മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാനെ ഗോള്‍മഴയില്‍ മുക്കി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്.സി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ വിജയിച്ചത്. നാലാം മിനിറ്റില്‍ വിക്രം പ്രതാപ് സിങ്ങിലൂടെ മുംബൈ മുന്നിലെത്തി. 25ാം മിനിറ്റില്‍ താരത്തിന്റെ തന്നെ മറ്റൊരു ഗോളിലൂടെ മുംബൈ ലീഡയുര്‍ത്തി. 38ാം മിനിറ്റില്‍ ഇഗോര്‍ ആന്‍ഗുലോയുടെ ഗോളില്‍ ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌കോര്‍ (3-0). 

രണ്ടാം പകുതി ആരംഭിച്ചതിന് പിന്നാലെ എ.ടി.കെയുടെ ദീപക് താങ്ക്രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ അവര്‍ പത്ത് പേരായി ചുരുങ്ങി. തൊട്ടടുത്ത മിനിറ്റില്‍ മൗത്താര്‍ഡ ഫാളിന്റെ ഗോളില്‍ മുംബൈ ലീഡ് 4-0 ആയി ഉയര്‍ത്തി. 52ാം മിനിറ്റില്‍ ബിപിന്‍ സിങ്ങിന്റെ ഗോളില്‍ മുംബൈ പട്ടിക പൂര്‍ത്തിയാക്കി. 60ാം മിനിറ്റില്‍ ഡേവിഡ് വില്യംസ് എ.ടി.കെ മോഹന്‍ ബഗാന്റെ ആശ്വാസ ഗോള്‍ നേടി. തകര്‍പ്പന്‍ ജയത്തോടെ കഴിഞ്ഞ കളിയില്‍ ഹൈദരാബാദിനോടെറ്റ തോല്‍വിയില്‍ നിന്ന് ഗംഭീര തിരിച്ചുവരവാണ് മുംബൈ നടത്തിയത്.

മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുള്ള മുംബൈയാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഒഡീഷയ്ക്കും ചെന്നൈക്കും, എടികെയ്ക്കും ആറ് പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയതാണ് പോയിന്റ് പട്ടികയിലും മുംബൈയെ ഒന്നാമതെത്തിച്ചത്. ഒഡീഷ രണ്ടാമതും ചെന്നൈയിന്‍ മൂന്നാമതും എ.ടി.കെ നാലാം സ്ഥാനത്തുമാണ്.

Content Highlights: ISL mumbai city vs atk mohun bagan