ബാംബൊലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയുടെ നായകനും വില്ലനുമായി മലയാളി താരം ആഷിഖ് കുരുണിയന്‍. 84-ാം മിനിറ്റില്‍ ബെംഗളൂരുവിനെ മുന്നിലെത്തിച്ച ആഷിഖ് നാല് മിനിറ്റിന് ശേഷം ആ ഗോളിന്റെ ആനുകൂല്യം നഷ്ടപ്പെടുത്തി. 88-ാം മിനിറ്റില്‍ ആഷിഖിന്റെ സെല്‍ഫ് ഗോളില്‍ ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ബ്ലാസ്റ്റേഴ്‌സ് ഒരു പോയിന്റ് സ്വന്തമാക്കി. 

ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ ടാര്‍ഗറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. പന്ത് അധിക സമയവും ബെംഗളൂരുവിന്റെ കാലിലായിരുന്നു. 

രണ്ടാം പകുതിയില്‍ ഇരുടീമുകളും താരങ്ങളെ മാറ്റി പരീക്ഷിച്ചിട്ടും ഗോള്‍ മാത്രം അകന്നു നിന്നു. ഒടുവില്‍ 83-ാം മിനിറ്റില്‍ ബെംഗളൂരുവിന് സുവര്‍ണാവസരം ലഭിച്ചു. ഒരു ത്രോയില്‍ നിന്ന് ക്ലൈറ്റന്‍ സില്വയിലൂടെ ഗോളിന് അടുത്ത് എത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് രക്ഷകനായി. 

പക്ഷേ തൊട്ടടുത്ത മിനിറ്റില്‍ അതേ ആല്‍ബിനോയ്ക്ക് പിഴവ് സംഭവിച്ചു. ആഷിഖ് ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത ഷോട്ട് അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നു. എന്നാല്‍ ആല്‍ബിനോ പന്ത് പിടിക്കുന്നതില്‍ പിഴവ് വരുത്തി. ഇതോടെ ബെംഗളൂരു ലീഡെടുത്തു. 

പക്ഷേ ആ ലീഡിന് അധികം ആയുസുണ്ടായിരുന്നില്ല. ലെസ്‌കോവിചിന്റെ ഒരു ഗോള്‍ ശ്രമം തടയുന്നതിനിടെ ആഷിഖ് പുറത്തേക്ക് അടിച്ച ഷോട്ട് ബെംഗളൂരുവിന്റെ വലയിലെത്തി. സ്‌കോര്‍ 1-1. 

ഇതോടെ മൂന്നു മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ട് സമനിലയുമുള്ള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളില്‍ ഒന്നു വീതം വിജയവും തോല്‍വിയും സമനിലയുമുള്ള ബെംഗളൂരു നാല് പോയിന്റോടെ മൂന്നാമതാണ്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം


Content Highlights: ISL 2021 Kerala Blasters vs Bengaluru FC Live Blog