കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മികച്ച പ്രകടനത്തിനുപിന്നില്‍ പരിശീലകന്റെ തന്ത്രങ്ങളും കളിക്കാരുടെ മികവുമെല്ലാമുണ്ടാകും. മികച്ച പകരക്കാരുടെ സാന്നിധ്യവും അതിനൊപ്പം ചേര്‍ത്തുവെക്കണം.

മുന്‍കാലങ്ങളില്‍ ആദ്യ ഇലവനിലെ ഏതെങ്കിലും താരം കളിക്കാതിരുന്നാല്‍ പകരംവെക്കാന്‍ അതിനൊത്ത താരങ്ങളില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ടീം അനുഭവിച്ചിരുന്നു. എട്ടാം സീസണില്‍ അവസരം മുതലാക്കുന്ന പകരക്കാരുടെ വിജയകഥകളാണ് ടീമിന് പറയാനുളളത്.

മികച്ച റിസര്‍വ് ബെഞ്ച് കളിക്കാരാണ് പലപ്പോഴും ടീമുകളുടെ തലവര മാറ്റിയെഴുതാറുള്ളത്. ഇത്തവണ ബ്ലാസ്റ്റേഴ്സിന് മികച്ച ആദ്യ ഇലവനും അതിനൊത്ത പകരക്കാരുടെ നിരയുമുണ്ട്. കഴിഞ്ഞ കളിയില്‍ നായകന്‍ ജെസെല്‍ കാര്‍നെയ്റോക്ക് പകരം വിങ് ബാക്കായെത്തിയ നിഷുകുമാറിന്റെ തകര്‍പ്പന്‍ പ്രകടനംതന്നെ ഒടുവിലത്തെ ഉദാഹരണം. ആദ്യഗോള്‍ നേടിയതും നിഷുകുമാറാണ്. ഒന്നാം നമ്പര്‍ ഗോളി ആല്‍ബിനോ ഗോമസ് പരിക്കേറ്റ് പുറത്തായപ്പോള്‍ പകരമെത്തിയ പ്രഭ്സുഖന്‍ ഗില്‍ ഗോള്‍ഡന്‍ ഗ്ലൗ പട്ടികയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. എട്ടു മത്സരം കളിച്ച 19-കാരന്‍ ഗോളി നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കി. 22 സേവുകളുമുണ്ട്.

വിങ്ങര്‍ കെ.പി. രാഹുല്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ എത്തിയ വിന്‍സി ബാരറ്റോയും സെന്‍ട്രല്‍ ഡിഫന്‍സില്‍ പകരക്കാരനായെത്തി സ്ഥിരം സാന്നിധ്യമായ ഹോര്‍മിപാമും മറ്റ് ഉദാഹരണങ്ങള്‍. വിദേശതാരത്തെ പുറത്തിരുത്തിയാണ് ഹോര്‍മിപാമിന് പരിശീലകന്‍ അവസരം നല്‍കുന്നത്. വലതുവിങ്ങില്‍ മികച്ച താരങ്ങളുടെ സാന്നിധ്യം വിന്‍സിയുടെ അവസരം കുറയ്ക്കുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരേ പകരക്കാരനായെത്തിയശേഷമാണ് പുടിയ മിഡ്ഫീല്‍ഡില്‍ സ്ഥാനമുറപ്പിക്കുന്നത്. അതിനുശേഷം മിക്കവാറും എല്ലാമത്സരങ്ങളിലും പുടിയ ആദ്യ ഇലവനില്‍ എത്തി.

പ്രതിരോധത്തിലും മധ്യനിരയിലും നല്ല പകരക്കാരുള്ളത് പരിശീലകനും ടീമിനും വലിയ ആത്മവിശ്വാസം നല്‍കുന്നു. ഏതെങ്കിലും ഒരു താരം മാറിനില്‍ക്കുന്നത് കഴിഞ്ഞ 11 മത്സരങ്ങളിലും ടീമിന് അനുഭവപ്പെടാതെപോയത് അതിനൊത്ത ബാക്കപ്പ് ഉള്ളതിനാലാണ്.

Content Highlights: isl 2021-22 substitutes play brilliantly for kerala blasters