മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ എല്‍ ക്ലാസിക്കോ എന്ന വിശേഷണമുണ്ട് കേരള ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹന്‍ ബഗാന്‍ പോരാട്ടത്തിന്. ഇന്ത്യന്‍ ഫുട്ബോളില്‍ ബംഗാള്‍-കേരള ടീമുകളുടെ മത്സരങ്ങള്‍ക്ക് എന്നും പ്രത്യേക വീറും വാശിയുമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ച സൂപ്പര്‍ ലീഗിലും കാണാം. എട്ടാം സീസണിന്റെ ഉദ്ഘാടനമത്സരത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍വരുമ്പോള്‍ പ്രവചനങ്ങള്‍ക്ക് പ്രസക്തിയില്ല. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ബ്ലാസ്റ്റേഴ്സ്-എ.ടി.കെ. മോഹന്‍ബഗാന്‍ മത്സരം. ചരിത്രം എ.ടി.കെ. ബഗാന് അനുകൂലമാണ്. പുതിയ തുടക്കം ആഗ്രഹിക്കുന്ന സംഘത്തിന്റെ പോരാട്ടവീര്യത്തില്‍ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷയര്‍പ്പിക്കുന്നു.

isl 8th season begins with atk mohun bagan vs kerala blasters clash

പുതിയ ബ്ലാസ്റ്റേഴ്സ്

പുതിയ പരിശീലകന്‍, പുതിയ വിദേശതാരങ്ങള്‍, ഒപ്പം മികച്ച യുവസംഘം. എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷവെക്കാനുള്ള ടീമുണ്ട്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ ഇഷ്ടശൈലി 4-2-3-1 ആണെങ്കിലും രണ്ടു വിദേശതാരങ്ങളെ മുന്നേറ്റത്തിലിറക്കി 4-4-2 ഫോര്‍മേഷനില്‍ കളിക്കാന്‍ സാധ്യത കൂടുതലാണ്. അര്‍ജന്റീനക്കാരന്‍ യോര്‍ഗെ ഡയസും സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസും മുന്നേറ്റത്തിലും മധ്യനിരയില്‍ യുറഗ്വായ് താരം അഡ്രിയന്‍ ലുണയും ഇറങ്ങും. ഭൂട്ടാന്‍ താരം ചെഞ്ചോ മുന്നേറ്റത്തില്‍ പകരക്കാരനാകും. അവശേഷിക്കുന്ന വിദേശക്വാട്ടയില്‍ പ്രതിരോധനിരക്കാരന്‍ മാര്‍ക്കോ ലെസ്‌കോവിച്ചാകും. മലയാളികളായ സഹല്‍ അബ്ദുസമദിനും കെ.പി. രാഹുലിനും ആദ്യ ഇലവനില്‍ ഇടംലഭിക്കും. ജെസല്‍ കാര്‍നെയ്റോയാണ് ടീമിനെ നയിക്കുന്നത്.

കരുത്തോടെ എ.ടി.കെ.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരുമിച്ചു കളിക്കുന്ന കളിക്കാരാണ് കൊല്‍ക്കത്ത ടീമിന്റെ ശക്തി. പരിചയസമ്പന്നനായ പരിശീലകന്‍ അന്റോണിയോ ഹെബാസിന് മികച്ച ടീമിനെ വാര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നായകന്‍ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ്-മന്‍വീര്‍ സിങ് ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞസീസണില്‍ മൂവര്‍സംഘം 26 ഗോള്‍ നേടി.

ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസിന്റെ വരവ് മധ്യനിരയുടെ ശക്തികൂട്ടി. ടിറിയും കാള്‍ മക്ഹോയും ചേര്‍ന്ന പ്രതിരോധവും ശക്തം.

isl 8th season begins with atk mohun bagan vs kerala blasters clash

സാധ്യതാ ടീം

ബ്ലാസ്റ്റേഴ്സ്- ആല്‍ബിനോ ഗോമസ്, ഹര്‍മന്‍ ജ്യോത് ഖബ്ര, ലെസ്‌കോവിച്ച്, അബ്ദുള്‍ ഹക്കു, ജെസെല്‍ കാര്‍നെയ്റോ, കെ.പി. രാഹുല്‍, ജീക്സന്‍ സിങ്, സഹല്‍, അഡ്രിയന്‍ ലൂണ, യോര്‍ഗെ ഡയസ്, അല്‍വാരോ വാസ്‌ക്വസ്

എ.ടി.കെ. - അമരീന്ദര്‍ സീങ്, പ്രീതം കോട്ടാല്‍, മക്ഹോ, സുഭാശിഷ് ബോസ്, മന്‍വീര്‍, ലെന്നി റോഡ്രിഗസ്, ദീപക് ടാഗ്രി, മൈക്കല്‍ സൂസെരാജ്, ബൗമാസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

Content Highlights: isl 8th season begins with atk mohun bagan vs kerala blasters clash