്‌സിക്കെതിരെയാണ് പ്രഭ്‌സുഖന്‍ കളത്തിലിറങ്ങിയത്. അതും പ്രധാന ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന് പരിക്കേറ്റപ്പോള്‍ വീണുകിട്ടിയ അവസരം. ആ പിടിവള്ളിയില്‍ പിടിച്ചുകയറിയ ഇരുപത്തിയൊന്നുകാരന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോള്‍കീപ്പറാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. 

Prabhsukhan Singh Gill
ഗുര്‍സിമ്രത് സിങ്ങ് ഗില്ലും പ്രഭ്‌സുഖന്‍ ഗില്ലും | Photo: twitter/ BFC

നോട്ടം ഗോള്‍ഡന്‍ ഗ്ലൗവിലേക്ക്

ഐഎസ്എല്ലിലെ ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരത്തിന് വേണ്ടിയുള്ള റേറ്റിങ്ങില്‍ ഒന്നാമതാണ് പ്രഭ്‌സുഖന്‍. ഇന്ത്യയുടെ മുന്‍നിര ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധു അടക്കമുള്ളവരെ പിന്നിലാക്കിയാണ് യുവതാരത്തിന്റെ കുതിപ്പ്. ഗോള്‍ വഴങ്ങാന്‍ എടുക്കുന്ന ശരാശരി സമയം 128.8 മിനിറ്റാണ്. രണ്ടാം സ്ഥാനത്തുള്ള ജെംഷഡ്പുര്‍ എഫ്‌സിയുടെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിന്റെ സമയമാകട്ടെ 81.5 മിനിറ്റും. നാല് മത്സരങ്ങളില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ ക്ലീന്‍ ഷീറ്റ് നേടി. അഞ്ചു ഗോളുകളാണ് ആകെ വഴങ്ങിയത്. 22 തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനാകുകയും ചെയ്തു.

ഒഡീഷയ്‌ക്കെതിരായ സൂപ്പര്‍മാന്‍ സേവ്

ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പിനൊപ്പം കൂട്ടിവായിക്കേണ്ട പേരാണ് പ്രഭ്‌സുഖന്‍. കഴിഞ്ഞ ദിവസം ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിലും താരത്തിന്റെ സൂപ്പര്‍ സേവ് കണ്ട് ആരാധകര്‍ കോരിത്തരിച്ചു. 25-ാം മിനിറ്റില്‍ ബോക്‌സിലേക്ക് നീട്ടിക്കിട്ടിയ പന്ത്  ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് തീയുണ്ട പോലെ പായിക്കുകയായിരുന്നു ഒഡിഷയുടെ സ്പാനിഷ് താരം ഹാവി ഹെര്‍ണാണ്ടസ്. എന്നാല്‍ പോസ്റ്റിന് മുന്നില്‍ ആത്മവിശ്വാസം നിറഞ്ഞ മുഖവുമായി നിന്ന പ്രഭ്‌സുഖന്‍ ആ പന്ത് തട്ടികയറ്റി. അതും ഒരു സൂപ്പര്‍മാന്‍ സെയ്‌വിലൂടെ. ഒഡിഷയുടെ ആരാധകര്‍ നിരാശയോടെ തലയില്‍ കൈവെച്ചു. 

തുടക്കം പഞ്ചാബിലെ മണ്ണില്‍ നിന്ന്

ലുധിയാനയില്‍ ജനിച്ച പ്രഭ്‌സുഖന്‍ ഛണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയിലൂടെയാണ് കളി തുടങ്ങുന്നത്. പിന്നീട് എഐഎഫ്എഫ് എലൈറ്റ് അക്കാദമി വഴി ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ ഇടം നേടി. അണ്ടര്‍-19 ലോകകപ്പ് കളിച്ച ടീമിലും അംഗമായി. ശേഷം എഐഎഫ്എഫിന്റെ ക്ലബ്ബ് ഇന്ത്യന്‍ ആരോസിലെത്തി. ധീരജ് സിങ്ങ് ആരോസ് വിട്ടതോടെ പ്രഭ്‌സുഖന് അവസരം ലഭിച്ചു. 2018-ല്‍ തന്റെ 17-ാം വയസ്സില്‍ ഐ ലീഗില്‍ അരങ്ങേറി. തുടര്‍ന്ന് ബെംഗളൂരു എഫ്‌സിയില്‍ എത്തിയെങ്കിലും അവിടെ സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അങ്കത്തട്ടിലെത്തി. രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആദ്യ വര്‍ഷം കാര്യമായ പണിയൊന്നുമില്ലാതെ ഇരുന്നു. എന്നാല്‍ ഈ സീസണില്‍ ഭാഗ്യദേവത പ്രഭ്‌സുഖന് ഒപ്പമായിരുന്നു. ആല്‍ബിനോ ഗോമസിന് പരിക്കേറ്റതും ടീമില്‍ ഇടം നേടി മികച്ച പ്രകടനം പുറത്തെടുത്തതുമെല്ലാം അവിശ്വസനീയമെന്ന് പ്രഭ്‌സുഖന്‍ പറയുന്നു. ഇനി ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ കിരീടം കൂടി നേടിയാല്‍...ആ ഒരൊറ്റ സ്വപ്‌നം മാത്രമാണ് പ്രഭ്‌സുഖന് ഇപ്പോഴുള്ളത്. 

Content Highlights: Prabhsukhan Singh Gill ISLTeam Kerala Blasters Goalkeeper