പനാജി: മുഖ്യപരിശീലകന്‍ കിക്കോ റാമിറെസിനെ പുറത്താക്കി ഒഡിഷ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് റാമിറെസിനെ പുറത്താക്കിയത്. 

അവസാന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡിഷ പരാജയപ്പെട്ടു. ഈ തോല്‍വിയ്ക്ക് പിന്നാലെയാണ് റാമിറെസിന് സ്ഥാനം നഷ്ടപ്പെട്ടത്. 

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 13 പോയന്റുളള ഒഡിഷ പോയന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. അവസാന അഞ്ചുമത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ടീമിന് വിജയിക്കാനായത്. 

റാമിറെസിന് പകരം കിനോ ഗാര്‍ഷ്യയെ താത്കാലിക പരിശീലകനായി നിയമിച്ചു. അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒഡിഷയുടെ എതിരാളി. ജനുവരി 18 നാണ് മത്സരം.

Content Highlights: Odisha FC part ways with head coach Kiko Ramirez