ന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതുവരെയുള്ള ഏഴ് സീസണുകളിലായി വമ്പന്‍ വിപണിമൂല്യമുള്ള താരങ്ങള്‍ കളിക്കാനെത്തിയിട്ടുണ്ട്. ഇത്തവണത്തെ കളിക്കാരില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുറുഗ്വായ് മധ്യനിരതാരം അഡ്രിയന്‍ ലുണയ്ക്കും ഒഡീഷ എഫ്.സി.യുടെ ബ്രസീല്‍ ഫോര്‍വേഡ് ജോനാഥാസുമാണ് മൂല്യമേറിയ താരങ്ങള്‍. ഇരുവര്‍ക്കും 7.49 കോടിയോളം രൂപയാണ് വിപണി മൂല്യം. എന്നാല്‍ ക്ലബ്ബുകള്‍ എത്ര രൂപയുടെ കരാറിലാണ് ഇവരെ എത്തിച്ചതെന്ന് വ്യക്തമല്ല.

രണ്ടാം സ്ഥാനത്ത് എ.ടി.കെ. മോഹന്‍ബഗാന്റെ ഫ്രഞ്ച് മധ്യനിര താരം ഹ്യൂഗോ ബൗമാസാണ്, 4.79 കോടിയാണ് മൂല്യം. കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റി എഫ്.സി.യുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. മുംബൈയില്‍നിന്ന് റിലീസിങ് ക്ലോസ് തുക നല്‍കിയാണ് ബൗമാസിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.

നോര്‍ത്ത് ഈസ്റ്റിന്റെ ഫ്രഞ്ച് ഫോര്‍വേഡ് മാത്തിയാസ് കൗറെറിനും കേരള ബ്ലാസ്റ്റേഴ്സിന്റെ അര്‍ജന്റീന ഫോര്‍വേഡ് യോര്‍ഗെ പെരസ് ഡയസിനും 4.58 കോടി രൂപയാണ് വിപണി മൂല്യം. ബെംഗളൂരു എഫ്.സി.യുടെ ബ്രസീല്‍ സ്ട്രൈക്കര്‍ അലന്‍ കോസ്റ്റ (4.37 കോടി), ഈസ്റ്റ് ബംഗാളിന്റെ സ്ലോവേനിയ സ്ട്രൈക്കര്‍ അമിര്‍ ഡെര്‍വിസെവിച്ച് (4.16 കോടി), ഹൈദരാബാദ് എഫ്.സി.യുടെ ബ്രസീല്‍ മധ്യനിരതാരം ജാവോ വിക്ടര്‍ (3.95 കോടി), മുംബൈ സിറ്റിയുടെ ബ്രസീല്‍ ഫോര്‍വേഡ് യഗോര്‍ കാറ്റതൗ (3.74 കോടി) ജംഷേദ്പുര്‍ എഫ്.സി.യുടെ ബ്രസീല്‍ ഫോര്‍വേഡ് അലക്‌സ് (3.74 കോടി) എന്നിവരാണ് വിപണിമൂല്യത്തില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്.

Content Highlights: Market value isl clubs 2021 2022