കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ടീമായ കേരള ബ്ലാസ്റ്റേഴ്സില്‍ ആറു മലയാളി താരങ്ങളുണ്ട്. ഇത്രയും മലയാളികള്‍ കളിക്കുന്ന മറ്റൊരു ടീമും സൂപ്പര്‍ ലീഗിലുണ്ട്. വടക്കുകിഴക്കന്‍ ടീമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആണത്.

സൂപ്പര്‍ ലീഗിനുള്ള നോര്‍ത്ത് ഈസ്റ്റ് ടീമിനെ പരിശീലകന്‍ ഖാലിദ് ജമീല്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളായ ഗോള്‍ കീപ്പര്‍ മിര്‍ഷാദ്, പ്രതിരോധനിരക്കാന്‍ മസൂര്‍ ഷെരീഫ്, ജസ്റ്റിന്‍ ജോര്‍ജ്, ഇര്‍ഷാദ്, മധ്യനിരയില്‍ ഗനി അഹമ്മദ് നിഗം, മുന്നേറ്റത്തില്‍ വി.പി. സുഹൈര്‍ എന്നിവര്‍ ടീമില്‍ ഇടംനേടി.

കാസര്‍കോടുകാരനായ മിര്‍ഷാദ് കഴിഞ്ഞ സീസണ്‍വരെ ഈസ്റ്റ് ബംഗാളിലായിരുന്നു. അതിനുമുമ്പ് ഗോകുലം കേരളയിലും കളിച്ചു. മലപ്പുറം ജില്ലക്കാരനായ ടി.വി. മുഹമ്മദ് ഇര്‍ഷാദ് കഴിഞ്ഞ സീസണില്‍ ഈസ്റ്റ് ബംഗാളിലും തുടര്‍ന്ന് പഞ്ചാബ് എഫ്.സി.യിലുമാണ് കളിച്ചത്. കോട്ടയത്തുകാരനായ ജസ്റ്റിന്‍ ജോര്‍ജ് ഗോകുലം കേരള എഫ്.സി.യില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റിലേക്ക് ചേക്കേറിയത്. മലപ്പുറത്തുകാരനായ മസൂര്‍ ഷെരീഫ് കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായി നന്നായി കളിച്ചു. ഇന്ത്യന്‍ ടീമിലും അവസരം ലഭിച്ചു.

വിങ്ങറായി കളിക്കുന്ന ഗനി മുഹമ്മദ് നിഗം കോഴിക്കോട് സ്വദേശിയാണ്. കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലെത്തിയത്. മുന്നേറ്റനിരക്കാരനായ വി.പി. സുഹൈര്‍ 2020 മുതല്‍ നോര്‍ത്ത് ഈസ്റ്റിലുണ്ട്. കഴിഞ്ഞ സീസണില്‍ 18 മത്സരം കളിച്ചു. മൂന്നുഗോളും നേടി. പാലക്കാട് സ്വദേശിയാണ്.

Content Highlights: north east united the mini kerala team in isl