പനാജി: കോവിഡ് ഭീഷണിമൂലം ഐ.എസ്.എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹന്‍ ബഗാന്‍-ഒഡിഷ എഫ്.സി മത്സരം നീട്ടിവെച്ചു. മോഹന്‍ ബഗാനിലെ ഒരു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടിവെച്ചത്. 

ഐ.എസ്.എല്ലിന്റെ ഔദ്യോഗിക പേജിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഏത് താരത്തിനാണ് കോവിഡ് ബാധിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ടീം അംഗങ്ങളെയും സ്റ്റാഫിനെയും വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 

നിലവില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള എ.ടി.കെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 13 പോയന്റ് നേടിയ ഒഡിഷ ഏഴാം സ്ഥാനത്ത് തുടരുന്നു.

Content Highlights: ISL match between ATK Mohun Bagan, Odisha FC postponed due to COVID-19