പനാജി: ഐഎസ്എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡിഷ എഫ്.സിക്കെതിരേ മനോഹര ഫുട്‌ബോളാണ് പുറത്തെടുത്തത്. വിദേശ താരം ആല്‍വാരൊ വാസ്‌കെസും മലയാളി താരം പ്രശാന്തും നേടിയ ഗോളിലായിരുന്നു കേരളത്തിന്റെ വിജയം. ഇതിന് പിന്നാലെ പ്രശാന്തിന്റെ ഗോള്‍ ആഘോഷം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. 

85-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ നല്‍കിയ പന്തുമായി കയറിയ പ്രശാന്ത് അനായാസം ഒഡിഷ ഗോളിയെ മറികടന്നു. ഗോള്‍ നേടിയതോടെ സഹതാരങ്ങള്‍ക്കൊപ്പം ആഘോഷവും തുടങ്ങി. ഇതിനിടെ പ്രശാന്ത് സ്മാര്‍ട്ട് ഫോണില്‍ ടച്ച് ചെയ്യുന്നതുപോലെ ആംഗ്യം കാണിച്ച് അതു മുകളിലേക്ക് എറിഞ്ഞ് കിക്ക് ചെയ്തു. 

സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് പ്രശാന്ത് ഈ ആഘോഷത്തിലൂടെ നല്‍കിയതെന്നാണ് ആരാധകര്‍ പറയുന്നത്. സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരയായിട്ടുണ്ടെന്നും പല ട്രോളുകളും വേദനിപ്പിച്ചിട്ടുണ്ടെന്നും പ്രശാന്ത് നേരത്തെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ താരത്തെ പരിഹസിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കളിക്കുന്നത് അഞ്ചാം സീസണിലാണെന്നും 50-ാം മത്സരത്തിലാണ് ആദ്യ ഗോള്‍ നേടുന്നതെന്നും ഓര്‍ക്കണമെന്നായിരുന്നു ആരാധകരുടെ പരിഹാസം. 

Content Highlights: ISL Prasanth Goal Celebration Kerala Blasters vs Odisha FC